എസ്. ജോസഫ്

രണ്ട് കവിതകൾ

കലർപ്പ്

നിന്റെ മുടിയാണ് സുന്ദരം
മൂക്കോ
നീളക്കൂടുതലാണ്
കണ്ണോ
കുഴിയിൽ
പല്ലോ
വെളുപ്പു കുറവ്
നിറമോ
ഭംഗിയുള്ള കറുപ്പല്ല
മുടി എനിക്ക് ഇഷ്ടമാണ്
മുടിക്കെന്താണ് ?
അത് നീണ്ട
ചിലനേരം ചെമ്പുനിറമുള്ള
നീലനിറമുള്ള
കറുപ്പുനിറം വല്ലപ്പോഴും മാത്രമുള്ള
പറക്കുന്ന
ഒഴുകുന്ന മുടി
അതിന്റെ വിയർപ്പുമണം മാദകം
അതെന്നെ നീളൻ പുല്ലുകൾ നിറഞ്ഞ കുന്നിൽ കൊണ്ടുപോയി
ഇരുണ്ട രാത്രിയിൽ
ഞാനൊളിച്ചു
നീയൊരു ചൂട്ടുകറ്റ മാതിരി ദൂരെ നിന്നും മിന്നി
ഞാനൊരു ഗുഹ കണക്ക് നിന്നെ കാത്തു
നിന്നെ കെട്ടിപ്പിടിച്ച് ഞാൻ നിന്നിൽ വിതുമ്പി
ഇതുപോലെ മുടിയുളള ഒരു കുട്ടിയെ
എനിക്ക് നീ തരുമോ കൂട്ടുകാരാ?
നിന്നോടു മാത്രമായി ഞാൻ എന്റെ ദു:ഖങ്ങൾ പറയാം.
ഞാൻ ഈ ഭൂമിയിൽ അപമാനിക്കപ്പെട്ട
മനുഷ്യ ജീവി
വെളിച്ചം സ്വപ്നമായ കരിങ്കൽ തുറുങ്ക്
കതകും ജനലുമില്ലാത്ത പാടശേഖരം
കാറ്റത്താടുന്ന തുക്കനാം കുരുവിക്കൂട്
നിനക്കെന്നിൽ നിന്നൊരു കുഞ്ഞിനെ വേണം അല്ലേ കൂട്ടുകാരീ
എതിർപ്പുകളുടെ കലർപ്പു വേണം
കലർപ്പു ഭാഷ
ഉമിനീർക്കലർപ്പ്
കൂട്ടിപ്പിണഞ്ഞ കിതപ്പുകൾ
നിന്റെ സവർണ്ണതയും
എന്റെ അവർണതയും
വാളും പരിചയുമായി ഉരസുമ്പോൾ
മിന്നലുകൾ നിനക്കൊരു
കുഞ്ഞിനെത്തരും

ചെരിവിൽ ഒരു വീടുമാത്രം

ചെരിവിൽ ഒരു വീടു മാത്രം
പലകയടിച്ച ചുവരുകൾ
മുകളിൽ ഷീറ്റ്
കൊടുങ്കാറ്റും പേമാരിയും പകർച്ചവ്യാധിയും
ജനലും കതകും അടച്ച് അകത്തിരിക്കുകയാണ് മൂന്നുപേർ
ഇളയമോൾ പുസ്തകത്തിലെ പടങ്ങൾ കണ്ട് പുലി, കാക്ക, മരം
എന്നൊക്കെ പറയുന്നു.
അമ്മയെ ആംബുലൻസു വന്നു കൊണ്ടുപോയിരുന്നു
ഇപ്പോൾ
പുറത്ത് ഒരു വാൻ വന്നിട്ടുണ്ട്.
കതകിൽ മുട്ടുന്നു
കുട്ടികൾ ഓടിച്ചെന്ന് കതകുതുറന്നു.
സർക്കാർ ഗുമസ്തനാണ്
ആട്ടയും സവോളയും പാൽപ്പൊടിയും കൊണ്ടുവന്നതാണ്
സർക്കാർ കൂടെയുണ്ട് കേട്ടോ അയാൾ പറഞ്ഞു
ഇന്നെത്ര പേരാണ് മരിച്ചത് ?
കുടുംബനാഥന്റെ ചോദ്യത്തിന് മറുപടി പറയാതെ അയാൾ
കുഞ്ഞുങ്ങളെ നോക്കി ചിരിച്ചിട്ടു പോയി
അമ്മ എപ്പ വരുമപ്പാ
പാലു കുടിക്കുമ്പോൾ
കുഞ്ഞുങ്ങൾ ചോദിച്ചു.
അമ്മ ഉടനേ വരും
പുറത്തു കൊടുംകാറ്റാണ്
മഴയാണ്
മക്കൾ ഉറങ്ങിക്കോളൂ
അപ്പ ഉറങ്ങാതെ മക്കളെ നോക്കി ഇരിക്കാം


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments