ഒന്ന്: പക്ഷികൾ ഒടുവിലാണ് വന്നത്
പക്ഷികൾ
പിന്നീടാണ് വന്നത്
ആദ്യം ഇലകൾ
പിന്നെ തണ്ടുകൾ
തൊട്ടുപിന്നാലെ
മുള്ളുകൾ
ശിഖരങ്ങൾ
ഏറ്റവുമൊടുവിൽ
വേരുകൾ
പക്ഷികൾ
പിന്നീടാണ് വന്നത്
സമയത്തിന്റെ
ഓരോ ചീളിലും
അപ്പപ്പോൾ
വരാനുള്ളവരെക്കുറിച്ച് കൃത്യത ഉണ്ടായിരിക്കുമല്ലോ!
കാറ്റ്
എപ്പോഴാണ് വന്നത്?
പുഴുവരിച്ച ഗോതമ്പും ധാന്യങ്ങളും വന്നത്?
പക്ഷേ എനിക്കുറപ്പാണ്
പക്ഷികൾ
പിന്നീടാണു വന്നത്
വെയിലിന്റെ കഷണങ്ങൾ മുറിയിലേക്ക് കുടഞ്ഞത്?
ഇല്ല
വെയിലിന്
തണുപ്പായിരുന്നു
ഉറപ്പാണോ
അല്ല
ഉറപ്പെന്നത്
സ്ഥിരതയുള്ള ഒന്നല്ലല്ലോ.
വെളിച്ചം വെളിച്ചമായിത്തന്നെയാണ്
വന്നത്
പതിയെ കിടക്കക്കരികിലേക്ക് പടർന്ന്
അത് ഉടലിനെ മൂടുകയായിരുന്നു.
അപ്പോൾ
ആകാശത്തിന്റെ
നിറം എന്തായിരുന്നു?
ഓർമ്മയില്ല.
എല്ലാ നിറങ്ങൾക്കും
ഒരേ മണം
ഒരേ വേഗം
അതുകൊണ്ട്....
ഓരോ നിഴലിനും
വെവ്വേറെ ഉടലുകൾ
ഓരോ വേഗത്തിനും
എത്രയോ ചിറകുകൾ
ഓരോ ചിറകുകൾക്കും എത്രയോ ദൂരങ്ങൾ
ഓരോ ദൂരങ്ങൾക്കും എത്രയോ കിതപ്പുകൾ
ഓരോ കിതപ്പിനും
മുറിഞ്ഞു പോകുന്ന ശ്വാസങ്ങൾ
ഓരോ ശ്വാസത്തിലും
മാഞ്ഞു പോകുന്ന ഭൂമി
ഭൂമി മാത്രം...
അപ്പോഴാണ്
ഓരോരുത്തരായി വന്നത് എനിക്ക്
ഉറപ്പാണ് പക്ഷികളാണ് എന്റെ മരണം കാണാൻ അവസാനം വന്നത്
രണ്ട്: സമയത്തെക്കുറിച്ച് മാത്രം
‘മനുഷ്യർ എത്ര നിസ്സഹായരാണ്’
അവർ ഒറ്റ ശബ്ദത്തിൽ പറഞ്ഞു.
ഞാൻ സംസാരിച്ചുകൊണ്ടിരുന്നത്
ചിതലുകളോടും
ഉറുമ്പുകളോടുമായിരുന്നു.
എനിക്കപ്പോൾ
ഒരു തരി വെളിച്ചം മാത്രം മതിയായിരുന്നു
രക്ഷപ്പെടാൻ.
വിജനമായ പരിസരം.
വെള്ളി നൂലു പോലെ തിളങ്ങുന്ന വെളുത്ത
അരുവി.
അതിന്റെ കരയിൽ
പടം പൊഴിച്ചിട്ട്
മയങ്ങുന്ന പാമ്പുകൾ
ഞാൻ പറഞ്ഞല്ലോ
ഉറുമ്പുകളോടും
ചിതലുകളോടും മാത്രമാണ് ഞാൻ സംസാരിച്ചുകൊണ്ടിരുന്നത്
സംഗീതം അതിന്റെ
ഈണത്തിലേക്കെന്നപോൽ
ഞാൻ എന്നിലേക്ക്
ചുരുങ്ങി.
ഒരു വിജനതയിൽ നിന്ന്
ഞാൻ
ഒച്ചകളെ വിടുവിച്ചു.
ചില നിറങ്ങൾക്ക് ഒച്ചയുണ്ടായിരുന്നില്ല.
നക്ഷത്രങ്ങളെക്കുറിച്ച്
ആരും സംസാരിക്കുന്നുണ്ടായിരുന്നില്ല.
പൂംപൊടിയിൽനിന്ന്
ഞാൻ
വരണ്ടുണങ്ങിയ
ഭൂമിയുടെ മനസ്സ്
വരച്ചെടുത്തു.
അപ്പോഴും ഉറുമ്പുകളും ചിതലുകളും
എന്നോട് തർക്കിച്ചുകൊണ്ടേയിരുന്നു