1. പച്ചയ്ക്ക് മുറിച്ചപ്പോൾ
ചെരുപ്പിന്നളവിനു
പാകമാക്കിയിട്ടുണ്ടു
നടക്കാനിപ്പോൾ സുഖം
റൂട്ടുമാർച്ചതിൽ സുഖം
ഉടുപ്പിൻ പാകത്തിലേ-
ക്കൊതുക്കി നിർത്തീട്ടുണ്ടു;
തൊപ്പിക്കു പാകപ്പെടാൻ
വിധത്തിലതും ശരി
കസേരയ്ക്കാവശ്യമാം
പരുവം ഉരുണ്ടതും
ചിന്തേരിട്ടപ്പോളിരി-
പ്പൊന്നാകെ രസമായി
കട്ടിലിൻ വലിപ്പത്തി
നൊപ്പിച്ചു, കിടപ്പതി-
സ്വച്ഛമായ് പുതപ്പിപ്പോൾ
എത്തുന്നുണ്ടതും സുഖം
വക്കത്തു ചോര പൊടി-
ഞ്ഞിരിക്കുന്നില്ലേ പാകം
പച്ചയ്ക്കു മുറിച്ചപ്പോൾ
ജീവിതം എൻപിരാനേ...
2. ഉരിയാട്ടം
ഭയമൊട്ടുമേയിപ്പോൾ
എനിക്കില്ലല്ലോ വാതിൽ,
ജനലും ഇടയ്ക്കിടെ
തുറക്കാറുണ്ടു, നിത്യം
വരികില്ലല്ലോ ഇനി
ത്തേടി നീ എന്നെയൊട്ടും
അരുതായ്കകളില്ല
ശുദ്ധമാനസൻ ഞാനേ
മുടങ്ങാതെന്നും ജിമ്മും
യോഗയും ഗുളികയും
അരിയാഹാരം തീരേ
കഴിക്കുന്നതു നിർത്തി
ചവച്ചുതന്നെ വെള്ളം
കുടിക്കും, ചായ, കാപ്പി
വഴിയോരത്തെക്കട
ഒക്കെയും ഒഴിവാക്കി
ഉടുക്കും തോർത്തു കുളി
മുറിയിൽപ്പോലും, നഗ്ന
രഹസ്യ,മതുപോലും
കാണാത്ത ശീലം പോരേ?
കൈയുകൾ ഉയർത്തില്ല
മുഷ്ടിയേയാക്കുന്നില്ല
കാലിന്മേൽ കാൽകയറ്റി
വയ്ക്കുന്നേയില്ല, സ്വസ്ഥം
ഞാൻ തന്നെയിടയ്ക്കിടെ
പിടിച്ചു നോക്കും വായിൽ
നാവുണ്ടോ? ഉരിയാട്ടം
നിന്നപദാനം ... പുണ്യം…