റഫീക്ക് അഹമ്മദ്

ബാങ്കൊലി കേൾക്കുമ്പോൾ
പരമകാരുണികനും
കരുണാനിധിയുമായ ദൈവത്തെ ഓർക്കാറില്ല.
അർത്ഥമറിയുമ്പോൾ ചുരുങ്ങിപ്പോവുന്ന
ശബ്ദത്തിന്റെ മരുവിസ്താരങ്ങളെ,
വാക്കുകൾക്കുള്ളിൽ അടക്കം ചെയ്യപ്പെട്ട
ഹതാശവും ദുഖഭരിതവുമായ തേട്ടങ്ങളെ
സ്വർഗത്തെ, നരകത്തെ...
ഇല്ല, ഓർക്കാറില്ല.

ബാങ്കൊലി കേൾക്കുമ്പോൾ
ബാവുട്ടിമുസ്‌ല്യാരെ ഓർക്കും
(അത് കേവലം പ്രാസഭംഗികൊണ്ടല്ല.)
എന്തെന്നാൽ അയാൾ ഒട്ടകത്തെപ്പോലെ കഴുത്തുനീട്ടി
ബാങ്കു വിളിക്കുകയും
മുട്ടനാടിന്റേതു പോലുള്ള താടിയുഴിഞ്ഞ്
ഓത്തു പഠിപ്പിക്കുകയും ചെയ്തുപോന്നു.
ഞങ്ങൾക്ക് സംശയമേതുമുണ്ടായിരുന്നില്ല,
അയാളാണ് പെണ്ണിനെ ഉൾമുറികളിൽ അടച്ചിട്ടത്.
അവൾക്ക് ലോകവെളിച്ചം വിലക്കി ഇരുൾവസ്ത്രങ്ങൾ നൽകിയത്.
അയാളാണ് അസംബന്ധം നിറഞ്ഞ അനുഷ്ഠാനങ്ങളിൽ
മസ്തിഷ്കങ്ങളെ ഭയം കൊണ്ടും മിഥ്യകൊണ്ടും കഫൻ ചെയ്തത്.
ഹലാലും ഹറാമുമാക്കി പ്രപഞ്ചസൗന്ദര്യത്തിന്മേൽ
ചൂരൽ വിളയാടിയത്
അരുതുകളുടെ അസംഖ്യം അതിരുകൾ തീർത്ത്
സ്വാഭാവികതകളെ ചേലാകർമ്മം ചെയ്തത്.
കലകളും സംഗീതവും വടിച്ചുകളഞ്ഞ്
ഭാവനയെ മുണ്ഡനം ചെയ്തത്
ഗ്രന്ഥപ്പുരകൾ ചുട്ടെരിച്ചത്.
അയാൾ തന്നെയായിരിക്കണം ശാന്തിക്കുമേൽ തീപ്പടക്കം എറിയുന്നത്.
ഇനി നാളെ
മരണാനന്തരകവാടത്തിനു മുന്നിൽ ചാട്ടവാറുമായി നിൽക്കുക
സ്വർഗ നരകങ്ങളുടെ നിയന്താവായ അയാൾതന്നെ.

ആയതിനാൽ ഒരു ദിവസം..
അയാളുടെ ഉച്ചമയക്കത്തിന്റെ ജനാലയ്ക്കരികിൽ ഞങ്ങൾ ചെന്നു.
തുളവീണ ബനിയനും മുഷിഞ്ഞ കള്ളിത്തുണിയും
ഉയർന്നു താഴുന്ന നെഞ്ചും കണ്ടു,
ചുമരാണിയിൽ തൂക്കിയിട്ട വെളുത്തകുപ്പായം
ഒരു മുളങ്കോലുകൊണ്ട് ഞങ്ങൾ പതുക്കെ തോണ്ടിയെടുത്തു.
അതിന്റെ കീശയിലെ പതിനേഴര ഉറുപ്പിക എടുത്തു.
മടക്കു കടലാസുകളും രശീതുകളും കളഞ്ഞു.
ദാരിദ്ര്യത്തോട് വിലകുറഞ്ഞ ഊദ്മണം കലരുമ്പോഴത്തെ
അതീവ വ്യാകുലമായ മണം ഞങ്ങളെ ചെടിപ്പിച്ചു.
ആ കുപ്പായം തോട്ടിലേക്ക് വലിച്ചെറിഞ്ഞു.
എട്ടു മാസത്തിനു ശേഷം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു അയാൾ.
അങ്ങനെ അയാളിപ്പോൾ പോകേണ്ട എന്നു ഞങ്ങൾ നിശ്ചയിച്ചു.
അയാളുടെ വീടരും മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞൈശുവും
അവിടെ കാത്തിരിക്കട്ടെ.
ഐനാസുപൊതി ഉറുമ്പരിച്ചു പോകട്ടെ.

എന്നാൽ,
അന്നത്തെ ബാങ്കുവിളി പതിവിലും ദീനമായിരുന്നു
ഉൾക്കാട്ടിലെ മുറിവേറ്റ ഏതോ ജന്തുവിന്റെ കരച്ചിൽ പോലെ.
അതിന്റെ മൃഗാഴം പിന്നെ ഒരിക്കലും നികന്നില്ല.
ഇപ്പോഴും
ബാങ്കൊലി കേൾക്കുമ്പോൾ ബാവുട്ടിമുസ്‌ല്യാരെ മാത്രം
ഓർക്കുന്നു..


റഫീക്ക് അഹമ്മദ്

കവി, നോവലിസ്റ്റ്, ഗാനരചയിതാവ്. സ്വപ്‌നവാങ്മൂലം, പാറയിൽ പണിഞ്ഞത്, ആൾമറ, റഫീക്ക് അഹമ്മദിന്റെ കവിതകൾ എന്നീ കവിതാ സമാഹാരങ്ങളും അഴുക്കില്ലം എന്ന നോവലും പ്രധാന കൃതികൾ.

Comments