തേക്കടി

രുതടത്തിനും മധ്യമായ്, കാടകം
പിളരുമാറുള്ള മൂർച്ചയിൽ നീലിമ
ഇളകിനീങ്ങിത്തിളങ്ങുന്ന മൂകത
അടിയിലേക്കങ്ങുമുങ്ങി- തടാകമായ്

ഇവിടെയീ മലനാടിന്റെ തുഞ്ചത്ത്
വെയിലുവിങ്ങുന്ന ചോഴന്റെ വക്കത്ത്
ചുവരിലള്ളിപ്പിടിച്ചെത്തി നോക്കയായ്
ഉടലുതുള്ളിത്തുളുമ്പുന്ന മുല്ലയാർ

നദികൾ പർവ്വതാന്തർഗ്ഗതം, ഉൻമദം
അത് കുതിച്ച് പടർന്ന് സമതലം
തുടരുവോളവും ദൂരാൽ വിളിക്കുന്ന
ശിഖരമൗനങ്ങൾ കൺപാർത്തു നിൽക്കയാം

അതിരിലിങ്ങേക്കരയിലെ ഹോട്ടലിൽ
ജലഗതാഗതം നോക്കുന്ന കൗണ്ടറിൽ
ഒരു വനരാത്രി നീന്തിക്കയറുവാൻ
അതിരയ നൗക ചീട്ടാക്കി നിന്നു ഞാൻ

ഇലകൾ കോതി മറിയുമീറൻ കാറ്റിൽ
മലമുഴക്കി മടങ്ങുന്ന പക്ഷിയേ,
തിണകളഞ്ചും കൊരുക്കുന്ന കണ്ണിനാൽ
അടിയിലെക്കാടുണർന്നുവോ നോക്കുക

അനവധിയുണ്ട് കൽപ്പട,യിന്നാദ്യ
പടിയിൽനിന്നു ഞാൻ നോക്കുമ്പൊഴങ്ങതാ
അകലെ മേൽമൂടിയില്ലാത്ത നൗകകൾ
മുനകൾ പൊന്തിച്ച് പാളിച്ചു പായുന്നു

അരികിൽ സ്രാങ്കിനോടൊപ്പമാ രണ്ടുപേർ -
ക്കനുചരനായി ഞാനുമിരിക്കയായ്
ഇലകൾ, വഹ്നികൾ, വേനൽക്കലവികൾ
നിഴലിൽനോക്കിക്കുതിക്കുകയാണ് ഞാൻ.

ജലരടിതം നിഖിലം വനാന്തരം
ഹിമഭരിതമീകൂർത്ത ഡിസംബറിൻ
പടുത കീറിപ്പറിച്ചു മുന്നേറുന്നു
സ്ഫടികരാശിയിൽ നൗകാഗ്രനായകൻ

നദിയിൽ നേർക്കുന്ന കൃഷ്ണവൃക്ഷങ്ങളിൽ
ചിറകിരുണ്ടിലപെട്ട നീർക്കാക്കയിൽ
ചിരപുരാതനമാം ജലാത്മാവിന്റെ
നിറമുയർന്നു വിരൽ നീട്ടി നിൽക്കയാം.

ഘടനകൾ സ്വപ്നമാതൃകാബദ്ധമായ്
അതിരിടുന്നതാം മേട്ടിലെ പുല്ലുകൾ
അവയിലേക്കിടചേർന്നു തുടരുവാൻ
അലകൾ നീട്ടിക്കലങ്ങുന്നു രാക്കുളം

അവിടെയെഞ്ചിനണച്ചുലഞ്ഞാഞ്ഞുനി-
ന്നടിയിലെച്ചെളി പൊന്തുന്ന കാഴ്ചയിൽ
അതുവരെ പിടിനൽകാത്ത ഗൂഢമാം
പകലുറക്കങ്ങൾ, ഒറ്റയാം പാഴില
പിടയുമാറുള്ള നിശ്ചലദൃശ്യങ്ങൾ
തൊടിയിൽ നമ്മെ വിളിച്ച മങ്ങൂഴങ്ങൾ.

ഇടരിലൂർന്ന കഴലിറക്കങ്ങളിൽ
അടിയിലെച്ചോന്ന മണ്ണു തെളിഞ്ഞതിൻ
അരുകിലാണ്ടു മുഴുകിയും സന്ധ്യതൻ
നിറമതിൽ തെല്ലുമാഞ്ഞും കലങ്ങിയും
അലസഗാമിയാമൊറ്റയാൻ പന്നിയാ-
ണുണരുമീ വനരാത്രിതൻ കൈമുതൽ

അകവനങ്ങളിലാനയിക്കും വഴി
ജലതരംഗങ്ങളാൽ ക്ഷണിച്ചെങ്കിലും
ഇരുളിൽ വെട്ടം ചിതറുന്ന പുല്ലല
തിരിവിലെത്തിയപ്പോഴങ്ങുദിച്ചതും
ഇനിയുമേറെയുണ്ടീക്കഥ ചൊല്ലുവാൻ
അതിന് മറ്റൊരു താൾ നൂർത്തെടുക്കണം.


എസ്. കണ്ണൻ

ശ്രദ്ധേയനായ കവി, എഴുത്തുകാരൻ. കാറ്റിൽ ഞാൻ കടന്ന മുറികൾ, ഉടുപ്പ് കവിതാസമാഹാരങ്ങൾ

Comments