അത്
എന്റെ രാത്രിയായിരുന്നില്ല
നൈരാശ്യവും
മരണഭീതിയും കൊണ്ട്
ഒറ്റപ്പെട്ട ഒരു രാത്രി.
കണ്ണ് തുറന്നപ്പോൾ
അതിറങ്ങിപ്പോയി.
പിന്നെ കയറിവന്നത്
മറ്റാരുടെയോ രാത്രി ആയിരുന്നു.
അതിൽ
വളർത്തുപട്ടി ഉണ്ടായിരുന്നു.
പകുതി പൂർത്തിയായ ചിത്രങ്ങൾ
വർണ ബലൂണുകൾ
അങ്ങനെയങ്ങനെ പലതും.
ഞാൻ ശബ്ദമുയർത്തിയിട്ടും
കാര്യമുണ്ടായില്ല
അതിനെന്നെ തിരിച്ചറിയാൻ പറ്റുന്നില്ല.
എവിടുന്നാണ് ഇറങ്ങിപ്പോന്നതെന്നും
അതിനു തിരിയുന്നില്ല.
ലോകത്തിന്റെ അങ്ങേയറ്റത്ത്
ഉറങ്ങിക്കിടക്കുന്നയൊരു
കൊച്ചു പെൺകുട്ടിയുടെയാണെന്ന്
എനിക്ക് ഉറപ്പായിരുന്നു.
എന്റെ സ്വാർത്ഥത കൊണ്ട്
അതിനെ തള്ളിപ്പുറത്താക്കാനും തോന്നിയില്ല.
എന്റെ തലക്ക് മുകളിൽ
യൂണികോൺ പറന്നുവന്നു.
നീലമെഴുത്തിരികൾ
എന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു.
ഞാൻ സ്നേഹിക്കപ്പെട്ടുകൊണ്ടേയിരുന്നു.
ഒന്നും എന്റേതല്ലെന്ന
കുറ്റബോധം കൊണ്ട്
അവസാനം
ഞാൻ തന്നെയാരാത്രിയെ
തള്ളി പുറത്താക്കി.
എന്റെ രാത്രി കിട്ടിയ
കുഞ്ഞു പെൺകുട്ടിയെ ഓർത്ത്
എനിക്ക് വേദനിക്കുന്നു.
അവളനുഭവിച്ച നൈരാശ്യങ്ങൾ...
ആത്മഹത്യാകുറിപ്പിന്റെ ഘനം.
അരക്ഷിതാവസ്ഥകളുടെ കാഠിന്യം.
ഏതാൾക്കൂട്ടത്തിൽ നിന്നും
ഇനി എനിക്ക് മനസിലാവും
ആ പെൺകുട്ടിയെ...
ബാല്യത്തിലെ
മുതിർന്നുപോയവളെ ഞാൻ
ഒരിക്കലും മറക്കില്ല…