സന്തോഷ് പാലാ

കോവിഡാനന്തരഭിനയം

ഓർമ്മകൾക്ക് ബാല്യമില്ല

വിശ്വാസങ്ങളുടെ
ചീട്ടുകൊട്ടാരത്തെ
വെല്ലുവിളിച്ച്
ഒരാൾ
കൊറോണയുടെ സുവിശേഷം
എന്ന പുസ്തകം വായിക്കുന്നു.
വായ് മൂടിക്കെട്ടിയ മുഖാവരണം
ചിരിയുടെ മുനകൊണ്ട്
ഏങ്കോണിക്കുന്നു

ഒരു കുഞ്ഞനുറുമ്പ് കടിച്ച വേദനയിൽ
തമ്പുരാനെ എന്ന് നിലവിളിക്കുന്നു.

വരൊക്കെ പണ്ടങ്ങനെയായിരുന്നു

ഒരു പത്രക്കടലാസിൽ
ലോകഭൂപടം വരച്ച്
ഇന്ത്യയേയും
ബ്രട്ടീഷ് കോളനികളെയും
കാട്ടിത്തരും

ഗാന്ധിയായും,
നെഹ്റുവായും,
അംബേദ്ക്കറായും
മാറിമാറി
ക്ലാസെടുക്കും

അവിഭക്ത കമ്മൂണിസ്റ്റ്
ഒളിവുകാലോർമ്മകൾ
പങ്കുവെക്കും

തർക്കോവ്‌സ്‌കിയേയും
ദോസ്‌തോവ്‌സ്‌കിയേയും
ഒരേ വേവ് ലെങ്ങ്തിൽ
വർത്താനിക്കും

യവനികയും,
എലിപ്പത്തായവും
വെറുതെ
അഗ്രഹാരത്തിലെ
കഴുതകളാക്കും

അട്ടിയിട്ട
സോവിയറ്റ് നാട്
പേപ്പറുകളിൽ
ജൂതസംസ്‌കാരം
ഓർമ്മിപ്പിക്കും

ഗോർബച്ചേവിനേയും
സ്റ്റാലിനേയും
പാർട്ടിയാപ്പീസിൽ
കസേരയിട്ടിരുത്തും

കൈപ്പന്തുകളിക്കും
കാൽപ്പന്തുകളിക്കും
മറാക്കാതെ സമയം
കണ്ടെത്തും

ഗാർണറുടെയും
ഹോൾഡിങ്ങിന്റെയും
തീപ്പന്തുകളിലൊടിഞ്ഞ
സ്റ്റമ്പുകളുടെ
കണക്കെടുക്കും

ബംഗ്ലാവിൽ
വർക്കിച്ചേട്ടന്റേയും
ശോശാമ്മയാന്റിയുടെയും
രഹസ്യങ്ങളുടെ ചുരളഴിക്കും.

ഇന്നിപ്പോൾ
തോമസ് സാറും
തീക്കനൽ ജോയിച്ചേട്ടനും
ഭിത്തിമേൽ പടങ്ങൾ ആയി
വർഗീസാശാൻ
തീവണ്ടിയാപ്പാസിൽ ക്ലർക്ക്.
വടക്കേലെ ശശിധരൻ ചേട്ടൻ
വില്ലേജിൽ ലാസ്റ്റ് ഗ്രേഡ്
ക്ണാപ്പ് ചന്ദ്രൻ
ടെലിഫോൺസിൽ കരാർജോലിക്കാരൻ
കേളുവമ്മാവൻ
ഇളയമകളുടെ കൂടെ മലബാറിൽ
സുഭാഷ്
വാസുമേസ്തിരിയുടെ കൂടെ കണ്ട്രാവി
ഗാവസ്‌കർ പപ്പൻ
മൂലമറ്റത്ത് ഹോം സ്റ്റേ നടത്തിപ്പുകാരൻ
കുന്നുകുഴി മാത്തൻ
പഞ്ചായത്ത് പ്രസിഡൻറ്​

അവരിരുന്ന പൂവരശിന്റെ ചോട്ടിലിന്ന് കുഞ്ഞെറുക്കന്റെ കടയില്ല
എങ്കിലും വാൽട്യൂബ് പൊട്ടിയ സൈക്കിളുമായൊരാൾ
ഏറെനേരമായി അവിടെ കാത്തുനിൽപ്പുണ്ട്.
ഇറക്കമിറങ്ങിവരുന്ന ബെല്ലടിയൊച്ചയ്ക്ക്
കാതുകൂർപ്പിക്കുന്നുണ്ട്.
വണ്ടിയിറങ്ങിപ്പോകുന്ന പാവാടനിറങ്ങളെ
വിടാതെ പിന്തുടരുന്നുണ്ട്.

ഡ്രോയിങ്ങ് ക്ലാസ്

ണ്ടു മലകളൊന്നടുപ്പിച്ചാൽ
മായാനെയുള്ളു സൂര്യൻ
രണ്ട് മേഘക്കീറുകളകറ്റിയാൽ
വിരിയാനെയുള്ളു ചന്ദ്രൻ
രണ്ട് വിരലുകളൊന്നമർന്നാൽ
തെളിയാനെയുള്ളൂ ചിത്രങ്ങൾ
രണ്ട് കൈകളൊന്നൊരുമ്പെട്ടാൽ
പൊലിയാനെയുള്ളു ജീവനത്രയും!

അവിചാരിതം

ത്ര പെട്ടന്നാണ് രണ്ട് മലകൾക്കിടയിൽ നിന്ന്
സൂര്യനുയർന്നുയർന്നു വരുന്നത്?
സൂര്യനെ നോക്കി തെങ്ങുകൾ ചിരിക്കുന്നത്
തോട്ടിറമ്പിലൊരു വീട്ടിലാളനക്കമുണ്ടാകുന്നത്
വാതിലുകളും ജനലുകളും തുറന്ന് കൂട്ടുകാരെ ക്ഷണിക്കുന്നത്
മുറ്റവും പൂന്തോട്ടവും കളിയിടങ്ങളാകുന്നത്
ഒരാൾ തോർത്ത് തലയിൽ കെട്ടി അമ്മയാവുന്നത്
ഒരാൾ മീശവരച്ചച്ഛനാവുന്നത്
ഞാനൊരു കുഞ്ഞാവുന്നത്, എനിക്കൊരു പെങ്ങളുണ്ടാകുന്നത്
ഒറ്റവീശിലത്ഭുതമായി പകലൊഴിയുന്നത്
മാനത്ത് ചന്ദ്രനും താരങ്ങളുമെത്തുന്നത്
അച്ഛനുമമ്മയ്ക്കുമൊപ്പം ഞാനും പെങ്ങളുമുറങ്ങിപ്പോകുന്നത്
ഉറക്കത്തിലൊറ്റയാൻ ചിന്നം വിളിക്കുന്നത്
കോഴിക്കൂട്ടിലൊരു പെരുമ്പാമ്പിഴയുന്നത്
ബെല്ലും ബ്രെയ്ക്കുമില്ലാതെ കൊക്കരക്കോ മുഴങ്ങുന്നത്?
ഒടുക്കമൊരു ചെറിയ സ്ലെയിറ്റിലെ വലിയ പൂജ്യമായി
ഇടയ്ക്കിടയ്ക്കിങ്ങനെ ഞെട്ടിയുണരുന്നത്?


സന്തോഷ് പാല

കവി, എഴുത്തുകാരൻ, എഞ്ചിനീയർ. ന്യൂയോർക്കിൽ ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നു. കമ്യൂണിസ്​റ്റ്​ പച്ച, കാറ്റുവീശുന്നിടം എന്നീ പുസ്​കങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments