പത്താം ക്ലാസ് ജയിച്ചയുടൻ കെട്ടിച്ചയച്ചവൾ
പേരമരച്ചുവട്ടിലേക്ക് കൈകാട്ടി വിളിക്കുന്നു.
"മ്മള് കുഞ്ഞി കുട്ട്യോളുടെ കാണുമ്പോലല്ല ബളേ
അതങ്ങട്ട് പഴത്തോളം വലുതാവും’ന്ന്
ഒരില നടുവേ ഒടിച്ച് ഓടിപ്പോയവളാണ്.
അതേ അവൾ
ഞങ്ങളുടെ പുറങ്ങളുരതി ചായമടർന്ന
മതിലിൽ കൈ കുത്തി നിന്ന്
ഞാനൊരുപാട് വളർന്നെടീന്ന് ചിരിച്ച്
പുറം കരിഞ്ഞെന്നാലും അകം വേവാത്തൊരു അപ്പം നീട്ടുന്നു.
നേർത്ത പെറ്റിക്കോട്ടുകളിൽ
ഒരുമിച്ചാണ് വളർന്നത്.
കക്കരി വിളകൾക്കിടയിലൂടെ
കാറ്റാടി കാടുകൾക്കുള്ളിലൂടെ
മണൽ കൂനകൾക്ക് മുകളിലൂടെ
നിലമമരാതെ പാഞ്ഞു.
അവളാദ്യം നീന്താൻ പഠിച്ചു
പൊങ്ങുതടി പോലെ പൊങ്ങി കിടന്നു
അവളാദ്യം കിനാവ് എന്നെഴുതി
വിരലറ്റത്ത് മണൽ കിരുകിരുത്തു
അവളാദ്യം കളി പഠിച്ചു
വര തൊടാതെ കള്ളികളിലേക്ക് തന്നെ
കല്ലുകൾ ചവിട്ടി തെറിപ്പിച്ചു
ആദ്യത്തെ ഇല കാറ്റെന്ന് എഴുതി തുടങ്ങും മുമ്പ്
മാവിൻചുവട്ടിലെത്തി.
വേണ്ട പരുവത്തിൽ മാവ് കുഴയ്ക്കാനും
ഒട്ടും കരിയാതെ ചുട്ടെടുക്കാനും
ചിരിച്ചു കൊണ്ട് വിളമ്പാനും പഠിച്ചു.
ഇന്ന് ചോദ്യം നാളെ ഉത്തരമെന്ന് കളിച്ച്
ഒടുവിലെ ഉത്തരം കിട്ടുന്നതിന് മുമ്പ്
അതങ്ങ് അവസാനിച്ചു.
കല്യാണത്തലേന്ന് ഒരാൾ അവൾക്ക് ഇഷ്ടമില്ലാത്ത പാട്ട് പാടിയതും
കല്യാണത്തിന്റന്ന് ചൂടാൻ ഞാനൊരു മഞ്ഞചെമ്പകം ഇറുത്തതും
തുറന്നാൽ പാട്ട് പുറത്തേക്ക് ചാടുന്ന ഒരു ആമാടപെട്ടി സമ്മാനമായി കൊടുത്തതും
ഞാനത്രക്ക് വളർന്നോടീന്ന്
കണ്ണ് നിറച്ച് കൈയ്യമർത്തി അവൾ ചോദിച്ചതും
കിനാവല്ലായിരുന്നു.
അന്നേ ദിവസം
നീല നിറമില്ലാത്തതിനാൽ പുഴ വരച്ചിട്ടില്ലെന്ന്
ഒരു ജലച്ചായ ചിത്രം
മലകളും മരങ്ങളും സൂര്യനും മാത്രമായി
അവളുടെ കണ്ണുകളിൽ ചെരിഞ്ഞ് കിടന്നിരുന്നു.
നിനക്ക് കാണാമോ എന്ന് ചോദിക്കാതിരുന്ന
ചോദ്യത്തിന്
ഞാനതേ കാണുന്നുള്ളൂ എന്ന്
പറയാത്തൊരു ഉത്തരമായി.
അതേ അവൾ
ഞങ്ങളുടെ പുറങ്ങളുരതി ചായമടർന്ന മതിലിൽ
കൈകുത്തി നിന്ന്
ഞാനൊരുപാട് വളർന്നെടീന്ന് ചിരിച്ച്
പുറം കരിഞ്ഞെന്നാലും അകം വേവാത്തൊരപ്പം നീട്ടുന്നു.