ശാന്തികവാടം

വിറകിൽ പോകാൻ ആയിരത്തിയഞ്ഞൂറ്.
വാതകത്തിലോ, ഇരുനൂറ് അധികം വേണം.
ബസിലോ ട്രെയിനിലോ വിമാനത്തിലോ
എന്ന തിരഞ്ഞെടുപ്പ് സാധ്യതകളില്ല.
യാത്രാസുഖം അറിയാൻ വഴിയില്ല.
തിരിച്ചുവരവുമില്ല.

ഒരിക്കൽ മാത്രം.
ആവർത്തനച്ചെലവില്ല.
പറ്റുപുസ്തകത്തിലേക്കാൾ നന്നേ കുറവും.

നെല്ലുകുത്തുമ്പോൾ
തവിടും അരിയും വേർപിരിയുന്നത്
കണ്ടുനിന്നിട്ടുണ്ട്.
അതിനേക്കാൾ ലളിതമാണ്.

എല്ലിൽ പറ്റിക്കൂടിയ നെയ്യുരുക്കാൻ
മരക്കഷണങ്ങൾ അട്ടിയിട്ടിരിക്കുന്നു.
മുറിച്ച് കിടത്തിയപ്പോഴാണ്
കാതലും വെള്ളയും തരംതിരിഞ്ഞത്.
ഇനി മുറിച്ച മരങ്ങൾ
ഒറ്റത്തടിയെ പൊടിയാക്കും.

ശരാശരി ഇരുപതുപേരെ
ദിവസവും പൊടിയാക്കാറുണ്ടെന്ന്
സൂക്ഷിപ്പുകാരൻ പറഞ്ഞു.
ആരുടെ സൂക്ഷിപ്പുകാരൻ?
പൊടിയുടെ സൂക്ഷിപ്പുകാരൻ.
അമ്പുപെരുന്നാളിന്
മുറംനിറയെ അവലോസുപൊടി കണ്ടിട്ടുണ്ട്.
എന്താണിവിടെ വല്ലാത്ത മണം?
മനുഷ്യൻ കരിഞ്ഞുപോകുന്നതിന്റെ.
നന്നായി ചെളിപ്പൊത്തി സ്ഫുടം ചെയ്തിട്ടും
കുതറി പൊന്തിയ മണം.

സഞ്ചയനം എന്ന ബോർഡിനുതാഴെ
കുറച്ചുപേർ കുഞ്ഞുതോർത്തിൽ
പൊടിയിൽ രൂപമഴിഞ്ഞുപോയ
മനുഷ്യനെ അരിച്ചെടുക്കുന്നത് കണ്ടു.
അഴിച്ചിട്ട യന്ത്രത്തെ
പൂർവ്വരൂപത്തിൽ കൂട്ടിച്ചേർക്കുമോ?

സ്വർണപണിയുടെ സൂക്ഷ്മതയില്ല.
അഹംബോധം വെടിയാതെ വാശിപിടിച്ചിരിക്കുന്ന
എല്ലുകൾ അരിച്ചെടുക്കുന്നു, അത്ര മാത്രം.

കല്ലുകൾ കൂട്ടിയുരയുന്ന കിരുകിരുപ്പ്.
തെങ്ങിൻപ്പൂക്കുലയെ തല്ലുന്ന എല്ലിന്റെ ഒച്ച.

കൈകളിലെ എല്ല് മുട്ടെല്ലുമായും
വാരിയെല്ലിൻത്തുണ്ട് താടിയെല്ലുമായും സംസാരിക്കുന്നു.
അതോ, ശമിക്കാത്ത തൃഷ്ണകളുടെ നിലവിളിയാണോ?

സന്ധികളും പേശികളും ചെറു എല്ലുകളും
ഞരമ്പുകളും അടർന്നുമാറിയ ജീവനും
എവിടെയോ ഒളിച്ചുകഴിഞ്ഞു.
ഒത്ത എഴുപത്തിയൊമ്പത് കിലോ ദേഹമായിരുന്നു
തോർത്തുമുണ്ടിൽ അരിച്ചെടുത്തപ്പോൾ
പത്തിലൊന്നുപോലുമില്ല.

എത്ര ഗംഭീരനായ എഡിറ്ററാണ്
തീനാമ്പുകൾ.


Summary: Saanthi kavadam malayalam poem by Biju rocky.


ബിജു റോക്കി

കവി. മാധ്യമപ്രവർത്തകൻ. ബൈപോളാർ കരടി എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments