മൂകം
ഊമകൾ മാത്രമുള്ളൊരു വീട്ടിൽ
ഒരു രാത്രി ഞാനെത്തപ്പെട്ടു.
രുചികരമായൊരത്താഴത്തിനു ശേഷം
അവരുടെ വീട്ടുവരാന്തയിൽ
എല്ലാവരും ചേർന്നിരുന്ന്
എനിക്കായി
പാടുവാൻ തുടങ്ങി.
ഇത്രയും ശബ്ദശൂന്യമായൊരു
സംഗീതസദിര്
നാളതുവരെ കേട്ടിരുന്നില്ല.
അവരുടെ മുഖങ്ങളിലും
ഭാവഹാവാദികളിലും
അതിന്റെ മാസ്മരമായ ആനന്ദം
നിറഞ്ഞു നിന്നു.
എനിക്കതെന്റെ കണ്ണാൽ
കേൾക്കാനാവുമായിരുന്നു.
മൗനം മാത്രം
നിറഞ്ഞു കിടക്കുമൊരിടത്ത്
സംഗീതത്തിനു
വേറിട്ടെന്തു പ്രസക്തി?
ബധിരം
നഗരത്തിൽ
ബധിരരുടെ സംഗീതക്കച്ചേരി.
പാടുന്നവരും
ഉപകരണവായനക്കാരും
ബധിരരായിരുന്നു.
കേൾവിക്കാരിലെത്രപേർ
ബധിരരായിരിക്കുമെന്ന്
എനിക്ക് തിരിച്ചറിയാനായില്ല.
കൃത്യമായ താളത്തിൽ
കൃത്യമായ ശ്രുതിയിൽ
ആരോഹണാവരോഹണങ്ങളിൽ
അവർ പാടി.
അവരുടെ ഉപകരണങ്ങൾ
അകമ്പടിയായി.
അവരുടെ ശരീരവും ശാരീരവും
ഒത്തുചേർന്ന പോലെ.
അത്രയും തീക്ഷ്ണമായി
ഞാനൊരിക്കലുമാസ്വദിച്ചിരിക്കില്ല
സംഗീതം.
അവർ പാടുന്നത്
കേൾക്കില്ലവരൊരിക്കലും.
പാടുമ്പോഴുമവരുടെയുള്ളിൽ
സംഗീതഹൃദയം മൗനമായി
മിടിക്കുകയാവും.
അവനവനെ കേൾക്കാനാവാത്തിടത്താവും
സംഗീതത്തിന്റെ ഉച്ചസ്ഥായിയിൽ
പ്രപഞ്ചം മൗനമാവുക.
ആന്ധ്യം
അന്ധരൊക്കെയും
ഇത്ര മധുരമായി പാടുന്നതെന്താണ്?
തെരുവിലാൾക്കൂട്ടത്തിനിടയിൽ
സംഗീതത്തിന്റെ നൂലിൽപ്പിടിച്ചു
പോകുമൊരുവളോട്
ഞാൻ ചോദിച്ചു:
അന്ധനായിരിക്കുകയെന്നാൽ
ലോകത്തെ കാണാതിരിക്കുകയെന്നല്ല,
അവൾ പറഞ്ഞു:
അന്ധനോളം ലോകത്തിന്റെ നിലാവിലലിയാൻ
ചുറ്റും നിറയും മൗനത്തിലുമാർപ്പിലും
മന്ദസമീരണനായൊഴുകും
സംഗീതച്ചിറകിൽപ്പറക്കാൻ
സൂക്ഷ്മലോകത്തിന്റെ വേദനകളിൽ
സ്പന്ദിക്കാൻ ആർക്കാവും?
അതാണ്, അങ്ങനെയാണ്
അന്ധൻ പാട്ടുകാരനാവുന്നത്.
കാണാത്തവയെ കേൾപ്പിക്കാൻ.
അന്ധകാരത്തിലും പ്രകാശകിരണങ്ങളായ്
ശബ്ദസാന്നിദ്ധ്യമാവാൻ.
കാണാപ്പിറകിലെ ശ്വാസഗതിയറിയാൻ.
അന്ധനാവും കേൾപ്പിക്കാൻ
കടലിനെ.
അനുഭവിപ്പിക്കാൻ
കാടിന്റേയും മരുവിന്റേയും
ഏകാന്തത.
സ്പന്ദിക്കാനാവാത്ത ഹൃദയത്തിന്റെ
വിഷാദമൂകത.
കേൾപ്പിക്കാനാവും
പ്രപഞ്ചതാളം.
ജീവന്റെ ലയം.
വെളിച്ചത്തിന്റേയും
മൃതിയുടേയും ശ്രുതിഭേദം.
അവനവനിലെ മൗനരതി.
ഓങ്കാരം.▮