രാഹുൽ മണപ്പാട്ട്

രണ്ടാണുങ്ങൾ
വലുതാവുന്നത്

രുപത്തിയെട്ടാം വയസ്സിൽ
എനിക്കും അവനും
രണ്ട് സ്ത്രീകളുണ്ടായി.

അവന്റെ കാമുകിക്ക്
മറുകുണ്ടായിരുന്നു,
ഇടത് ചെവിയിൽ.

എന്റെ കാമുകി
സദാ കണ്ണെഴുതി
കോവിലിൽ പോയി.

എനിക്കും അവനും
ഭാഷ മറന്ന ഒരാളുടെ
കിതപ്പ് തന്നെയായിരുന്നു.
കിതച്ച് കിതച്ച്
ഞങ്ങളൊരു ഗ്രാമം തന്നെ
സ്വന്തമാക്കിയിട്ടുണ്ടായിരുന്നു.

ഞങ്ങളുടെ
യൗവനകാലവും
മഴക്കാലവും ഒരുമിച്ചു
വന്ന രാത്രിയിൽ
അവനെന്നെ ഉമ്മ വച്ചു.
ഞങ്ങൾ
മഴക്കാലത്തെ തുരത്താനുള്ള വിദ്യ
അന്ന് മുതൽ
പഠിച്ചു തുടങ്ങി.

അതിനുശേഷം
ആരുമറിയാതെ
രാത്രിയിൽ
ഒരേ പുതപ്പിൽ
ഉറങ്ങാനുള്ള മഞ്ഞുകാലം
ഞങ്ങളുടെ ഗ്രാമത്തിൽ
വന്നുകൊണ്ടിരുന്നു.
മറ്റാർക്കും പറഞ്ഞുകൊടുത്തില്ല
ഞങ്ങളത്.

കുട്ടിക്കാലത്ത്
ചോറും കറിയും വെച്ചുകളിക്കുമ്പോൾ
അവനെനിക്കെന്നും
എന്റെ കുഞ്ഞാണെന്ന് തോന്നി.
ചുരത്താനാവാത്ത
മുലഞെട്ടിൽ പിടിച്ച്
നീ ആൺകുട്ടിയാണെന്ന്
പറഞ്ഞ് ആരോ
വരും,
ഭൂതം കെട്ടിയിട്ട്.

ഞങ്ങൾക്ക് മീശ വന്നത്
ഒരുമിച്ചായിരുന്നു.
ഒരുമിച്ചായിരുന്നു
ഞങ്ങളുടെ
നെഞ്ചിൽ
പക്ഷികൾ പറന്നുവന്നത്.

ഞങ്ങൾ പരസ്പരം
കൊത്തിത്തിന്നുന്ന
വിത്തുകൾ പലതും
മുളച്ചു.
അതിലൊരു പൂമരം
പിന്നെ പൂവിട്ടതേയില്ല.

അച്ഛമ്മ മരിച്ചതിനുശേഷം
അവന്റെ മുടി നിറയെ
പേനുകളായിരുന്നു.
നെറ്റിയിലേക്ക് പാളി നോക്കുന്ന
പേൻ കുഞ്ഞുങ്ങളെ
ഞങ്ങളെത്ര ഉച്ചകളിൽ
പ്രേമത്തോടെ
പരസ്പരം കൊന്നു.
എന്നിട്ടും
അച്ഛമ്മയുടെ വാശി
തീർന്നില്ല.
മൊട്ടച്ചി തള്ളയുടെ
പ്രാക്കാണെന്ന്
അവൻ പുലമ്പി ചിരിക്കും.

അവൻ ചിരിക്കുമ്പോൾ
കോമ്പല്ല് തെളിയും.
നീ കഴിഞ്ഞ ജന്മത്തിൽ
ഒരു മുയൽകുഞ്ഞാണെന്ന്
എത്ര തവണ പറഞ്ഞിരിക്കുന്നു
അവനോട്.
ജന്മാന്തരങ്ങളുടെ
പ്രേമതികട്ടൽ
ഇപ്പോഴും തൊണ്ടയിൽ
വന്ന് നിറയൂമ്പോലെ
ഞാൻ മുറിയടച്ച്
കിടക്കും.
ഉച്ചയുറക്കങ്ങളിൽ
“ഇലഞ്ഞിപ്പൂമണം
കൊഴിഞ്ഞുവീഴും കാലമെന്ന്”
ഞങ്ങളുടെ ഓർമയിലെ
രണ്ട് ചെക്കന്മാർ
വന്ന് പറയും.

മരിക്കുന്നതുവരെ
കൂടെ നിൽക്കാമെന്നും
ഉറക്കത്തിൽ കരയുമ്പോൾ
കെട്ടിപ്പിടിച്ച് കിടക്കാമെന്നും
വേലയ്ക്ക്
എല്ലാ കൊല്ലവും പോകാമെന്നും
വാക്ക് പറഞ്ഞതും
അതേ അതിരിൽ നിന്ന് തന്നെ.

അവിടെയിപ്പോൾ
മറ്റാരോ സ്ഥലം വാങ്ങി
വീടു വെച്ചു.
അവരുടെ മുറ്റം നിറയെ
പൂക്കളുടെ വെയിൽ
മാത്രം.
ഞാനാ വഴി ഉപേക്ഷിച്ചു.

ഒരു വാവ് കാലത്ത്
ഇരുട്ടിൽ
ഉടലുകൾ വിറകുകളാക്കി
തീകായും നേരം
ഞാനവന്റെ ചെവിയിൽ
മന്ത്രിച്ചു.
“നീ എന്റേത്
ഞാൻ നിന്റേത്”

പോകെ പോകെ
ഞങ്ങൾ വലുതായി
വന്നു.
അവന്റെ അപ്പാർട്ട്മെന്റിൽനിന്ന് നോക്കിയാൽ
ഞങ്ങൾ
ജീവിക്കാത്ത ഒരു
ഗ്രാമം കാണാമായിരുന്നു.
എനിക്ക് ജനവാതിലുകൾ
മതിയെന്ന് പറഞ്ഞ്
വീട് വിട്ടതേയില്ല.

ഒരിക്കൽ
അവൻ കാമുകിയുമായി
വീട്ടിൽ വന്നപ്പോൾ
എന്റെ കാമുകി
പാലൊഴിച്ച
കടുംചായ കൊടുത്തു.
വിശപ്പുമാറുവോളം
പുന്നെല്ലിൻ ചോറ്
വിളമ്പിക്കൊടുത്തു.
നാവിൽ തൊടാൻ
അവനിഷ്ടമുള്ള
ഓർക്കാപ്പുളി ഉപ്പിലിട്ടതും.

അപ്പോൾ
പുറത്ത്
കാലംതെറ്റി വന്ന
ഒരു മഴ ഞങ്ങളെ
തൊട്ടുവിളിച്ചു.

കേൾക്കാത്ത പോലെ
കാണാത്ത പോലെ
ഞങ്ങൾ രണ്ടാണുങ്ങൾ
വലുതായെന്ന് പറഞ്ഞ്
പരസ്പരം പിരിഞ്ഞു.

അതിനുശേഷം
പിരിഞ്ഞുപോയ
രണ്ടാണുങ്ങളോളം
അരക്ഷിതാവസ്ഥയൊന്നും
ഭൂമിയിൽ
ബാക്കി നിന്നില്ല.

Comments