വിനയ ആൻ ആലപ്പാട്ട്

ശരീരവും ധ്യാനവും

ല്ലുകൾ ഓരോന്നായി ഊരി
പെറുക്കി കൂട്ടി
കഴുകി വെടിപ്പാക്കി
പ്രാർത്ഥന പോലെ

ചില്ലുജാറിലേ ഉപ്പുവെള്ളത്തിൽ
അടക്കളയിലെ ഏറ്റവും താഴത്തെ അറയിൽ
വെളിച്ചം മറന്നുപോയ ഒരു മൂലയ്ക്ക്
ഇറക്കി വെക്കും

എന്റെ കാത്തിരിപ്പിന്റെ ജ്ഞാനസ്‌നാനം

വെയിൽ മൂത്തപ്പോൾ
ചൂടിറങ്ങിയപ്പോൾ
കാൽ നഖങ്ങൾ ഓരോന്നായി അഴിച്ചുമാറ്റി
ഇളം ചൂടിൽ ലോലമായ
തൊലിയുടെ ഒരു പാട
ഭയപ്പാടോടെ തന്റെ ഇറച്ചിയെ
പൊതിഞ്ഞു പിടിക്കുന്നു
ചൂണ്ടുവിരലിന്റെ വെള്ള
അതുങ്ങളെ, തലോടലിന്റെ സുവിശേഷം അറിയിക്കുന്നു

നഖങ്ങളൊക്കെ അഴിച്ചുമാറ്റിയാൽ
തൊലിയാകെ ചീളിയെടുത്താൽ
ബാക്കിയാകുന്ന എല്ലും ഇറച്ചിയുും
തങ്ങളുടെ സൗന്ദര്യത്തെക്കുറിച്ച്‌ പരസ്പരം പരിഭവം പറയുമോ?

രണ്ട് നീളൻ കൈകളും
രണ്ട് നീളൻ കാലുകളുും
ഭൂപടക്രമം തെറ്റിയ കണക്ക്‌ പല വലിപ്പത്തിൽ വിരലുകളും.
ഈ ആകൃതിയുടെ ദാഹം
ത്വരണം
വേദന
ഏത് സ്നേഹത്താൽ
മാറ്റി എഴുതപ്പെടും!

സംസാരിക്കു​മ്പോൾ ഞാൻ ശബ്ദവും വാക്കുകളും മറന്ന്
ചുണ്ടുകളുടെ ചലനം ശ്രദ്ധിക്കുന്നു.
വിരലനക്കങ്ങളും
ഉള്ളംകയ്യിലെ പുഴയൊഴുക്കിന്റെ ഓർമപ്പാടുകളും നോക്കുന്നു.
ഭാഷയിലില്ലാത്ത അക്ഷരങ്ങൾ എന്റെ ചുണ്ടിൽ നിറയുന്നു
ഞാൻ അവയെ നിന്റെ ചുണ്ടിലേയ്ക്ക് വിവർത്തനം ചെയ്യുന്നു.▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വിനയ ആൻ

കവി. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘ഉദയസൂര്യനും രാത്രിനക്ഷത്രങ്ങളും' എന്ന കവിതാസമാഹാരം പ്രസദ്ധീകരിച്ചു. 14ാം വയസ്സുമുതൽ യുണൈറ്റഡ്​ സ്​റ്റേറ്റിൽ താമസം. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥി.

Comments