യേശുവിനെ കാണാൻ
സൈക്കിളിൽ പോയ പെൺകുട്ടി
'സമയമില്ല' 'സമയമില്ല' എന്ന്
വിളിച്ചുപറഞ്ഞത്, അകലെ
മായുകയായിരുന്നു,
ഒരു കുയിൽ കൂവി,
മൂന്നു തവണ.
പച്ചിലകൾക്ക് പിറകേ മറഞ്ഞിരുന്നോ.
സന്ധ്യയിലേയ്ക്ക് നോക്കിക്കൊണ്ടോ.
ഞാൻ കുയിലിനെ തിരഞ്ഞു.
കാണാതെ മടങ്ങി.
ആദ്യം ഇടവഴിയിലും, പിന്നെ തെരുവിലും മായുകയായിരുന്ന പെൺകുട്ടി,
അതേ രാത്രി എന്റെ ഉറക്കത്തിൽ കേട്ട
സൈക്കിൾബെല്ലിനു പിറകിൽ
ഒരു തവണ കൂടി കാണാതായി.
സൈക്കിളിൽ നിലം തൊടാതെ
അവൾ പറന്നത്, പിന്നെ
കണ്ടതേ ഇല്ല.
വെളിച്ചം പരക്കുമ്പോൾ, മരങ്ങളിൽ നിന്നും ഇരുട്ട് പറന്നു പോകുമ്പോൾ
പള്ളി മണികൾക്കിടയിലെ
സൈക്കിൾ ബെല്ലിന് ചെവിയോർത്ത് ഞാൻ വഴിയിൽ നിൽക്കുന്നു.
ക്രിസ്തുമസ് കഴിഞ്ഞുവോ എന്ന്
തിരിച്ചു പോരുന്നു.
