അരുൺ ഇ. കരുണാകരൻ

റെയ്‌ഹാന ജാബരി

*ദാവൽബീ...
ഞാനോർക്കുന്നു,
മുൻപൊരിക്കൽ വളഞ്ഞും പുളഞ്ഞും
നമ്മളിതുവഴി പോയപ്പോഴും,
നിനക്കിതേ കാച്ചെണ്ണ മണമായിരുന്നു.

അവസാനത്തെ ബോഗിയിൽ
ഞങ്ങൾ കുറച്ചുപേരെയുണ്ടായിരുന്നുള്ളൂ…ചുരത്തിന്റെ ആ വലിയ,
വളവു കഴിഞ്ഞപ്പോൾ
ഞാനവളോടെന്റെ പ്രണയം
തുറന്നു പറഞ്ഞു.

ഗദ്ദിക* പാടിയും,
സെൽഫികളില്ലാതെ,
തമ്മിൽ തിരിച്ചറിഞ്ഞും,
ഞങ്ങൾ മുന്നോട്ട് പോയി.

നഗ്നതയുടെ(ന്യൂഡ്‌), നായിക ചിരിച്ചു.

മഞ്ഞുവീണ് വഴികൾ തണുത്തു.

ഗാസയിലെ പൂക്കൾ
ചുവന്നിരിക്കുന്നു.
തണുപ്പിന്റെ വിരലറ്റം തൊട്ട്
ഞങ്ങൾ ചേർത്തുപിടിച്ചപ്പോൾ,
തുറിച്ചുനോട്ടങ്ങൾ,
വെടിയൊച്ചകൾ...

നീ തടിച്ചു
നീ മെലിഞ്ഞു
നീ കറുത്തു
നീ വ്യഭിചരിച്ചു.
അടിവയറ്റിലെ രോമത്തിൽ പോലും
വ്യക്തിഹത്യയുടെ ആഗോളവൽക്കരണം

എന്നിട്ടും ഞങ്ങളുറക്കെ പറഞ്ഞു,
ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ്.

ജറുസലേമിലെ കർദിനാൾ* പക്ഷി
ഉറക്കെ കരഞ്ഞുകൊണ്ട്,
പറന്നുപോയി.

വെടിയൊച്ചകൾ തിരുത്തിയെഴുതിയ
സോഷ്യലിസ്റ്റ് റിയലിസം,
നെരൂദയുടെ കവിതകളായി,
ദാവൽബീയുടെ മുടിയിലെ പൂക്കളായി,
അവസാനത്തെ ബോഗിയിൽ,
ഞാൻ വരച്ച ചിത്രമായി.

കരഞ്ഞു തളർന്ന കുഞ്ഞിന് നൽകിയ
മുലപ്പാലിൽ രക്തക്കറ...
നഗ്നയായി ഇറങ്ങിയോടിയവളുടെ
അണ്ണാക്കിലേക്ക് കുത്തിയിറക്കിയ
മൈക്കിന്റെ നീളത്തെ ചൊല്ലി,
തെരുവിൽ തർക്കങ്ങൾ.

ചിരി മാഞ്ഞുപോയ
ഞാൻ വരച്ച ചിത്രത്തിന്,
ഏറ്റവും പുതിയ അപ്ഡേഷനുകൾ.

ഞാൻ റെയ്‌ഹാന ജാബരി*
ദാവൽബിയുടെ,
ഉപാധികളില്ലാത്ത കാമുകി.

ദാവൽബീ: ദുരഭിമാന കൊലയ്ക്കിരയായ കർണ്ണാടകയിലെ പെൺകുട്ടി.
ഗദ്ദിക: വയനാട്ടിലെ റാവുള വിഭാഗത്തിന്റെ കലാരൂപം.
ന്യൂഡ്: ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി വിലക്കിയ, ബംഗാളി സിനിമ.
കർദിനാൾ പക്ഷി: ബന്ധങ്ങളെ അത്രമേൽ സ്നേഹിക്കുന്നെന്ന് പറയപ്പെടുന്നവ.
റെയ്‌ഹാന ജാബരി: ഇറാനിൽ 26-ാം വയസ്സിൽ തൂക്കിലേറ്റപ്പെട്ട പെൺകുട്ടി.

Comments