1. നാരങ്ങ
ഓറഞ്ചും ഇളം പച്ചയും ചേർന്ന്
ഒലീവെണ്ണ പുരട്ടി
തുടുത്തുരുണ്ട്
കൈക്കുമ്പിളിലേക്കൊതുങ്ങാൻ
കാത്തുനിൽക്കുന്ന
മനോഹരശില്പം.
സ്വപ്നത്തിൽപോലും
മുഖത്തൊരു പുഞ്ചിരി വിടർത്തുന്നൂ,
അടുത്തേക്കു വിളിക്കുന്ന
മാദകഗന്ധം.
ഏകാന്തതയിൽ
അതൊന്നു വിടർത്തിനോക്കിയാലോ,
സ്നിഗ്ദ്ധതക്കുള്ളിൽ തീവ്രഗന്ധം,
കണ്ണിലേക്ക് ചുനതെറിപ്പിക്കുന്ന
സുഖാലസ്യമുണ്ടാക്കുന്ന എരിവ്.
അപ്പോഴും
അകറ്റാനാകാതെ
മധുരത്തിന്റെ പുഞ്ചിരിപ്പൂവിളി
കയ്പും മധുരവും
ചവർപ്പും പുളിയും
സങ്കടത്തിന്റെ വശ്യഗന്ധവും ചേർന്ന
പ്രണയമധുരം
എവിടെയാണതുള്ളതെന്ന്
വട്ടം പിടിക്കേ
ചുളകൾ,
അല്ലികൾ, അല്ലികൾ, അല്ലികൾ
വിരലിലും കനവിലും
ഒട്ടിപ്പിടിക്കുന്ന മധുരഗന്ധം.
വിസ്മയങ്ങളുടെ വൻകടലൊളിപ്പിച്ച
ഒറ്റത്തുള്ളി.
2. ചെമ്പകം
മലയിറങ്ങി
അടിവാരത്തെ ഗ്രാമങ്ങളിലേക്ക്
വളഞ്ഞുപുളഞ്ഞിറങ്ങുന്ന പുത്തൻപാത.
ഇരുവശവും
നിറയെപ്പൂത്ത ചെമ്പകച്ചില്ലകൾ.
വേറെ വാഹനങ്ങളില്ല, വഴിനടത്തക്കാരില്ല.
ചെമ്പകഗന്ധത്തിൽ
നേർപ്പിച്ചെടുത്ത തണൽ മാത്രം.
ചെമ്പകച്ചില്ലകൾ
തോളിൽ പിടിക്കുന്നു
മൊട്ടുകൾ പുറത്തമരുന്നു
ചെവിയിൽ ഇക്കിളിയുടെ സുഖം മന്ത്രിക്കുന്നു.
പൂക്കളുടെ
വിളറിയ ചന്ദനവർണ്ണം പാർക്കെ
ഉന്മാദം ബാധിച്ച ചക്രങ്ങളോട്
മെല്ലെ, മെല്ലെ എന്ന്
മന്ത്രിക്കുന്നൂ ബെല്ല്
വയറ് ചുറ്റിപ്പിടിച്ചൊരു പൂങ്കുല
കവിളിൽത്തൊടുമ്പോൾ
ഉമ്മ ഉമ്മ ഉമ്മ എന്ന്
ഒച്ചയുണ്ടാക്കിപ്പറക്കുന്നൂ പക്ഷികൾ.
വളവിൽ
ചെമ്പകച്ചില്ല ചായ്ച്ച്
പൂമൊട്ടുകളുടെ കഴുത്തിലെ മിനുപ്പിൽ
നാവു പായിക്കേ
വളവും നിരത്തും വിട്ട്
സൈക്കിളും
ചെമ്പകത്തിന്റെ രൂപകങ്ങളും
മഴവിൽനിറമുള്ള കവിതകളായി
ആകാശപാതയിലൂടെ
താഴോട്ട്
തെന്നിത്തെന്നിപ്പോകുന്നു.