അജിത് എം. പച്ചനാടൻ

സഹ്യപുത്രി

ലയിറങ്ങുമ്പോൾ,
വൈഗക്കുളിരിൽ നീന്തി
മധുര ചുറ്റി
മുന്തിരിച്ചാറ് മോന്തി
കമ്പം കടന്ന്
ശുരുളിമലയിൽ
കണ്ണകിയെ നമിച്ച കാറ്റ്
നിന്റെ സൗരഭ്യവുമായി
എന്നെ തൊടാൻ വന്നു.

നമ്മളാ കാറ്റിനെ
കുന്നിന്റെ ഒക്കത്തിരുത്തി
മംഗളാദേവി എന്നു ലാളിച്ചു.

പിന്നീട് ആ കാറ്റ്
എന്നെത്തേടിത്തേടി വന്നു.
കാറ്റിൽ നാം പറത്തിവിട്ട
ആനന്ദങ്ങളുടെ ചിറകിലേറി ഞാൻ
പീരുമേട് ചുറ്റി…;
പകൽക്കിനാവിൽ സദാ
മഞ്ഞുകാലത്ത്
പീർ മുഹമ്മദ്
കോടപുതച്ചു മയങ്ങുവതുകണ്ടു
മടങ്ങുമ്പോൾ
ചിറകു നനഞ്ഞ ശലഭങ്ങൾ
ചൂടുതേടി നിന്നെ കേണുവിളിക്കുന്നത്
ഞാൻ കേട്ടു.

ഓരോ പതംഗങ്ങളുടെയും
ചിത്രങ്ങളിൽ
നിന്റെ ചുംബനരശ്മികൾ
ഉദിക്കുന്നതും
തഴുകുന്നതും കണ്ടു.

പൂമ്പാറ്റ പോലെ
പാറുന്ന മന്ദഹാസം
തേയിലക്കുന്നുകൾക്കു
നടുവിൽ
പഞ്ചാരത്തരിയായ്
ഉള്ളിൽ മധുരിക്കുന്നു, നീ
സഹ്യപുത്രി.

നീ വാഴും
ഉയരത്തിലേക്ക് 
ഒറ്റക്കാലൻ നർത്തകനായ്
ഞാൻ വരുമ്പോൾ
നിന്റെ ബന്ധുമലകൾ
പാറകൾ എറിഞ്ഞ് വിരട്ടി.

പൈൻമരങ്ങൾ 
തണൽ മടക്കി ഒളിച്ചുവച്ചു.

ആകാശം 
ഉച്ചിയിലേക്ക് കനൽ ചൊരിഞ്ഞു.

പിച്ചവെക്കാനാവാതെ
ചോടുപിഴച്ചു, നൃത്തഭംഗം:

ഒരിക്കൽ
മണ്ണിടിച്ചിലിന്റെ
ഗർത്തത്തിൽ,
ഞാനെവിടെയോ
ഇരുട്ടിൽകുഴഞ്ഞ്
പുതഞ്ഞുപോയി.

അന്നുമുതലിന്നോളം
കാറ്റിന്
വണ്ടിപ്പെരിയാറിലെ
കഴുതച്ചാണകത്തിന്റെ ചൂര്.

Comments