കട്ടപ്പനത്തങ്കമണിക്കടുത്ത്
അന്ന്‍ ഒരോലപ്പുരയിൽ
കരാട്ടേ പഠിപ്പിക്കുന്നുണ്ട്.
വണ്ടീം വള്ളോംപിടിക്കാൻ
പാടുപെട്ട്, നടത്തമാണ്
ആഴ്ചയിൽ മൂന്നുവട്ടം.
നാട്ടുകാരനായ
സെൻപായിയ്ക്കൊപ്പം
ചില്ലറയടവുകൾ
പഠിക്കാൻ കൂടെപ്പോകും.
ചെലവിനുള്ളതു
കിട്ടില്ലെങ്കിലും
വാറ്റും വെടിയിറച്ചിയും
നല്ലോണം കിട്ടും.
നാട്ടിലെ
ചട്ടമ്പിപ്പിള്ളേരും
കൂലീം വേലയുമില്ലാത്ത
കുറേ എണ്ണങ്ങളുമാണ്
ശിഷ്യന്മാർ.
'ത്ഗൂ, ത്‌ഗൂ’
എല്ലാവരുംകൂടെ
'പഞ്ചു'കൾ പെരുക്കുമ്പോൾ,
ഓലപ്പെരയുടെ കഴുക്കോലുകൾ
ഇളകിവിറയ്ക്കും!
ആനയും മറുതയുമുള്ള
കാട്ടുവഴിയിലൂടെ
രാത്രിയിൽ
തിരിച്ചുപോരുമ്പോൾ,
സെൻപായിയുടെ കൈയില്‍
നഞ്ചുക്കു*മുണ്ടാകും
പണ്ട്
കരടിയുടെ നെഞ്ചിടിച്ചുചതച്ച
കഥയൊക്കെ പറഞ്ഞാണ്
ആൾടെ നടത്തം.
ടോർച്ചടിച്ച്
കാടു കടക്കുമ്പോൾ,
പിന്നിൽ മരക്കണ്ണുകൾ
തിളങ്ങിനില്ക്കും.
ആയിടയ്ക്കാണ്
തങ്കമണിയിൽ
വെടിവെയ്പ്പുണ്ടാകുന്നത്.
ഒറ്റയ്ക്കുപോയ
സെൻപായിയെ
കുറച്ചുപേർ
വളഞ്ഞിട്ടുപിടിച്ചുകെട്ടി,
ബെൽറ്റു കത്തിച്ചു.
അതിൽപ്പിന്നെയാരും
ആളെ കണ്ടിട്ടില്ല.
എങ്കിലും
പൊളിഞ്ഞുവീഴുന്ന
കാലംവരെ
ഓലപ്പുരയ്ക്കരികിൽനിന്ന്‍
'ത്ഗൂ, ത്ഗൂ' എന്ന്
കേൾക്കുമായിരുന്നത്രേ.
▮
*സെൻപായി: കരാട്ടയിലെ പരിശീലകനെയോ സ്ഥാനത്തിൽ മുന്തിയവരെയോ സൂചിപ്പിക്കുന്നു.
*നഞ്ചുക്ക്: രണ്ടു വടികളടങ്ങുന്ന ആയുധം. അറ്റത്ത് ചെറിയ ലോഹശൃംഖലയോ കയറോ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.
