സിദ്ധാർഥ്​ എസ്​.

ഴ പെയ്യുമ്പോൾ
വെയില് കുത്തണേന്നും
വെയില് കുത്തുമ്പോൾ
മഴ പെയ്യണേന്നും
കനവ് തുന്നുന്ന
ഞങ്ങൾക്കിടയിൽ,
തലവഴി പാരുന്ന
പച്ചവെള്ളമാണ്
ശാ എന്ന ശാരദേട്ടി.

അടുക്കളപ്പുറത്തെ
ചാവടുത്ത
കൈക്കലത്തുണിക്കൊപ്പം
'ശാ’കൂട്ടിരിക്കും.

അവൾ കൈക്കലത്തുണിയിൽ
കരി തേക്കുമ്പോ
കരിമരുന്നുപ്രയോഗം
കിട്ടിയ സുഖമാണ്
തുണിക്ക്.

ഞങ്ങൾക്കുമുന്നിൽ
പാട കൊണ്ട്
മുഖം കെട്ടിയ കഞ്ഞിവെള്ളം
‘ശാ’ പറയുമ്പോ
മാത്രം വെളിപ്പെടും.

അവർ തമ്മിൽ
അലിയും.

അലിവിന്റെ വെള്ള
‘ശാ’ യുടെ മുടിക്കെട്ടിൽ
കൊഴുത്ത പൊറ്റ
കൂട്ടും.
അതവളുടെ താരനെ
വിഴുങ്ങും.

പപ്പടം കാച്ചുമ്പോ
കടുക് വറക്കുമ്പോ
കറിക്ക് ഉപ്പിടുമ്പോ
നാക്കില വെട്ടി
നിരത്തുമ്പോ
അടുക്കള പ്രപഞ്ചം
‘ശാ’യെ പ്രേമിക്കും.
ഞങ്ങളെയും ഞെട്ടിച്ച്
‘ശാ’
അത് തിരസ്കരിക്കും.

നഖത്തിനറ്റത്ത്
ഉമ്മ വെച്ച്
അവൾ തന്റെ തിരസ്കാരത്തെ
ആഘോഷിക്കും.

കൈത്തണ്ടയിൽ
മുഴച്ച
പൊക്കളകെട്ടിനെ
ഞെക്കി,
ആ വെള്ളം നക്കി
ശാ
അതിലുപ്പുണ്ടോ
എന്നു നോക്കും.

ചണ്ടിയായ തൊലിയിൽ
തൊട്ട്
വേവുണ്ടോയെന്ന് ഉറപ്പിക്കും.
എന്നോ
മാനം നോക്കി
കനവിൽ കുത്തിയിരുന്ന
ഞങ്ങളവളെ
വിഭവമായി ഒരുക്കി.

ഒരുക്കിയതെല്ലാം
തൈക്കുണ്ടിൽ ചെരിഞ്ഞു.

തളംകെട്ടിയ വിഭവത്തെ
നോക്കി
നിന്നെ മഴയെടുക്കുമെന്ന്
പറഞ്ഞ ഞങ്ങളിൽ
‘ശാ’ ആദ്യമായി
തിളച്ചവെളളമൊഴിച്ചു.

ശരിയായ അളവ്
ശരിയായ വേവ്
‘ശാ’പാകം.

പുച്ഛം നുരിക്കുന്ന
വീടിന്റെ കോണുകളെ നോക്കി
മുടിയഴിച്ച്
കാലകത്തി
‘ശാ’
ഞങ്ങളെ കഴിച്ചു.

അവളുടെ
വയറ് നിറഞ്ഞു.


Summary: പപ്പടം കാച്ചുമ്പോകടുക് വറക്കുമ്പോകറിക്ക് ഉപ്പിടുമ്പോ നാക്കില വെട്ടി നിരത്തുമ്പോ അടുക്കള പ്രപഞ്ചം ‘ശാ’യെ പ്രേമിക്കും. ഞങ്ങളെയും ഞെട്ടിച്ച് ‘ശാ’അത് തിരസ്കരിക്കും.


സിദ്ധാർഥ്​ എസ്​.

കവി. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ വയനാട് സെന്ററിൽ ഒന്നാം വർഷ മലയാളം ബി.എഡ് വിദ്യാർത്ഥി

Comments