അരങ്ങത്ത് വിടവാങ്ങൽ പ്രസംഗം തുടരവെ
അവളൊന്നും പറയാതെയിറങ്ങി.
മഴയിൽ കുതിർന്ന് കൈവീശി,
വഴിയറിയാതൊരുത്തി, ഒരു കുഞ്ഞ്.
ഉടലിൽ വെന്തമണം, പുകച്ചുരുൾ, മുറിവ്
അവളയാളുടെ കാമുകിമാരിൽ ഒരുത്തി,
ഞാനോ? ഏതോ കാലത്തിന്റെ ബാക്കി.
തീവണ്ടിപ്പാളത്തിൽ ഞാനവളെ കാത്തു.
വരുമെന്ന് എനിക്കുറപ്പായിരുന്നു.
നീട്ടിയൊരലർച്ചയിൽ പാഞ്ഞ വണ്ടിക്കൊപ്പം
അവളെന്നിലും ഞാനവളിലും പടർന്നു, പിണഞ്ഞു.
അക്ഷരം പഠിപ്പിക്കാത്തൊരമ്മയും,
ഭാഷ പഠിക്കാത്തൊരു കുഞ്ഞും,
മേൽക്കൂരയില്ലാത്തൊരു വീടും ഞങ്ങൾക്ക് ബാക്കി.
ഞങ്ങളൊരേ മനുഷ്യന്റെ പല കാലമായിരുന്നവർ
അവളുടെ നീട്ടിയ മുടിവിടർത്തി
ഞാനപ്പോൾ ചെമ്പകം തിരുകി,
പോകെപ്പോകെ കല്ലിച്ച കണ്ണുകളയഞ്ഞു,
തൊണ്ടയിലൊരലർച്ച തീവണ്ടിപ്പാളത്തിൽ ചിതറി,
സിമന്റുബെഞ്ചിലിരുന്ന് അവളെന്റെ മടിയിൽ തലചായ്ച്ചു,
അയാൾ തൊടും പോലെ നെറ്റിയിൽ തൊടണമെന്ന്,
മുടിയിൽ കൊരുക്കണമെന്ന്.
ഏതോ കാലത്തിന്റെ നീലിച്ച ചിത്രത്തിൽ
എന്റെയോർമ്മ കുരുങ്ങി,
എനിക്കൊന്നും ഉണ്ടായിരുന്നില്ല,
സ്നേഹത്തിന്റെ ഒരു പകൽ പോലും.
ഉപേക്ഷിക്കപ്പെട്ട ഒരു പകൽ കണക്കെ
ഞാനപ്പോൾ ശൂന്യതയിലേക്ക് നോക്കി
അയാൾക്കൊപ്പം പോകേണ്ടിയിരുന്ന യാത്രകൾ
ഞങ്ങൾ കൈമാറി.
കടൽ, തിരമാല, ശംഖ് എന്ന് മറ്റൊരുത്തി
അയാൾക്കൊപ്പമിരുന്നെണ്ണി.
കരയല്ലേന്ന് അവൾ
കരയല്ലേന്ന് ഞാൻ.
ഉപേക്ഷിക്കപ്പെട്ടിട്ടും നിലവിളിക്കാൻ കഴിയാത്ത
ഒരു വാക്ക്
വിരലുകൾ കോർത്ത്, പിണഞ്ഞ്…
ഞാനവളെ കാത്തിരിക്കുകയായിരുന്നു.
രണ്ട്
ഞങ്ങളപ്പോൾ ഒരുമിച്ച് കൈപിടിച്ച്
കടൽക്കരയിലേക്ക് നടന്നു.
അവൾക്ക് ഞാനും,
എനിക്കവളും.
പലനിറമുള്ളൊരു ശംഖിൽ കറുത്ത ചരട് കോർത്ത്
ഞങ്ങളയാൾക്ക് ബാക്കിവെച്ചു.
മുറിഞ്ഞൊരോർമ്മയിൽ, സ്നേഹത്തിൽ
കരച്ചിലൊതുക്കി ഞങ്ങളാ മാല തമ്മിൽത്തമ്മിലണിഞ്ഞു.
അയാൾ കാണിച്ചിട്ടില്ലാത്ത കടൽ ഞങ്ങളന്യോന്യം കാണിച്ചു.
ഒച്ച് വേഗങ്ങളുടെ സന്ധ്യ, മറവി, ഉന്മാദം
ഒരു പകലിനപ്പുറം ഞങ്ങളയാളെ ഓർത്തില്ല.
ഞങ്ങൾ വീടില്ലാത്ത കുഞ്ഞുങ്ങൾ,
കടൽക്കരയിലൊരു വീട് വെച്ചു.
ഉപ്പുമണക്കുന്ന കാറ്റിൽ മുറിവുപറ്റിയേടത്ത്
ചുണ്ടുകളുരസി വേദനിക്കല്ലേയെന്ന്
അന്യോന്യം പിടഞ്ഞു.
ഒരിക്കലും ഉപേക്ഷിക്കപ്പെടാത്തൊരു വാക്ക്
ഞങ്ങൾക്ക് ബാക്കി.
നിലാവിറങ്ങി വരുന്ന സന്ധ്യയിൽ
ഞാനവൾക്ക് അമ്മയായി
അവളെനിക്ക് അമ്മയായി.
