അമ്മ തൊട്ടാലല്ലാതിണങ്ങാത്ത
അമ്മിണിപ്പയ്യിനിപ്പോൾ
അനുസരണക്കേട് തീരെയില്ല
മയ്യെഴുതിയ അവളുടെ കണ്ണുകൾ
അടി കാണാത്ത, പേടി തോന്നിപ്പിക്കുന്ന
തടാകങ്ങൾ പോലെ! മണിക്കുട്ടി ഓർത്തു...
എപ്പോഴും ഒച്ചയും വഴക്കുമിട്ടു നടക്കാറുള്ള
കൊച്ചേച്ചി പരിസരമാകെ മറന്ന്
ആ ആഴങ്ങളിൽ നോക്കി നിൽപ്പാണ്...
ആർത്തലച്ചു പെയ്യുന്ന വേനൽ മഴയിൽ
"തുണി നനയാതെ പെറുക്കി വെക്കെന്റെ പിള്ളേരെ'
എന്ന് അമ്മ ഒച്ചയിട്ടതേയില്ല, എന്നിട്ടും
ഒരു തുള്ളി നനയാതെ തുണികളൊക്കെ
അകമുറിയിലെത്തിയിട്ടുണ്ട്!
പാലൊട്ടും തിളച്ചു തൂവാതെ,
കഞ്ഞിക്കലത്തിന്റെ അടുപ്പിലെ തീ കെടാതെ,
കണിശമായി നോക്കുന്നുണ്ട് വല്യേച്ചി....
എപ്പോഴും മൂളിപ്പാട്ടും പാടി, സ്വപ്നം കണ്ടൊരുങ്ങി,
കണ്ണാടി നോക്കി ചിരിച്ച് നടന്ന വല്യേച്ചി എപ്പോഴാണ്
അമ്മയെ പോലെയായത്, അല്ല, അമ്മ തന്നെയായത്?
മണിക്കുട്ടിക്ക് ഒന്നും പിടി കിട്ടുന്നില്ല
അമ്മയുടെ നിഴലിപ്പോഴും മുറ്റത്തും തൊടിയിലും
ഓടി നടക്കുന്നതവൾ കാണുന്നുണ്ട്
കഴിഞ്ഞ ദിവസം, കിണറ്റിൻകരയിലിരുന്ന്
ചനച്ചു തുടങ്ങിയ പേരക്ക കാർന്നു തിന്നുമ്പോളാണ്
ആടിനെ മാറ്റിക്കെട്ടാൻ പോയ അമ്മ ബോധം കെട്ടു വീണെന്ന്
വല്യേച്ചി നിലവിളിച്ചതും ആരൊക്കെയോ കൂടി
അമ്മയെ വാരിയെടുത്തോണ്ട് പോയതും.
അതിനും രണ്ടു ദിവസം മുന്നെയാണ്
അമ്മ ചുമയ്ക്കാനും തുമ്മാനും തുടങ്ങിയതും,
"അടങ്ങിയിരിക്കാൻ പറഞ്ഞാൽ കേൾക്കില്ലെ'ന്ന്
കൊച്ചേച്ചി ലോകത്തെങ്ങുമില്ലാത്ത പുകിലുണ്ടാക്കിയതും,
"കൊറോണയൊന്നുമല്ലെന്റെ കൊച്ചേ
രാവിലെ മൂക്കു മൂടാണ്ട് വെറകുപൊര അടിച്ചു
വാരിയേന്റെ'യാണെന്ന് അമ്മ സമാധാനപ്പെടുത്തിയതും.
എന്നിട്ട് പക്ഷെ അമ്മ പിന്നെ തിരിച്ചു വന്നില്ല!
അപ്പന്റടുക്കലോട്ട് പോയതാന്നു വല്യേച്ചി..
ഒച്ചയും ബഹളവും മറന്ന് കൊച്ചേച്ചി...
വേലിക്കൽ വന്ന് "കഞ്ഞി കുടിച്ചോ,
ചന്തേന്ന് വല്ലതും വേണോ' എന്നൊക്കെ
ചോദിച്ചേച്ചു തിരിച്ചു പോകുമ്പോൾ
റോസിച്ചേടത്തി കണ്ണുതുടയ്ക്കുന്നതും
മൂക്കുചീറ്റുന്നതും മണിക്കുട്ടി കണ്ടാരുന്നു.
മണിക്കുട്ടിക്ക് മിണ്ടാനും പറയാനും
പെട്ടന്ന് ആരുമില്ലാണ്ടായി
പുള്ളിക്കിടാവും ആട്ടിൻകുഞ്ഞുങ്ങളും
എവിടെ പോയീന്നു കണ്ടില്ല
അമ്മയുടെ നിഴലുമാത്രം തൊടിയിലൂടെ
ഓടി നടക്കുന്നതവൾ കാണാറുണ്ട് .
രാത്രി കെടക്കുമ്പോൾ
മണിക്കുട്ടിക്ക് അമ്മേടെ മണം വേണം
എത്ര ദിവസാന്നും വച്ചാ
അമ്മേടെ സാരീം പൊതച്ചിങ്ങനെ..
പരാതി പറയാൻ അമ്മേടെ നിഴലു തേടി
മണിക്കുട്ടി തൊടിയിലേക്കിറങ്ങി...
▮