ഷിഫാന സലിം

​​​​​​​​​​​​​​സീതായനം

രുളിലൊരു കനം
തൂങ്ങുന്നതും വറ്റിയ
കണ്ണുകളിൽ ഒരു
പുഴ കവിയുന്നതും കണ്ടു.

പെറ്റുപോരാത്ത പൈതങ്ങളുടെ
ഹൃദയമിടിപ്പ് പോലെ
കൂടുകയും കുറയുകയും
ചെയ്ത് കരിനീലിച്ചു പോയ
മറുപിള്ളകളിൽ രക്തത്തിന്റെ
കടും ചുമപ്പ് കലർന്നു.

ഒഴുക്കിൽ ഒരു പുഴക്കൊപ്പം
മരിച്ചു പോയ പൈതങ്ങളുടെ
ചിരിയും കരച്ചിലും ഒരുമിച്ച് കേട്ടു.

എന്തിനാണെന്ന് പോലും പറയാതെ
കൊന്നു കളഞ്ഞവളുടെ നിർത്താത്ത
രോദനങ്ങളിൽ ഒരു ദൃക്സാക്ഷി
കണ്ണുകളടച്ചു.

ഭൂമി പിളരുകയും സീതമാർ മരിച്ചു
പോവുകയും ചെയ്തു..
അക്ഷരങ്ങൾക്ക് ശബ്ദമില്ലാത്ത
ഒരു കൂട്ടം രാമസ്തുതികൾ കാറ്റിൽ
പറന്നു.

തട്ടങ്ങൾക്കിടയിൽ കിടന്ന്
നിസ്‌കാരപ്പായ വിലക്കിയ
പെണ്ണിന്റെ സ്വത്വങ്ങൾ സുജൂദുകൾക്കിടയിൽ
കെട്ടഴിഞ്ഞു വീണു.

തൊട്ടുതീണ്ടായ്മകളുടെ
ഉച്ചിഷ്ടങ്ങൾക്കിടയിൽ
ഒരു മുള പൊട്ടിമുളക്കുകയും
തളിർക്കുകയും ചെയ്തു.

ചേറു വീണ വഴികളിൽ
വിയർപ്പിന്റെ ഗന്ധങ്ങളിൽ
സുഗന്ധങ്ങളലിഞ്ഞു വീണു
പുതിയ മണങ്ങളുണ്ടായി.

കിതച്ചും വിയർത്തും
ഓടിയ മനുഷ്യൻ മരിക്കും
മുൻപ് കാലിലൊരു കനമുള്ള
ചങ്ങലക്കൂട്ടം ഉരയുന്നത് കേട്ടു.

ഇന്ന് കൂടെയില്ലാത്ത മനുഷ്യർ
അപഹരിച്ചു തീർന്നു പോയ നേരങ്ങളിൽ
യുവത്വം മരിച്ച മനുഷ്യർ
ആത്മഹത്യ ചെയ്തു.

അവർ നോക്കിയ കണ്ണാടികളിൽ,
പ്രതിബിംബങ്ങളിൽ നിങ്ങൾ
കാണാത്തൊരു നിങ്ങളുടെ
നിങ്ങളുണ്ടായിരുന്നു..
ഞാനുമുണ്ടായിരുന്നു!


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഷിഫാന സലിം

കവി. കരിനീല ദംശനങ്ങൾ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments