തേനീച്ച (ഒരു പരിഭാഷകന്റെ ഡയറിയിൽനിന്ന്)

ഴിഞ്ഞ വർഷം ഒരു മാസം
ആപ്പെനൈൻസിൽ ചെലവിട്ടപ്പോൾ
അവിടെ അവൾ താമസിച്ച വീടിന്റെ ചുമരുകളിലൊന്ന്
തേനിന്റെ കുത്തൊഴുക്കിൽ നിലംപതിച്ച കഥ
ഉറങ്ങുന്നതിനു മുൻപ് അവൾ പറഞ്ഞിരുന്നു.
രാത്രി മുഴുവൻ ആ ചൈനീസ് രതിനോവലിന്റെ
ശരിയായ പേര് ജിൻ പിംഗ് മെയ്,
പിംഗ് ജിൻ മെയ്, മെയ് ജിൻ പിംഗ്,
ജിൻ മെയ് പിംഗ്, ജിൻ ജിൻ പിംഗ്,
പിംഗ് പിംഗ് പിംഗ് എന്നാണോയെന്നാലോചിച്ച്
പാതിമയക്കത്തിൽ ഞാൻ നില കിട്ടാതെ ആടി.
ആ ഹോട്ടൽ മുഴുവൻ സ്വന്തമാണെന്ന മട്ടിലായിരുന്നു
അവൾ കിടന്നിരുന്നത്. ഉറക്കത്തിലും
അവളുടെ മാച്ചുവും പീച്ചുവും
ഉയരങ്ങളിൽനിന്ന് എന്നെ നിന്ദിച്ചു.

പിറ്റേന്ന്
പകൽ മുഴുവൻ അവൾ തേനിട്ട ചായ,
തേനൊഴിച്ച വെള്ളം
തേൻ ചേർത്ത കോക്ക്‌റ്റെയ്ൽ
(‘‘കോഫിയിൽ തേൻ പാടില്ല,
ആകാരം ചോരും'')
മാത്രമാണ് കുടിച്ചത് -
തേനിൽ കൈവിഷം കിട്ടിയതുപോലെ.
തേനിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് ടോൾസ്റ്റോയ്
എന്നവൾ.
എനിക്ക് തേനീച്ചകളെ ഇഷ്ടമല്ല, ഞാൻ പറഞ്ഞു,
ഒരു പൂവിലിരുന്ന് അടുത്ത പൂവിനെ
കൊതിക്കുന്നത് നല്ല സ്വഭാവമല്ല.
തേനീച്ചകൾ പുലരുന്ന നാട്ടിലേ ജനാധിപത്യം പുലരൂ,
അവൾ റൂസ്സോയെ കൂട്ടുപിടിച്ചു.
അക്കിലീസിന് തേനിൽ കിടന്ന് മരിക്കാൻ കഴിഞ്ഞില്ലല്ലോ,
ഞാൻ പരിഹാസമെറിഞ്ഞു.
മരിച്ചവർ ഇവിടെനിന്ന് പോകുമ്പോൾ കഴിക്കാനെടുക്കുന്ന
ഒരേയൊരു ആഹാരം തേൻ മാത്രമാണെന്ന് അവൾ തിരിച്ചടിച്ചു,
പിന്നെ, ഷെർലക് ഹോംസിന് അവസാനകാലത്ത്
തേനീച്ചക്കൃഷിയായിരുന്നു.
അവൾ ഫ്രഞ്ച് പഠിക്കാനായി
ഇംഗ്ലീഷിൽനിന്നു തിരിച്ച് ഫ്രെഞ്ചിലേക്കു പരിഭാഷപ്പെടുത്തിയ
പുസ്തകത്തിന്റെ പേര് ഞാൻ മലയാളത്തിൽ പറഞ്ഞു:
‘തിന്മയുടെ പൂക്കൾ.'
ആഹ്, ബീ ഫോർ ബോദ്‌ലേർ!
തോളെല്ലിനു ചുറ്റും കൂട്ടംചേർന്ന തേനീച്ചകൾ.
അവളുടെ കഴുത്തിനു പിന്നിൽ
ഞാൻ മുഖമമർത്തി: ഇനി നമുക്ക് അവശേഷിക്കുന്നത്
ഈ ചുംബനങ്ങൾ മാത്രം.
കൂടുവിട്ട് പോയാൽ മരിച്ചുപോകുന്ന, മൃദുരോമങ്ങളുള്ള
ഈ ചെറു ചുംബനങ്ങൾ മാത്രം.
പെട്ടെന്ന്, വരാനിരിക്കുന്ന പോയകാലത്തിന്റെ
മാധുര്യമോർത്ത് എനിക്ക് ചെടിച്ചു.
അതേ നൊടിയിൽ
അവളുടെ ഉടുപ്പിന്റെ റേന്ത സ്വയമഴിഞ്ഞുവീണു -
ഗ്രാവിറ്റിയുടെ മാധ്യസ്ഥ്യം.
ടെലിവിഷനിൽ പുതിയൊരു വാക്ക്:
നവോത്ഥാന വാശി.

അന്നു രാത്രിയും
ഉറക്കംമുറിഞ്ഞ് കിടക്കുമ്പോൾ
എനിക്ക് കൂട്ടായി
ഞങ്ങളുടെ ഉടമ്പടികൾക്കും മറ്റനേകം ഉടമ്പടികൾക്കും
സാക്ഷിയായ മേശവിളക്ക് -
വെള്ളത്തിൽ വരച്ച വരകൾ.
മേശവിളക്കുകളോട് സംസാരിക്കാറുണ്ടായിരുന്ന
കവിയെ ഞാനോർത്തു.
അവളുടെ കഥയോർത്തു:
കൂടു പൊട്ടി തേൻ കുത്തിയൊഴുകുമോ,
അങ്ങനെ ഒഴുകിയാൽതന്നെ
ചുമര് അടർന്നുവീഴുമോ,
എനിക്ക് വിശ്വസിക്കാനായില്ല.
അവളുടെ ബെൽറ്റിലെ മുതലയുടെ ചിത്രം
ഇപ്പോഴും തലതിരിഞ്ഞായിരുന്നു.
അല്ലെങ്കിലും
ചരിത്രത്തിലെ ചില തേനീച്ചകളെക്കുറിച്ചല്ലാതെ
യഥാർത്ഥ തേനീച്ചകളെക്കുറിച്ച്
എനിക്കൊന്നും അറിയില്ല.

Comments