സാജോ പനയംകോട്

ഒരു ചെയ്‌സ് വരയ്ക്കുന്ന കാർട്ടൂണിസ്റ്റ്

ലാൽസംഗം ചെയ്ത ശേഷം
ചീറിപ്പായുന്ന ഒരു കാറിനു പിന്നാലെ
മറ്റൊരു കാർ, ചുമയ്ക്കുന്നുണ്ടത്.

ഒരു ലോറി ഹൈബീമിൽ
അത് കണ്ടതുമാണ്, വഴിയരികിൽ
ദാഹിച്ചൊതുക്കിയ നേരത്ത്​

സംഗതി നടന്നത്
മരിച്ച വണ്ടികളുടെ മോർച്ചറിയിലത്രേ
അതിനടുത്തുവച്ച്
അള്ള് വച്ച് പഞ്ചറാക്കിയിരുന്നു
ആ കുഞ്ഞ് കാറിന്റെ തുടയ്ക്ക്‌മേൽ.

മുന്നിലും പിന്നിലുമായി
നിലം തൊടാതെ പായും
കാറുകൾക്ക് വിളയാടാൻ
റോഡ് ഇറുകെപ്പിടിച്ചു
നിവർന്നു കൊടുക്കുന്നുണ്ട്
നീട്ടി വിളിക്കുന്നുണ്ടാബുലൻസുകൾ,
ഒരപകടം തകിടം മറിയുമെന്ന്.

ശീൽക്കാരത്തിൽ തെന്നി മാറിയും
മേൽപ്പാലങ്ങളിൽ പൊങ്ങിച്ചാടിയും...

സി സി ക്യാമറകൾ
രണ്ട് കളിപ്പാട്ടങ്ങളുടെ കുസൃതിയായി
ഇത് പകർത്തി വയ്ക്കുന്നുണ്ടാകുമെന്ന്
രതിമൂർച്ചയിലുരസ്സുന്നുണ്ട്

ആകാശമപ്പോൾ ഒരു മഴയെ വീഴ്ത്താൻ
ആഞ്ഞ് പരിശ്രമിച്ചു, മച്ചിയെക്കണക്ക്.

ചുരത്തിക്കഴിയാത്ത മുലയായ്
മലയിടിഞ്ഞു വീഴല്ലേയെന്ന്
ആ പശു പിറുപിറുത്ത് ഇറച്ചിയായതുപോലെ...

നഗരം
ഇനിയെന്ത്, എന്നു ചോദിക്കുന്ന,
തമ്മിൽ കൊന്നും തിന്നും തീർത്ത
ഒരു മുറിയിൽ
കയറി ഒളിച്ചു നോക്കാൻ
തുടങ്ങിയ നേരത്താണ്
കാറുകൾ വഴി തെറ്റി
ആ കെട്ടിടത്തിന്റെ തുരുമ്പിച്ച
കമ്പികളിൽ വൈദ്യുതിയായി
ഓടിയോടി ബൾബുകളെ മിന്നിപ്പിച്ച്
തീ പിടിപ്പിച്ചു കളിക്കുന്നത്...
ഒരൊന്നാന്തരം കളി.

രണ്ട് കാറുകൾ
വേഗം മറന്ന് പറന്നു കൊണ്ടേയിരിക്കുന്നു.
അവർക്കൊന്ന്
കൂട്ടിയിടിച്ച് തെറിക്കേണ്ടതുണ്ട്,
തുണ്ടു തുണ്ടായി
സ്ലോ മോഷനിൽ ചോര ഇറ്റിറ്റ്
മുഖമിറ്റിച്ച് ഓരോ ചെറുതുമിറ്റിച്ച്
ഗ്ലും ഗ്ലും ഒച്ചവച്ച് ഭീതിപ്പെടുത്തി...
എന്നവർ ത്രില്ലടിച്ച് വിചാരിക്കുന്നുമുണ്ടാകും.

ഒരു കടൽ രണ്ടതിർത്തികൾക്ക്
തർക്കിച്ചു നിൽക്കുമ്പോഴാണ്
കാറുകൾ കപ്പൽപ്പാച്ചിലായി
ആഴപ്പെരുക്കങ്ങളിലൂളിയിട്ടോട്ടം...

ആകാശത്ത് രണ്ട് വീടുകളുടെ
വേലിക്കപ്പുറമപ്പുറം നിന്ന്
പന്തുതട്ടിക്കളിച്ച കുട്ടികൾ,
അതുവഴി പോയ കാറുകളെ ഡസ്സാൾട്ട് റാഫൽ എന്ന് കൂകി
മണ്ണിനടിയിൽ ഒളിക്കട്ടെ എന്നു
ചോദിക്കാൻ സമയം കിട്ടാതെ നിൽക്കുന്നുമുണ്ട്...

തന്റെ കൂരയ്ക്കുമേൽ
എന്തെങ്കിലും കേട്ടോ
എന്നോർത്ത് കാർട്ടൂണിനിസ്റ്റ്
ഒന്നു മൂരിനിവർത്താൻ
ഒരു നിമിഷം എടുത്തുവെന്ന് തോന്നുന്നു.
അയാൾ വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റി
മുറ്റത്തെ കരിയിക്കുന്നുണ്ടോ
എന്നു നോക്കി ഒരു ചീവീട്
ഒച്ച വെക്കുന്നുമുണ്ട്...

ഒരു ചൂണ്ടുവിരൽ
ട്രിഗറിൽ അമരുന്നുണ്ട്​

​▮


സാജോ പനയംകോട്

കവി, തിരക്കഥാകൃത്ത്, ചിത്രകാരൻ. പിമ്പുകളുടെ നഗരത്തിൽ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments