രോഷ്​നി സ്വപ്​നയുടെ കവിതകൾ

കടലാസ് മീൻ

കടലാസിൽ വെട്ടിയുണ്ടാക്കി ഒരു മീൻ
തൊട്ടടുത്ത നിമിഷം ജീവൻ വച്ചു
അതിനു കടലിൽ കുളിക്കണമത്രെ!
കുളിച്ചോളൂ
പേടിയോ അമാന്തമോ എന്നെ ബാധിച്ചു
കടലെവിടെ?
എന്റെയോപ്പമുള്ള മറ്റു മീനുകളെവിടെ?
അത് ചോദ്യം ചെയ്തു
ആരുടെ ചട്ടിയിലാണവർ
ആത്മാഹുതി ചെയ്തത്?
കടലിന്റെ ഏതു വിഷച്ചുഴിയിലെക്കാണവരെ നീ തള്ളിവിട്ടത്?

മീനല്ലേ
കടലാസ് കൊണ്ടല്ലേ ഉണ്ടാക്കിയത്
വെള്ളത്തിൽ കടലാസ് അലിഞ്ഞ് പോകില്ലേ?

ജീവിതം കൂടുതൽ വലുതാവുമ്പോൾ മീനുകളുടെ വലിപ്പം കുറയും
എന്നൊരു മുടന്തൻ തത്വശാസ്ത്രം പറഞ്ഞു അത്

നീ ഉറുമ്പുകളെക്കുറിച്ചും പർവ്വതങ്ങളെക്കുറിച്ചും
പറയുന്നത് പോലെ
കടലാസ് മീനുകളെക്കുറിച്ചു
പറയാറുണ്ടോ?

‘ഇല്ല'
പെട്ടെന്നുത്തരം പറയാൻ
ആരോ എന്റെ ചങ്കമർത്തി

കടലിലുണ്ടായിരുന്ന ആകാശങ്ങളിൽ പണ്ട് കടലാസുമീനുകൾ പറന്നുനടന്നിരുന്നു
കാറ്റിൽ പിച്ചിപ്പൂക്കൾ മണത്തു
ഭൂമി കീഴ്‌മേൽ മറിഞ്ഞതും
ആകാശം മുകളിലും കടൽ കീഴെയുമായതും കാണുന്നു
ഞാൻ ഇപ്പോഴും

സൂര്യൻ ജ്വലിക്കും പോലെ

മീനാണെന്നതോ
കടലിൽ കുളിക്കണം എന്നതോ
കടലാസുമീനാണ് എന്നതോ അല്ല പ്രശ്‌നം
അത് ചോദ്യങ്ങൾ ചോദിക്കുന്നു എന്നതാണ്

ചോദിക്കുന്നത് ചോദ്യങ്ങളാണ് എന്നതുമല്ല പ്രശ്‌നം
അതിനുത്തരം ഞാൻ തന്നെ പറയണം എന്നതാണ്!

ഞാൻ തന്നെയാണ് കടലാസിൽ മീനിനെ വെട്ടിയുണ്ടാക്കിയത്
ലോകം ഇക്കാണുന്നത് മാത്രമല്ല
വെള്ളത്തിൽ വീണാൽ അലിയുന്ന കടലാസ് കൂടിയാണത്.
വേണമെങ്കിൽ ദൈവത്തെ വരെ കടലാസിൽ വെട്ടിയുണ്ടാക്കാമെന്നും
അങ്ങനെ സൃഷ്ടിയുടെ കുതന്ത്രം
കത്രികത്തുമ്പത്ത് കയ്യടക്കാംഎന്നും
എനിക്ക് ചിന്തിക്കാമായിരുന്നു

പക്ഷെ അതിൽ ഒരു ശാസ്ത്രരേഖയില്ലല്ലോ
കടലാസ് മീൻ ഓർമ്മപ്പെടുത്തി

ഉറപ്പുള്ളതെന്നു ഞങ്ങൾ വിശ്വസിക്കുന്നതെല്ലാം
വെള്ളത്തിൽ ഇട്ടാൽ അലിഞ്ഞുപോകുകയാണല്ലോ
വെള്ളം കൊണ്ട് ഒരൊറ്റ ഞൊടിയിൽ
കഴുകി വൃത്തിയാക്കാനുള്ളതെയുള്ളൂ
നിങ്ങളുടെ പാപങ്ങൾ!

എനിക്ക് കടലാസ് മീനിന്റെ
ഉപദേശത്തിൽ
തലച്ചോറ് നീറി
കാറ്റിനോടും തീയിനോടുമുള്ള
കളി ആവേശമാക്കിയ
ഒരു മനുഷ്യനോട്
വെള്ളത്തിന്റെ വേഗത്തെക്കുറിച്ച്
പറഞ്ഞുകൊണ്ട്
അത് സൃഷ്ടിയുടെ ശൂന്യത എന്നെ ബോധ്യപ്പെടുത്തി
എന്നിട്ട്
പറന്നു നടക്കുന്ന ഒരു കടലാസിൽ
എന്നെ വെട്ടിയുണ്ടാക്കാൻ തുടങ്ങി

മുള തൊട്ടു മരണം വരെ ഓർക്കുന്ന ഒരിലയുടെ മരണാനന്തരകാവ്യജീവിതം

ഒരൊറ്റ വര വരച്ച് ഇലകളുടെ ആത്മഹത്യകളെ അറിയുമെന്ന് നടിക്കുന്നത് അബദ്ധമാണ്.
കാലങ്ങളോളം കടലിൽ
ആഴ്ന്നു നനഞ്ഞു കിടന്ന് ...

ഉടലിലുള്ള അവസാന പച്ചയുടെ ഓർമ്മ പോലും
നക്കിത്തിന്നുന്ന,
ജീവനോടുള്ള
അടങ്ങാത്ത കൊതി പോലെ ആണത്.

മരണപ്പെടുമ്പോൾ മാത്രമല്ല,
ഇലകൾക്ക് ആയുസ്സിന്റെ ചിന്ത വരിക.

മണ്ണിൽ വീണു കിടന്ന്
വെയിൽ നനഞ്ഞു ...മുളച്ചതിന്റെ
ഓർമ്മ മുതൽ ഇങ്ങോട്ട് ....

ശരിക്കും ഒരു അസംബന്ധ നാടകം പോലെ എന്ന്
മരിച്ചുപോയ ഇലകൾ പറയുംവരെ
മുളക്കലും കായ്ക്കലും
ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നതിനേക്കാൾ,
അപ്രതീക്ഷിതമായി സംഭവിക്കുന്നത്.

തളിർത്ത് ...പച്ചച്ചു ...ആരെങ്കിലുo ഇറുത്തെട്ക്കും വരെ
വെറുതെ വെയിലിലേക്ക് കണ്ണു നട്ടു ഇരിക്കുമ്പോൾ
ഉരുത്തിരിയുന്ന
തത്വചിന്തയുണ്ടല്ലോ
അതു മതി തൽക്കാലം

കുറ്റപത്രം

ഒരു കാലത്ത് കുഴച്ച മണ്ണ് മാത്രമായിരുന്നു
നമ്മൾ
തിന്നിരുന്നത്.

അന്ന്
അതിർത്തികൾ
ഇത്ര വിണ്ടു തുടങ്ങിയിരുന്നില്ല

പിച്ചിപ്പൂക്കളെയും
താമരയിതളുകളെയും സ്വപ്നം കാണുക ഇത്ര ആയാസമേറിയതായിരുന്നില്ല
അന്ന്

നമ്മൾ വിടർന്നു പരന്ന ഭൂപ്രദേശമായിരുന്നു.

നമുക്ക്
ആകാശത്തെയും
സമുദ്രത്തെയും
എളുപ്പത്തിൽ
കാണാമായിരുന്നു

പിന്നീടത്
ആകാശയുദ്ധങ്ങളുടെയും കപ്പൽച്ചേതങ്ങളുടെയും
ഓർമയാകും വരെ മാത്രം!

നമ്മുടെ ഉടലിനും
കൈയ്ക്കും കാലിനും
ചങ്ങലയിട്ടവർക്ക്
നിന്റെ മുഖച്ഛായ ആയിരുന്നു.
ഞാൻ ഖേദിക്കുന്നില്ല.

നമ്മുടെ കണ്ണുകൾ
ഇരുന്നിടത്ത് കൃഷ്ണമണികളുടെ
ആഴക്കുഴികൾ ആണിപ്പോൾ.

അവസാനമായി നമുക്കാരോ
കുറച്ച് ചുവന്നപൂക്കൾ
സമ്മാനിച്ചു.

നമ്മുടെ മൂക്ക്,
മണം മറന്നുപോയിരുന്നു.

അതിർത്തികൾ
നാസാരന്ധ്രങ്ങളിലൂടെ
ഒച്ചിനെപ്പോലെ
ശിരസ്സിലേക്കും
തലച്ചോറിലേക്കുമുള്ള പ്രവേശനത്തിനായി
കാത്തുനിൽക്കുകയായിരുന്നു

പക്ഷികൾ ഉപേക്ഷിച്ചു പോയ കൂട്ടിലേക്ക് എന്നപോലെ...!

നമ്മുടെ പ്രതിബിംബത്തിന്റെ
സ്ഥാനത്ത് ശൂന്യത!

ഈ മണ്ണിന് ചുവപ്പും ചുവയും ആണെന്ന് നീ സാക്ഷ്യം പറഞ്ഞു.

നമ്മുടെ ആമാശയത്തിലേക്ക് വെറുപ്പിനെ പുഴുക്കൾ
ഇഴഞ്ഞു വന്നു

പോകെപ്പോകെ
ബുദ്ധനായി മാറിയ
ഒരു ചെന്നായയുടെതായി മാറി
നിന്റെ മുഖം.

നിനക്ക് തേറ്റകൾ വളർന്നു.
നഖങ്ങൾ കൂർത്തു.

നാം തിന്നുന്ന മണ്ണ്
നീ കുഴച്ചു മറിച്ചിട്ടു.

നമ്മുടെ വെള്ളത്തിൽ
നീ വിഷം കലക്കി

അപ്പോൾ നീ

ഞങ്ങളെക്കുറിച്ച്
ഞങ്ങൾക്കറിയാത്ത ഭാഷയിൽ
എന്തോ

പറഞ്ഞു കാണണം.

‘തൊട്ടുകൂടാത്തവർ'
എന്നാണതിനർത്ഥം

എന്ന്
നിന്റെ ഒച്ച ഞങ്ങളെ
ഓർമിപ്പിച്ചു..
എത്ര എളുപ്പത്തിലാണ്
ഞങ്ങളുടെ പേരിലുള്ള
കുറ്റപത്രത്തിൽ
നീ
ഒപ്പിട്ടത്

മരിച്ചവരുമായുള്ള ആത്മഭാഷണങ്ങൾ

പൂമ്പാറ്റയും മീനും പക്ഷിയുമായുള്ള ആത്മഭാഷണങ്ങളിൽ
പൂമ്പാറ്റയാകാൻ പോകുന്ന
ഒരു പെൺകുട്ടി

പൂമ്പാറ്റയെക്കുറിച്ചുള്ള
എന്തെങ്കിലും
അവളുടെ ഉള്ളിൽ നിന്ന് ചെത്തിയെടുക്കാൻ ആകുമോ
എന്ന്

ചുഴിഞ്ഞ് നോക്കുന്നു

പൂമ്പാറ്റയെക്കുറിച്ചുള്ള
ഓർമ്മയിൽ അല്ലാതെ അവൾ
പൂമ്പാറ്റയാകുന്നേയില്ല

അവളെക്കുറിച്ചുള്ള
മീനുകളുടെ സ്വപ്നത്തിൽ
നിറച്ചും കടലായിരുന്നു

കടലിന്റെ സ്വപ്നം നിറയെ അവളും

മീനുകളും കടലും അവളും
പരസ്പരം കണ്ടതേയില്ല

എങ്കിലും മീനുകളൂംകടലും എന്നത്
ഈ കവിത പോലെ തന്നെ ഒരു വിശ്വാസമാണ്​.

മരിച്ചവർക്കിടയിൽ നിന്ന്
ഒരു പക്ഷി
അവളെ
മേഘങ്ങളിലേക്ക് കിടത്തുന്നു
അതിന്റെ ചിറകുകൾ
അതിന്റെ ഉടലിൽ നിന്ന്
വേർപെടാതെ തന്നെ പറക്കുന്നു.
മരിച്ചവർക്കിടയിൽ നിന്ന് ഞാനും
വേർപെടാതെ നിൽ ക്കുന്നു
മീനുകളും കടലും പക്ഷിയും അവളും
വേർപെടാതെ നിൽക്കുന്ന
കവിത പോലെ


ഡോ. രോഷ്​നി സ്വപ്​ന

കവി, നോവലിസ്​റ്റ്​, വിവർത്തക, ചിത്രകാരി. തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ സ്കൂൾ ഓഫ്​ ലിറ്ററേച്ചർ സ്​റ്റഡീസ്​ ഡയറക്​ടർ. കടൽമീനി​ന്റെ പുറത്തുകയറിക്കുതിക്കുന്ന പെൺകുട്ടി, ചുവപ്പ്​ (കവിതാ സമാഹാരങ്ങൾ), അരൂപികളുടെ നഗരം, ശ്രദ്ധ, കാമി (നോവലുകൾ), കഥകൾ- രോഷ്​നി സ്വപ്​നതുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments