ശരീര കവിതകൾ

നിദ്രാഹാനി

1.

ഉറക്കം മുറിച്ച്
രാത്രി മുറിച്ച്
വല്ലാത്തൊരു സ്വപ്‌നം
പറന്ന് നടക്കുന്നു.
അത് വന്ന് നക്കുമ്പോൾ
മുളയിൽ വെള്ളം തട്ടിയ പോലെ
ഞാനുണരുന്നു.
അതിന്റെ നാക്കിൽ നിന്നും
വിരലിലേക്ക്
പടരുന്ന കവിതയുടെ അകം
വിടർന്ന് കൂമ്പി.

രാവിലെ നാക്ക് കുഴഞ്ഞ
ഒരു മൃഗത്തെ
പുതപ്പിൽ നിന്നും വടിച്ച് മാറ്റി.

2.

പേടിയുടെ
കുഴലിൽ നിന്ന്
തോന്നലുകളെ വലിച്ചെടുത്തു.
ഒട്ടലുള്ള ഒരു മണം.
അറപ്പു തോന്നി.
എന്നിട്ടും ഉറങ്ങാത്ത ഒരു വിരൽ രാത്രിയെ
മീട്ടിക്കൊണ്ടിരുന്നു.
രാത്രി മെരുങ്ങാത്ത
ഒരു വളർത്തുമൃഗമായി പിടച്ചുകൊണ്ടിരുന്നു.
ഉച്ചസ്ഥായിയിലെ കമ്പനത്തിനൊടുവിൽ
ഞാനെന്നെ കണ്ടു.
അകം കിതച്ച്
കൈ കഴുകി ഉറങ്ങാൻ ശ്രമിച്ചു.

കൊഴുപ്പ് തിന്ന് ചീർത്ത് പോയ ഒരു വിരൽ
മുറിക്കുള്ളിൽ ആരും കാണാതെ
ഒളിപ്പിച്ച് പതിവ് പോലെ പുറത്തിറങ്ങി, പുലർച്ചെ

ഉടൽക്കടൽ
ശരീരമഴിച്ച് കരയിൽ കണ്ട
ഒരു മരക്കുറ്റിയിൽ തൂക്കിയിട്ടു.
വെള്ളം ഇങ്ങോട്ടടുക്കും മുമ്പേ
കടലിലേക്കിറങ്ങി.
ഉടുപ്പുകളിൽ വെള്ളം
ഒഴുക്കുപണികൾ ചെയ്തു
ആകാശ നിറമുള്ള
പാവാടയിൽ നക്ഷത്ര മീനുകൾ
ഉരുമ്മി മിന്നി .
കുപ്പായം തെന്നി നീങ്ങിയ
വിടവിൽ പിച്ചി പോലൊരു കടൽ പൂ
ഇക്കിളിപ്പെടുത്തി.
അഴകിലാകെ ചെമ്പരത്തിക്കാടു
തൂവിയ ആഴം.
ആഴ്ന്നു പോകുമ്പോഴും ശ്വാസത്തിലലിയാൻ
കാത്ത് നിൽക്കുന്ന ശംഖനാദങ്ങൾ .
ഷെല്ലുകളിലെ പാട നീക്കി നക്കി നോക്കി
കടലാമകൾ .
പാവാട ഞൊറികൾക്കൊപ്പം
താളമിട്ടു പവിഴപ്പുറ്റിൻ കൂട്ടം.

അത്യാനന്ദത്തിൽ
നമ്മളുണ്ടായ വെള്ളത്തിന്നോർമ്മ തുള്ളി.

കടൽ മണത്തിന്നത്തറ് പൂശി
ഉപ്പു പറ്റിയ ഉടുപ്പ് കുടഞ്ഞ് കരയിലേക്ക് കയറി.
ഉടലണിഞ്ഞു.
കടൽ വിത്ത് പറ്റിയ പൊക്കിൾ കാട്ടി വെളിച്ചത്തിലേക്ക്
നടന്നു


രഗില സജി

കവി. അൽ സലാമ കോളേജ് ഓഫ് ഒപ്റ്റോമെട്രിയിൽ ലക്​ചറർ. മൂങ്ങയിൽനിന്ന് മൂളലിനെ വേർപെടുത്തുംവിധം, എങ്ങനെ മായ്ച്ചുകളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments