ഉമ്മ മരം

ർക്കും കൊടുക്കാതൊരുമ്മയെ
മുറിയുടെ ജനാലക്കൽ വച്ചു.
സൂര്യ വെളിച്ചം കൊണ്ട്
നിലാവിൽ തിളങ്ങി
പല ചുണ്ടുകളെ
സ്വപ്നം കണ്ടത് കിടന്നു.

ജനലിൽ വലിഞ്ഞ് കേറിക്കളിക്കും
കുഞ്ഞിന്റെ കാൽ തട്ടി ഉമ്മ
നിലത്തേക്ക് പിടഞ്ഞ് വീണു.
പിന്നെയത് പലരു തട്ടി, പൊടിയടിച്ച്,
നനഞ്ഞ്, വിയർത്ത്, കുട്ടിക്കരണം മറിഞ്ഞ് നടന്നു.

മലയിറങ്ങി
പുഴ നീന്തി
കാട് താണ്ടി വരും
കാറ്റൊരിക്കൽ
ഉമ്മയെയെടുത്ത് കൊഞ്ചിച്ചു
താരാട്ടിയാടി
മണ്ണിൻ മെത്തമേൽ കിടത്തി.

നാഗത്താളി പടർന്ന
തൊടിയിലിപ്പോൾ
ചുണ്ട് പോലത്തെ
ഇലകളിളക്കി
"മ്മ് അ' എന്ന് കാറ്റിലൂതി
ഒരു മരമുണ്ട്.

വിത്തിനകത്ത് കൂമ്പി നിന്ന്
നിന്റെ ഉടലിലേക്ക്
പറന്ന് വീഴാൻ
വേരു മുറുക്കി കാത്തിരിക്കുന്നത്.
"ഉ' എന്ന് ചുണ്ട് വട്ടപ്പെടുത്തി
ഏതു നേരത്തും പുറത്ത് ചാടാൻ വെമ്പി


രഗില സജി

കവി. അൽ സലാമ കോളേജ് ഓഫ് ഒപ്റ്റോമെട്രിയിൽ ലക്​ചറർ. മൂങ്ങയിൽനിന്ന് മൂളലിനെ വേർപെടുത്തുംവിധം, എങ്ങനെ മായ്ച്ചുകളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments