സിന്ധു നായർ

റാമ്പ് അഥവാ
ദൈവത്തിലേക്കൊരു
വാതിൽ

പുലരി;
ദൈവം, സ്വർണ്ണക്കുതിരകളെ പൂട്ടിയ
സൂര്യന്റെ തേരിൽ, സവാരിക്കിറങ്ങുന്നു

തേര്;
ഭൂമിയിൽനിന്ന് മുകളിലേക്ക് പറക്കുന്ന
ദീനതയുടെ ചിറകുകൾ പാടെ മറച്ച്
മേഘപാളികളിലേക്ക്.

ദൈവം;
എന്നത്തേയും പോലെ ഭാഗ്യമുള്ളവന്റെ,
മേഘകൊട്ടാരത്തിന്റെ,
മഴവിൽമട്ടുപ്പാവിലെ സ്ഫടികച്ചില്ലുള്ള
ആരാധനാലയത്തിൽ ഉപവിഷ്ടനാകുന്നു.

താഴെ;
ആകാശത്തുനിന്ന് ഭൂമിയിലേക്ക് പണിത,
നീണ്ട പടിക്കെട്ടുകളുടെ അറ്റത്ത്
ചിറകൊടിഞ്ഞൊരു പക്ഷിക്കുഞ്ഞ്.
അവൾ പറ്റിച്ചേർന്നിരിക്കുന്ന
തീപുകയുന്നോരമ്മനെഞ്ച്.

ഒരു മിന്നാമിനുങ്ങ്;
വെട്ടം മാഞ്ഞൊരു കണ്ണിൽ നിന്നും,
തൊടാൻ കഴിയാത്തയാ ദൈവത്തിന്റെ നാട്ടിലേക്ക്
മിന്നൽപ്പിണറായി യാത്ര പോകുന്നു,
പടിക്കെട്ടുകളിൽ ചിറകു പിടഞ്ഞുവീഴുന്നു.

മഴ;
അമ്മയുടെ കണ്ണിലും,
പടികയറുന്നവരുടെ ബൂട്ടിട്ട പാദങ്ങളിലും
പിടഞ്ഞു കരയുന്നു.

പക്ഷി,
ദൈവം നിലാവായി
താഴെയെത്തുന്ന രാത്രി സ്വപ്നം കണ്ട്
തണ്ടൊടിഞ്ഞ ആമ്പലായി നൊന്തു ചിരിക്കുന്നു.


Summary: Rambu adhava daivathilekkoru vaathil, Malayalam poem written by Sindhu Nair published in Truecopy webzine packet 252.


സിന്ധു നായർ

കവി, അദ്ധ്യാപിക, ഗാനരചയിതാവ്, എഴുത്തുകാരി. അമേരിക്കയിലെ ബോസ്റ്റണിൽ താമസം. ‘ഒക്ടോബർ’ ആദ്യ കവിതാസമാഹാരം.

Comments