ഇളങ്കാറ്റുകളുള്ളിൽ
ഇലഞ്ഞിപ്പൂപൊഴിക്കും
കൗമാരനാളുകളിലൊന്നിൽ
ഒരു സന്ധ്യമയക്കത്തിന്
കളികഴിഞ്ഞ് വീട്ടിലേക്ക്
പാഞ്ഞുചെന്നടുക്കളവഴി
കയറുമ്പോൾ
പാതകത്തിനടുത്ത്
അമ്മയുടെ പുറകിലേക്ക്
ഒരു തത്തപ്പച്ച മറയുന്നു.
മറഞ്ഞ തത്തയും ഞാനും
ഒരസമയം എത്തിനോക്കി
രണ്ടുമിന്നലുകൾ
തമ്മിലുരഞ്ഞപോലെ നെഞ്ചിലൂടൊരെരിച്ചിൽ
വളഞ്ഞുപുളഞ്ഞുപോയി.
തത്ത മുഴുവനായും
അമ്മയുടെ മറവിൽ മറഞ്ഞു.
മുട്ടിനുതാഴേക്കെനിക്ക് ഭാരമില്ലാതായി
അകമുറിയിലേക്ക് കയറുമ്പോൾ
വീടാകെയേതോ സുഗന്ധം
പരന്നിട്ടുള്ളതായി തോന്നി.
പുതയുന്ന കാലുകൾ വലിച്ചുവെച്ച്
മേഘമെത്തയിലൂടെന്നപോലെ
ഞാനെന്റെ മുറിയിലേക്ക് പോയി.
ഒരു കുപ്പിവളക്കിലുക്കം
പിന്നാലെവന്ന് കാതിൽ തൊട്ടു.
നേരം സന്ധ്യയായി
അമ്മ വിളക്കുകത്തിച്ചു നാമം ചൊല്ലി.
അമ്മയുടെ ശബ്ദത്തോടൊപ്പം
അവളുടെ ശബ്ദവും
ഇടകലർന്നുകേട്ടു.
കതകിന്റെ വിടവിലൂടെ
ഞാനൊളിഞ്ഞുനോക്കി.
എണ്ണത്തിരിവെളിച്ചത്തിൽ
അടഞ്ഞുതുറക്കുന്ന അവളുടെ
കരിമഷിയെഴുതിയ കണ്ണുകൾ.
അത്താഴം കഴിച്ച്
പായകൾ വിരിച്ച്
എല്ലാവരും നിലവിളക്കിന് ചുറ്റുമിരുന്നു.
അവളുടെ മന്ത്രവാദി അപ്പൂപ്പൻ
പീഠത്തിൽ കളം വരച്ച്
കവടിനിരത്തി
ഒരുപിടി ചുറ്റിച്ചുവാരി
അതിനെ വേർതിരിച്ച്
അടഞ്ഞ ശബ്ദത്തിൽ
ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.
അച്ചനും അമ്മയും അമ്മാവനും അതുകേട്ടുകൊണ്ടും
ഓരോന്ന് ചോദിച്ചുകൊണ്ടുമിരുന്നു.
മന്ത്രവാദിയപ്പൂപ്പന് പുറകിലവൾ
അമ്മയുടെ പുറകിൽ ഞാൻ
അപ്പൂപ്പന്റെ മണികിലുക്കങ്ങൾ
എന്റെ കാതിൽ വളകിലുക്കങ്ങളായി.
ഞങ്ങളുടെ കണ്ണുകൾ ഇടയ്ക്കിടെ
തമ്മിൽ കോർത്തു,
അച്ചൻ ഇടയ്ക്കിടെ
മുറ്റത്തെ പന്തങ്ങൾക്ക്
എണ്ണപകർന്നു,
അമ്മ ഇടയ്ക്കിടെ
കാപ്പി അനത്താൻ
അടുക്കളേൽ പോയി,
അമ്മാവൻ ഇടയ്ക്കിടെ
പൊകല വായിൽ തിരുകി.
‘‘ഇച്ചിരി കടുത്ത കൈവെഷാ
ഉള്ളിച്ചെന്നേക്കണേ,
മഷിയിട്ടുനോക്കണം
തെളിയാനിച്ചിരി നേരമെടുക്കും,
പാതിരാകഴിയും,
കുട്ടികൾ വേണെങ്കി
കിടന്നോട്ടെ’’.
അവളെയും എന്നെയും
മാറിമാറി നോക്കി
അപ്പൂപ്പൻ പറഞ്ഞു.
അവളെഴുന്നേറ്റ്
അകത്തെ മുറിയിലേക്ക് പോയി
കട്ടിലിൽ കയറിക്കിടന്നു.
എന്റെ മുറിയിലേക്ക് നടക്കുമ്പോൾ
ഞാനവളെയൊന്ന് നോക്കി.
പത്തായത്തിന്റെ മുകളിലെ
മണ്ണെണ്ണ വിളക്കിന്റെ
അരണ്ട വെളിച്ചത്തിൽ
വശം ചെരിഞ്ഞുകിടന്ന അവൾ
ചെറുതായി ചിരിച്ചു; ഞാനും.
എന്റെ കാതിലവളുടെ
കറുത്തകുപ്പിവളകൾ
പിന്നെയും കിലുങ്ങി.
അടുത്തമുറിയിലെ
ഉടുപ്പുലയുമൊച്ചയും
ശ്വാസഗതികളും
വളകിലുക്കങ്ങളും
കേട്ടുകേട്ട് ഞാനുറങ്ങിപ്പോയി.
രാവിലെ ഉണർന്നപ്പോൾ
അമ്മയല്ലാതാരെയും
വീട്ടിൽ കണ്ടില്ല.
കുറേനേരം അടുക്കളേൽ
ചുറ്റിപ്പറ്റി നിന്നപ്പോൾ
കണ്ണും മുഖവും
ഒരു മൂളലും കൊണ്ട്
അമ്മ ‘എന്തേ’ന്ന് തിരക്കി,
‘‘അവരൊക്കെയെവിടെ
എല്ലാരും പോയോ’’, ഞാൻ ചോദിച്ചു,
‘‘അവരൊക്കെ നേരം
പരുപരാ വെളുത്തപ്പഴേ പോയി, ങ്ഹും...എന്തേ?’’
‘‘ഒന്നൂല്ല... ആ കൊച്ചിന്റെ
പേരെന്താരുന്നു’’,
‘‘താരേന്നോ മറ്റോ ആണ്,
വീട്ടിൽ തത്തേന്നും’’,
അടുപ്പിലേക്ക് വിറക്
ഉന്തുന്നതിനിയിൽ അമ്മ പറഞ്ഞു.
‘സ്കൂളിൽ താര, വീട്ടിൽ തത്ത
സ്കൂളിൽ താര, വീട്ടിൽ തത്ത’
എന്നുരുവിട്ടുകൊണ്ട് ഞാൻ
മുറ്റത്തേക്കിറങ്ങി.
മഞ്ഞിൽ കുതിർന്ന,
കെട്ട പന്തങ്ങളെന്നെ
കൊഞ്ഞനം കുത്തുന്നതായ് തോന്നി.
ഒരു പറവക്ലിപ്പ്
രണ്ടുനീളൻ മുടിയിഴകൾ
മൂന്ന് കറുത്ത വളപ്പൊട്ടുകൾ
കണ്ണാടിയിലെ സ്റ്റിക്കർ പൊട്ട്
ഭിത്തിയിലെ കൺമഷിപ്പാട്
ഇതൊക്കെ അവൾ
മറന്നുപോയതോ,
അവളെ മറക്കാതിരിക്കാൻ
മറന്നുവെച്ചതോ.
അവളെഴുന്നറ്റുപോയിട്ടും
അവളുടെ ചൂടാറാത്ത കട്ടിലിൽ
ഞാനിത്തിരിനേരം വെറുതെ കിടന്നു.
