വേച്ചുവേച്ച്
ഉരുക്കുതുടയിൽ കൈപ്പത്തിയടിച്ച്
ചിനച്ചുവിയർത്ത് ചിരിക്കുമവൻ
ഇരുട്ടുവീണെന്നാൽ.
ശണ്ഠയെന്തിന്ന്?
തട്ടി താഴ്ത്തി
അപ്പുറം മാറി
തുപ്പിത്തെറി പറയും പീടികക്കാർ.
പട്ടാംസിറ്റിയിലെ പതിവുകാഴ്ച.
അറുപതിലപ്പന്നൊപ്പം
കാടളന്ന് കുറ്റിനാട്ടി
കപ്പയും കാച്ചിലും
ചേനയും കഞ്ചാവു, മല്പം
നട്ടുവളർത്തിത്തുടങ്ങുന്ന കഥ.
പ്രതിനായകൻ ദേവസ്സി!
ആരാണു നായകൻ?
കരയിൽ
ബീഡിതെറുത്തവന്നോ,
തായ്പലിട്ട്
അടയ്ക്കയാടിപ്പറിച്ചവന്നോ,
വെയിലനക്കത്തിൽ
നീളൻചൂണ്ടയിട്ടും
നിലാവനക്കത്തിൽ
നഞ്ചുകലക്കിയും
മീൻപിടിച്ചുവിറ്റവന്നോ,
പകലന്തിയാക്കി പണിചെയ്തു
കാശുവാങ്ങിയവൾക്കോ
അറിയില്ലത്.
പട്ടാംസിറ്റിക്കപ്പുറം
പൊത്തൂരത്തം രണ്ടു ഫർലോങ്ങ്
അവിടൊരു പുല്ലുവീടുണ്ട്,
‘തെറുതി'യുടെ.
അക്കാലത്തത്രേ
ദേവസ്സിയുടെ രാജാപാർട്ടുകഥകൾ
പെട്രോൾ ജീപ്പിലും കാളവണ്ടിയിലും
കുത്തുവള്ളത്തിലും
നീണ്ടുകുറുകി പതഞ്ഞുപതിഞ്ഞത്.
ഊറ്റമുള്ളവനൊക്കെ
‘തെറുതി'ക്കു പറ്റെഴുതി
വാറ്റടിച്ച്
ഇടവഴിയിലവനെവെല്ലി,
ഉറക്കെ തോർത്തു കുടഞ്ഞു.
മുന്നിൽപ്പെട്ടാൽ അതിവിനയം.
ദേവസ്സി നാടിൻതൂണ്.
ഒറ്റത്തടി.
വാഴ്ത്തിപ്പറഞ്ഞ്
ഉടലൂരി അകലേപ്പോകുമവർ.
വീരകഥകൾ
അവനെച്ചുറ്റിക്കടന്നുപോയി.
ഒരിക്കൽ
ചന്ദ്രനുദിക്കുന്നനേരത്ത്
കുഞ്ചുമലക്കയറ്റത്ത്
ദേവസ്സിക്ക് അശരീരിയുണ്ടായി!
‘നിന്റെ പാർട്ടിയേത്?'
മുഷ്ടിചുരുട്ടി നെടുവീർപ്പെട്ടു ദേവസ്സി.
‘നിന്റെ മതമേത്?'
പെരുവിരലിലെ കുഴിനഖം നോക്കി
ചിരിച്ചു ദേവസ്സി.
‘നിന്റെ പെണ്ണേത്?''
ആനമുടിച്ചെരിവിലേക്കു കണ്ണുനീട്ടി
പൊട്ടിക്കരഞ്ഞു ദേവസ്സി.
അന്നാണ്
അയാളുടെ നാവിറങ്ങിപ്പോയത്.
ഒരിക്കൽ
പൊതുശ്മശാനത്തിലേക്ക്
ജീപ്പിൽനിന്ന് പായയിൽത്തെറുത്ത
ശവമിറക്കുമ്പോൾ,
പഞ്ചായത്തുമെമ്പറും മറ്റു മൂന്നുപേരും
ദേവസ്സി നാടുവിട്ട കഥയോർത്തു.
പട്ടാംസിറ്റിയിൽ
അന്ന് കരിദിനമായിരുന്നില്ല
കടകളടച്ചിരുന്നില്ല.
▮