അവന്റെ ഒരു പാതി,
അവളുടെ ഒരു പാതി
അവർ മുറിച്ചെടുക്കും.
ഇടയിൽ പുരട്ടിയ
ഇഞ്ചി-വെള്ളുള്ളിക്കുഴമ്പിൽ
ഇലകളിൽ പൊതിഞ്ഞ
പ്രണയം വിരിക്കും.
സാൻഡ്‌വിച്ച് റെഡി.
വിറയ്ക്കുന്ന നാവുകൾ പിണച്ച്
രണ്ടുപേരതിൽ കുടിയേറും.
ചുട്ടുപൊള്ളുന്ന ചുണ്ടുകളാൽ
അവരതിനെ ചുംബിച്ചുണർത്തും.
ഉമിനീർപ്പുഴകൾ ഒന്നായൊഴുകും.
സെല്ലാറിലെ തിരിവെട്ടത്തിൽ
ഒരു മേശക്ക് ചുറ്റുമിരുന്ന്
അവർ പഴകിയ വീഞ്ഞ്
അൽപ്പാൽപ്പം മൊത്തിക്കുടിക്കും.
അവന്റെ കാലുകൾ കൊണ്ട്
അവൾ നൃത്തം ചെയ്യും.
അവളുടെ വിരലുകളാൽ
അവൻ വീണമീട്ടും.
രാവൊടുങ്ങും വരെ അവർ
ഗസലുകൾ പാടിക്കൊണ്ടിരിക്കും.
പുലർവെട്ടം വീഴും മുന്നേയവർ
സ്വന്തം വീടുകളിലേക്ക് മടങ്ങും.
പിന്നെ, അവരവരുടെ
ജോലികളിൽ മുഴുകും.
അവൻ വീട് വൃത്തിയാക്കും
ബ്രേക്ക്ഫാസ്റ് ഉണ്ടാക്കും
കുട്ടികളെ സ്‌കൂളിലാക്കും
വസ്ത്രങ്ങൾ അലക്കും
കമ്പനിയിൽ പോകും.
അവൾ കഞ്ഞിവെക്കും
കറിവെക്കും
കുഞ്ഞുങ്ങളെ നോക്കും
കെട്ടിയവന്റെ തെറി കേൾക്കും
ഓഫീസിൽ പോകും.
അപ്പോഴേക്കും അവൻ
അവളുടെ പേരും
അവൾ അവന്റെ പേരും
മറന്നിരിക്കും.
വീണ്ടും, പകലൊടുങ്ങുമ്പോൾ
അവർ സെല്ലാറിലെത്തും.
വീഞ്ഞുഭരണിയിൽ മുങ്ങിത്തപ്പി
ആ പേരുകൾ കോരിയെടുക്കും.
മനസ്സും ശരീരവും
പക രാകിയ കത്തിയാൽ
പരസ്പരം പകുത്ത് കരയും,
സാൻഡ്‌വിച്ച് ഉണ്ടാക്കും.
എല്ലാം മറന്ന് വീഞ്ഞ് നുണയും.

ജീജോ തച്ചൻ.
