രണ്ടു ദേവതകൾ

വിജനപാതിരയ്ക്ക് കടപ്പുറത്തെ
പൂഴിയിൽ മുടിയഴിച്ചിട്ട്
ശയിക്കുകയായിരുന്ന
മെട്രോസിറ്റിയുടെയും
കോർപ്പറേഷന്റെയും ദേവതമാർ
തിര ആഞ്ഞുവന്നപ്പോൾ
തലപൊക്കി.

എടീ…
എന്താണ് നിന്റെ പുതിയ വിശേഷം?
ആദ്യത്തെയാൾ ചോദിച്ചു.

ഒന്നും പറയണ്ട ചേച്ചീ,
ഇരുട്ടിയാൽ
ഫാസ്റ്റ് ഫുഡ്‌ കടകളിൽ നിന്ന്​
വെന്ത കോഴികളുടെ മണം.
പ്ലാസ്റ്റിക് കിറ്റുകളും
ചപ്പു ചവറുകളും കൂടി
നടക്കാനും വയ്യ.

മതവൈര്യം
കുത്തിവെക്കാൻ
എല്ലാ തരക്കാരും
എത്തിയിട്ടുണ്ട്.

തെരുവുകളിൽ
എപ്പോഴാണ്
തീ പടരുക
എന്നാണ് എനിക്ക് പേടി.

‘അവരവിടെയുമുണ്ടെടീ…’
ആദ്യത്തോൾ
മറ്റവളെ മുറുകെ പുണർന്നു.

പെട്ടെന്ന് ഒരു വെടി മുഴങ്ങി.

അയ്യോ നമ്മുടെ തെരുവിലാണോ?
മറ്റവൾ ചോദിച്ചു.

ചുമ്മാതിരി,
നേരം പുലരാറായ്,
അമ്പലത്തിൽ
കതിന പൊട്ടിയതാണ്,
ആദ്യത്തോൾ പറഞ്ഞു.

അപ്പോൾ
അങ്ങോട്ട്
ഒരു കോസ്റ്റ് ഗാർഡ്
കടന്നുവന്നു.
അപ്സരസ്സുകളെ കണ്ട്
വികാരവിജൃംഭിതനായ്
അയാൾ ചോദിച്ചു,
നിങ്ങൾ
അതിർത്തി കടന്നെത്തിയ
വിധ്വംസക പ്രവർത്തകളോ
അതോ സ്വൈരണികളോ?

അവർ പാറയിൽ
തിര ചിതറും പോലെ
ഗുളു ഗുളു ചിരിച്ചു.

പെട്ടെന്ന്
അയാളുടെ ഉള്ളിൽ നിന്ന്​
അറിയാതെ
ഒരു വികാരം
പുറത്തുചാടി.

നമുക്ക് എന്തുകൊണ്ട്
ആ പാറച്ചോട്ടിൽ കൂട്ടരതി നടത്തിക്കൂടാ?

അവർ അയാളെ പൊക്കിയെടുത്ത്
മെട്രോ സിറ്റിയിലെ
പണി തീരാത്ത
മുപ്പതു നിലകളുള്ള
ഫ്ലാറ്റിന്റെ
മുകളിൽ കൊണ്ടുവെച്ച്
പറന്നു പോയി.

Comments