1.ജംഗ്ഷൻ
വഞ്ചിയൂരിൽ,
മാഷാകാൻ പഠിക്കുമ്പോൾ,
ബേക്കറി ജംഗ്ഷനിലെ തട്ടുകടയിൽ,
ദോശയും ചട്ണിയും
കഴിക്കാനിരിക്കും
രാത്രിയിൽ.
മെലിഞ്ഞു നീണ്ട് കാരുണ്യം പോലൊരാൾ,
മാവൊഴിച്ച് ദോശയുണ്ടാക്കി,
ചട്നിയും സാമ്പാറുമൊഴിച്ച്
നീട്ടിത്തരുമ്പോൾ ചോദിക്കും
ഈ രാത്രിക്ക്
ഇതെന്താവാനാണ്?
കിടക്കുമ്പോളൊരു,
പഴം കഴിക്കുമെന്നയാളെ സമാധാനിപ്പിക്കും.
ദോശയിലെ ചെറുസുഷിരങ്ങളിൽ
തെരുവുവിളക്കുണ്ടാക്കിയ നക്ഷത്രത്തരികൾ.
ഞാനേതാണെന്നയാൾക്കറിയില്ല, ഞാനെന്തു ചെയ്യുന്നുവെന്നറിയില്ല, ദോശ കഴിച്ച,
മൂന്നോ നാലോ രാത്രികൾക്കിടയിൽ
സഹജീവികളെന്നുള്ളൊരാധി,
ആ രാത്രികൾ
ഞങ്ങൾക്കിടയിൽ
പകുത്തുകൊണ്ടിരുന്നു.
കുട്ടികൾക്കൊപ്പം
കവിത ചൊല്ലിയിരിക്കുമ്പോഴായിരിക്കാം,
കഥ പറയുന്നതിന്നിടയിലായിരിക്കാം,
എത്രയോ രാത്രികൾക്കപ്പുറത്തുനിന്ന്,
അപ്രതീക്ഷിതമായുണ്ടാകുന്നൊരു
തോന്നൽപോലെ,
അയാൾ വന്നുകയറും.
ഒന്നും മിണ്ടാതിരുന്ന്
ഞാൻ കുട്ടികളോടെന്തു പറയുന്നെന്നു കേട്ട്,
ഒട്ടൊരാകുലതയോടെ,
പതിയെ ചിരിച്ചുമടങ്ങും.
ഒരാളെ മരണത്തിന്നപ്പുറത്തേക്ക് കൊണ്ടുപോകുന്ന ചരിത്രത്തിൽ ആരൊക്കെ ഉണ്ടാവും?ചരിത്രമെഴുതുന്ന
സുഹൃത്തിനോട് ഞാൻ ചോദിക്കുന്നു.
2.മനസ്സിലാവൽ
തിരുവനന്തപുരം
ആയുർവേദ കോളേജിനരികിലുള്ള
കടയിലുണ്ടായിരുന്നു,
മാഷാകാൻ പഠിക്കുന്നവർക്കു വേണ്ട
സ്കെച്ചു പേനകൾ,
മാർക്കറുകൾ,
പലതരം പശകൾ, ക്ലിപ്പുകൾ, നൂലുകൾ, പേപ്പറുകൾ, പേനകൾ, നിറങ്ങൾ.
ചാർട്ടിൽ,
മാർക്കർ കൊണ്ടെഴുതണം,
കുട്ടികൾക്കെല്ലാം മനസ്സിലാകാൻ.
പുതിയ പദങ്ങൾ, വിപരീതങ്ങൾ പര്യായങ്ങൾ, സമാന വരികൾ.
ഹോസ്റ്റൽ ഫീസ് അടച്ചിട്ടില്ല,
ഭക്ഷണത്തിനുള്ള പണം തികച്ചില്ല.
ആ കട
എനിക്ക് മുന്നിൽ
അതുപോലെ തന്നെ നിന്നു.
പഠിപ്പിക്കാനെടുക്കാത്തൊരു,
പാഠമെന്ന പോലെ.
പുതിയ പദങ്ങളോടും
പര്യായങ്ങളോടും നാനാർത്ഥങ്ങളോടും
കടം പറഞ്ഞു.
സമാന വരികളെഴുതിയ
കൂട്ടുകാരിയുടെ ചാർട്ടുകൾ
വായ്പയെടുത്തു.
ബോർഡിലെഴുതിയ വാക്യം ചൂണ്ടി,
മനസ്സിലായോ?
കുട്ടികളോട് ചോദിച്ചു.
അവർക്കെല്ലാം മനസ്സിലാവും.