നൂറ്റാണ്ടുകൾ കടന്നെത്തുന്ന
ഭിക്ഷുവിന്റെ ജീവിതകഥ
▮
നീണ്ട കവിത തുടർച്ച
▮
ദലം 7
കോലകം മുന്നിൽ തെളിഞ്ഞു നാലാളുകൾ
ശ്വാന ശൌര്യത്തോടടുക്കവേ
വാളിനാൽ വെട്ടിമുറിച്ചു മുന്നേറി
മുറ്റം കടന്നുമ്മറത്തേക്കുറ്റു നോക്കി,
വാളിൽ ചേർന്ന മിന്നലെ
കല്ലിലുരച്ചു വിടർത്ത തീ,
പന്തത്തിലേക്ക് പകർന്നു,
മേൽക്കൂരമേലാകെ കൊളുത്തിപ്പടർത്തി
അത്യുച്ചത്തിൽ അഗ്നിവൃക്ഷങ്ങൾ വളർന്നു.
കാട്ടുതീ വിട്ടു പറക്കുന്ന പക്ഷികൾ
ദീനനാദത്തിരയായിറങ്ങും മട്ടി-
ലുള്ളിലെയാളുകൾ,
സ്ത്രീകൾ കിടാങ്ങളും
ആയുധധാരികളാണുങ്ങളായവർ
ഒക്കെയിറങ്ങുന്നു,
വാൾമുനത്തുമ്പിലായ്
നെഞ്ചും കഴുത്തും
കൊരുത്തു നേദിക്കുന്നു,
പ്രാണനോരോ വിധം
പ്രാണികൾ മാതിരി.
മുറ്റം നിറഞ്ഞുയരുന്നു
രക്താംബുധി.
തൻ ഗുരുവാക്യം മുറിഞ്ഞു,
കുടിപ്പക വൻമരുവായിട്ടുണക്കി മനസ്സിനെ.
പ്രായലിംഗാദികൾ നോക്കാതെയക്കുലം
പാടെ മുടിച്ചു കത്തിച്ചു ലായങ്ങളും.
പൂമുഖം ചോരച്ചുവപ്പാർന്നു,
ദേഹവും
അന്തിവിണ്ണും നിണച്ചാറിൽ നനഞ്ഞൊരാ യുദ്ധക്കളം
മൃതിച്ചിത്രം വരയ്ക്കുന്നു.
മെല്ലെ ഞെരങ്ങിയ
പൊണ്ണനാം കാരണോർ
മങ്ങിയ പാടലക്കണ്ണിനാൽ കണ്ടൊരു സംഹാരരൂപിയെ
ചെങ്കനൽ കണ്ണിനെ!
യാചിച്ചിടും മുമ്പ്
നെഞ്ചിൻ കുടത്തിലായ്
പൊള്ളിയാഴുന്ന
പഴുത്ത ലോഹത്തിനെ.
▮
മൃത്യു, മൗനത്തിൻ പതാക നാട്ടി
നിണപങ്കിലഭൂമിക്ക് ചുറ്റും
നിരന്നവർ, സ്തംഭിച്ചു പോകെ
മുഖം തിരിച്ചാകാശ ദേശത്തിലാദ്യം വിടർന്ന നക്ഷത്രത്തെ
നോക്കിക്കിതച്ചു
നിലങ്ങളാറും വരെ.
▮
ദലം 8
യുദ്ധം ജയിച്ച സൂര്യന്റെ പുലർച്ചയിൽ കൂരയിലേക്ക് നടന്നുചെല്ലുന്നവൻ
തന്വി സഹോദരി, പ്രേയസി മേതിനി
എങ്ങോ മറഞ്ഞുപോയ്
ശൂന്യമായക്കുടിൽ!
ആകെത്തരിച്ചു നിൽക്കുന്നവൻ വാതിലിൽ
ഞാലുന്നൊരോലയിൽ
ആളിനിന്നക്ഷരം:
‘‘നാല്പതു ജീവന്റെ പാപശാപങ്ങളെ പോക്കുവാനൊറ്റ
ജന്മത്തിങ്കലാകുമോ?
ആയൊരുനാളു പുലരുന്ന നേരമേ നാമിനിയൂഴിയിൽ
കാണൂ സുനിശ്ചയം"
ജീവൻ വെടിഞ്ഞോരുടലിനെ
പോലെയാ
പാവം കുടിൽ വീണടിഞ്ഞു കൺമുന്നിലായ്.
താനേ നടന്നു, കനക്കുമേകാന്തത തോനേ വളർന്നു
കാന്താരമാകുന്നുവോ?
പയ്യെ വളർന്നു നോവിക്കുന്ന
മുൾച്ചെടി
ചെഞ്ചോര മുത്തുകൾ
കോർത്തു മൂടുന്നുവോ?
ചോരച്ച മാമരം, ചോരച്ച ചില്ലകൾ
ചോരച്ചുവപ്പാർന്ന പത്രങ്ങൾ,
കായകൾ
ചോരച്ച ഗന്ധം തെഴുക്കുന്നു കാറ്റിലും
ചോരച്ച മാരി പെയ്യുന്നു കിനാവിലും
ചോരച്ചവർപ്പിൽ കൊഴുത്തു നദീജലം
ചോരക്കടൽത്തിര
നീന്തിത്തുഴഞ്ഞവൻ.
ചോരച്ച
സന്ധ്യയൊന്നസ്തമിക്കാതങ്ങു
നീളുന്നു, മൂടുന്നു
രാത്രിയാമങ്ങളെ.
ചോരച്ചരാവ് പുലർന്നാലുമാമണം
മീളുന്നു ദൈനംദിനം ദീനയാത്രയെ.
കുറ്റപ്പെടുത്തുന്നു പക്ഷികൾ,
കൂജനം,
കുത്തിക്കയറിപ്പൊളിക്കുന്നു
കാതുകൾ.
പൊട്ടിമുളയ്ക്കുന്നതിൻ മുമ്പ്
വാളിനാൽ വെട്ടിക്കളഞ്ഞ
കരച്ചിലിൻ വള്ളികൾ കട്ടാരമുള്ളുകളായി തറച്ചതിൽ ഞെട്ടിത്തരിക്കുന്നു
നിർനിദ്രരാവുകൾ
എങ്ങു സഹോദരി?
എങ്ങെന്റെ കാമുകി?
എങ്ങു ഞാൻ തേടി നടന്നൊരെൻ വാസരം?
ചുറ്റും വണങ്ങി
നിൽക്കുന്നിതാരാധകൾ
മുറ്റും ബഹുമാനമോടെ ക്ഷണിക്കുന്നു.
കൊട്ടാരവാതിൽ തുറക്കുന്നു
മുന്നിലായ്
തുട്ടുകൾ കാണിക്കയായി
തിളങ്ങുന്നു.
നാണയപ്പൊൻ ചിരി
കണ്ണിൽ തറയ്ക്കുന്ന
കാരിരുമ്പിൻ ചീളുപോലെ
നീറിക്കുന്നു.
എല്ലാം മടുത്തന്ധകാരക്കയത്തിലായ് കല്ലുപോലാഴുന്ന
നേരത്തൊരാരവം,
കല്ലോല സംഗീതമായി വന്നല്ലലിൽ
തെല്ലു തേനിൻ തുള്ളിയിറ്റി നീങ്ങുന്നുവോ?
മഞ്ഞ മണ്ണിൻ നിറച്ചേല
ചുറ്റിക്കൊണ്ടു
മന്ദം നടക്കുന്നു സംഘമായാളുകൾ!
മന്ത്രത്രയങ്ങളാവർത്തിച്ചു
ശാന്തരായ്,
മന്ദസമീരനിൽ ചേർന്ന
നിലാവ് പോൽ!
മർത്യ മുഖങ്ങളിലന്നോളമില്ലാത്ത,
മഞ്ജുനീർത്തുള്ളിയോടേൽക്കുന്ന ശാന്തത,
മന്ദഹാസപ്പൂ വിടർത്തുന്ന ചാരുത മുന്നിലൂടങ്ങിനെ പോകേ,
കുളിർന്നവൻ.
തീക്കനൽ തൊട്ടു
തിണർത്തു നീറും വിരൽ തേനൊഴിച്ചാരോ
തണുപ്പിച്ച സാന്ത്വനം.
കാലങ്ങളോളം
പൊറുക്കാ വ്രണങ്ങളെ-
യത്ഭുത വാഗ്ഭടവീര്യം
മുടിച്ചപോൽ!
ചോര കുടിച്ചു തുടം വച്ച വാളിനെ
ദൂരെയെറിഞ്ഞു
തെളിഞ്ഞവനക്ഷണം!
ഊരുകൊളുത്തി വലിച്ച പോലാമന്ത്ര-
സാരഗന്ധം പോയ
മാർഗ്ഗേ ചരിച്ചവൻ.
പതിനൊന്നു നാളും നിലാവും
നടന്നൊരു
നദിയോരമെത്തുന്നു
മൗനപ്പുലർച്ചയിൽ.
ഗതകാലമോർമ്മയായൊഴുകീ
മഹാനദി!
സുധ പാടി നിറയുന്നു
ശരണഗീതാവലി.
▮
ദലം 9
അങ്ങേക്കരയിൽ
നിന്നിങ്ങോട്ടടുക്കുന്ന വഞ്ചിയും കാത്തിരിക്കുന്നു ചിത്തം.
എണ്ണക്കറുപ്പിൽ കരുത്തുരയ്ക്കുമ്പോലെ
തുഞ്ചത്തിരുന്നു തുഴഞ്ഞു വൃദ്ധൻ.
തെക്കും വടക്കും
കരകൾ പൂകുന്നെത്ര യാത്രികരിത്തോണിയേറി വേഗാൽ!
ആളിറങ്ങുന്നു,
കേറുന്നവസാനത്തെ
ആളായമർന്ന് വഞ്ചിപ്പടിയിൽ, യാത്രികരെല്ലാമിറങ്ങിയിട്ടും
ശിലയെന്ന പോലങ്ങനിരുന്നു ശാല!
ഒന്നും പറഞ്ഞതില്ലാ,
തുഴക്കാരനോ പുഞ്ചിരി പോലും പൊഴിച്ചതില്ല.
വഞ്ചിയടുക്കുന്ന നേരങ്ങളിൽ
ചെമ്പു നാണയമോരോന്നു
നൽകി മൂകം.
സഞ്ചിയൊഴിഞ്ഞ നേരം
വഞ്ചിതൊട്ടൊരാ
മണ്ണിലിറങ്ങുവാനായെഴുന്നാൻ!
പെട്ടെന്നു തൻ തുഴ
നീട്ടിപ്പറഞ്ഞയാൾ
"നീയാണു മേലിൽ കടത്തുകാര.
കർമ്മഭാഗം തീർന്നു,
പോകണം ഞാനിനി,
ധർമ്മദേശം വിളിക്കുന്നു ദൂരെ!
വീണ്ടും തഥാഗതസ്സന്ധ്യ
പൂക്കും വരെയിത്തോണി
നിത്യം തുഴഞ്ഞുകൊൾക’’.
നാണയ സഞ്ചിയുമേന്തിയങ്ങുത്തര- ദിക്കും കടന്ന്
മറഞ്ഞു വൃദ്ധൻ.
തോണി വിളിച്ചു,
പുഴ വിളിച്ചു,
വന്ന യാത്രികരക്കരെയായ് വിളിച്ചു.
പങ്കായമേന്തി മുറിച്ചു
പ്രവാഹിനീ, സഞ്ചാരമോരോ ദിനം പൊലിഞ്ഞു.
യാത്രികരോരോ തരം
വന്നുപോകുന്ന തോണിയാണീ ലോകമെന്നു കണ്ടു.
കാറ്റും മഴക്കോളുമാർത്തിരമ്പും
വെയിൽ കോളും
നിറം ചേർത്തെടുക്കുമോരോ
ചിത്രങ്ങളായിത്തെളിഞ്ഞു നിന്നൂ പുഴ
പക്ഷികളായിപ്പറന്നു കാലം.
കാലവർഷപ്പുഴക്കാളലിൽ നിന്നൊരു
ബാലനെ കോരിയെടുത്തൊരു നാൾ
ജീവനം നൽകിയനാഥജന്മത്തിനെ
മീനിനെപ്പോലെ വളർത്തിയൂട്ടി
ഏതിലപ്പച്ചയും താനേ വരയ്ക്കുന്ന
ഭൂപടത്തിൻ നദീരേഖ നോക്കി വന്നിടുന്നജ്ഞാത-
ലോകസഞ്ചാരികൾ ഓരോ പ്രഭാതവും കൺതുറക്കെ.
ജാത്യാധികാരക്കരുത്തു,
ധാർഷ്ട്യം മുഴുത്താട്ടിയും കൊന്നും
മദിച്ച കാലം.
ഊരും കുലങ്ങളും
കൈവിട്ടു പോകുന്ന
സാധുക്കളേറെ കടന്നുപോയി.
പാവങ്ങളാലിലക്കാറ്റിലെ
പാട്ടുപോലെങ്ങും
ചിതറിത്തെറിച്ച കാലം
രാവിരുൾ കമ്പിളി മൂടി പൊതിഞ്ഞവ-
രാമരത്തോണിയിലേറിടുമ്പോൾ
ബാലനോടൊപ്പം തുഴഞ്ഞും കരേറ്റിയും
ജീവിതത്താരണിപ്പാത തീർത്തു.
ആളുകളേറെ കടന്നുപോയെങ്കിലും
ഏകാന്തജീവൻ പടുത്തതോണി
എന്നും തുഴഞ്ഞു തുഴഞ്ഞു നീന്തി
പുഴയെങ്ങും നനച്ചു നിറഞ്ഞൊഴുകി.
എണ്ണായിരം നാളടർന്നു പോയി,
നദി നെഞ്ചിലൊളിപ്പിച്ച നേരറിഞ്ഞു.
എത്രയാഴത്തിലെഴുതി വച്ചു പുഴ
മർത്യനേകാകിയാണെന്ന തത്വം.
▮
മൂകം മുഖംമൂടിയിട്ടൊരു
ഭിക്ഷുണി
നാണയമൊന്നു കൊടുത്തൊരിക്കൽ
ഇറ്റുനേരം ഉറ്റുനോക്കി നിന്നാളുടൻ പുത്തസംഘത്തിൽ
ലയിച്ചു മാഞ്ഞു.
ഏതോ ഹൃദയത്തുടിപ്പു ചേർന്നാത്തുട്ട് കൈത്തലം
തന്നിലിരുന്നു നീറി!
ചുട്ടുപൊള്ളിക്കുന്ന തീത്തരിയോ
പുകഞ്ഞൂർന്നിറങ്ങിത്താഴു-
മമ്ലവാക്കോ?
മിന്നായമായി മറഞ്ഞ സന്യാസിനി
മങ്ങലേൽപ്പിച്ചു നൊടിയിടയിൽ!
എത്ര മഹർഷിമാർ,
ജ്ഞാനവൃദ്ധർ, മഹാപണ്ഡിതർ രാജഗുരുക്കളാദി,
മർത്യരെക്കണ്ടു പരിചയിച്ചെങ്കിലും ഉത്തരമില്ലാതലഞ്ഞ ജന്മം,
പെട്ടെന്നൊരുൾവിളിയാലൊരു
തന്വിതൻ അല്പസാമീപ്യത്തിലാളിയെന്നോ?
ബാലനെ ചാരെ വിളിച്ചു ചൊല്ലി,
-യിനി
നേരമാകുന്നു കടന്നുപോകാൻ.
ഇത്തോണിയേൽക്കുവാൻ
കാലമായീ, നിന-
ക്കിത്തുഴ പേറുവാനൂഴമായി!
ഒപ്പം തുഴഞ്ഞും കരം പിടിച്ചും
പുഴമുത്തുകൾ തേടിയു, മിത്രനാളും
ആടുമ,രുമക്കിളികളുമൊത്തൊരു പൂവസന്തം നെയ്ത ബാലരൂപൻ, ആരുമില്ലാത്തവനായി വന്നു,
നീണ്ട കൂരിരുട്ടിൽ ദീപമായി നിന്നു..
ലോഭമില്ലാതെ കളിച്ചും കലമ്പിയും
സ്നേഹം ചൊരിഞ്ഞ
തേൻചോലയായി..
ഇന്നവൻ മുന്നിൽ നിന്നോതുന്ന
നേരുകൾ
അമ്പരപ്പിക്കുകയാണ് വീണ്ടും.
▮
ദലം 10
ബാലൻ:
‘‘അന്നൊരുനാളിൽ പക
ചെങ്കനലാക്കും വാളാൽ
അന്തിമവിധി ചൊല്ലി അയച്ചതില്ലേ?
അന്നതിലൊരു പൈതൽ
അഞ്ചു നാഴിക ദൂരെ
അക്ഷരശിക്ഷ നേടി മടങ്ങുന്നേരം,
നാലു നാഴിക കൊണ്ടു
നാല്പതു പേരും
മരിച്ചാരുമില്ലാക്കയത്തിൽ
അകപ്പെടുന്നു.
നാടുവിട്ടോടിയോടി
നാളുകൾ കഴിഞ്ഞപ്പോൾ
ആ മൃതിരൂപൻ മുന്നിലണഞ്ഞുവല്ലോ.
കണ്ടു ഭയന്നു
മലവെള്ളത്തിലാഴ്ന്നവന്
രക്ഷകനായി മാറുമതിശയത്താൽ.
വാരിയെടുത്തൊരൊറ്റ
മാത്ര കൊണ്ടീയഴലിൻ
ബാലന്റെയനാഥത്വമൊഴിച്ചുവല്ലോ!
കൊല്ലുവാൻ ഒരുക്കി വെച്ചുള്ളതാം
വിഷപ്പൊതി
പിന്നെ ഞാൻ തുറന്നപ്പോൾ
അതിമധുരം.
അമ്പിളിപ്രഭ തൂകും അൻപുള്ള പവിഴമായാ
വിഷക്കൊടും നീലം തിളങ്ങിയല്ലോ!
അന്നുതൊട്ടീയുലകി-
ലെൻ ഗുരു നീയെന്നുള്ള
നല്ലറിവിൽ നിറവിൽ
ഞാനലിഞ്ഞുവല്ലോ’’.
ശാല:
‘‘എന്തുകൊണ്ടിതുവരെ
മിണ്ടിയില്ലിതു നിന്റെ
മുന്നിൽ ഞാനറിവോടെ
ഇരിക്കുമല്ലോ!
പങ്കിലമെന്റെ
പ്രാണസങ്കടമക്ഷണത്തി,
-ലജ്ജീവബലിയാലെ
-യൊടുങ്ങുമല്ലോ’’.
ബാലൻ:
‘‘ഇല്ലൊരുജാതി ഹിംസ
കൊണ്ടൊരു വ്യഥപോലു-
മന്തിമമായി തീരില്ലറിയുന്നു
ഞാൻ.
എന്നിൽ നീ
ചൊരിഞ്ഞതാം
ഗൗതമ ശ്രുതികളാമഞ്ചിത
പാലിഗാന മലരുകളാൽ.
ആനന്ദ ഗന്ധമെഴുമാദ്യ
വൈശാഖരാവു
പോലെന്റെ മാനസവും
നിറഞ്ഞു നില്പൂ’’.
▮
തന്റെ ജീവൻ പകുത്തൊരാ
സുന്ദര ബാലകൻ ചൊന്നോ-
രൻപെഴും വാക്കുകളോർത്തു
നടന്നു നീങ്ങി.
താനശേഷമൊടുക്കിയ
വാടികയിൽ മുളച്ചതാ-
മച്ചെറു ചെടിതന്നൂറ്റം
ചെറുതൊന്നല്ലീ!
‘‘ഘോരയുദ്ധ നിപുണരായ്
വാളണിയിച്ചൊരുക്കുന്ന
രാജഗീതാവചനങ്ങ,
-ളലിഞ്ഞു പോകും.
ജാതിമോഹസ്മൃതിജന്യ- സ്ഥാപനങ്ങളരുളുന്ന
കാമിതമതാന്ധബോധ,
-മെരിഞ്ഞടങ്ങും
നാളുതോറും തോണിയേറി
-യാറു കടന്നകലുന്നോരാ
മഹായാന ഗായക,
-രറിഞ്ഞു ചൊല്ലും.
സ്നേഹ മനോഹാരഗാന
വീചിയിലൊഴുകിയെങ്ങും
പൂകിടുന്നുണ്ടനുധ്യാനപദമധുരം’’.
ദത്തുപുത്ര സ്വരമോർക്കെ
പൂത്തുനിന്ന മനസ്സാലെ,
ബാലകന്റെ നെറുകയി,
-ലമർത്തിമുത്തി.
യാതകർമ്മ വീഥി മുന്നിൽ
വിളിക്കുമ്പോളതിഗൂഢ -
സ്മേരജലമാചമിച്ച്
നടന്നലിഞ്ഞു.
▮
ദലം 11
നീരിണങ്ങിയ തോടുകൾ
മീനാടി മേയണ ചാലുകൾ
നീളെ മൂളിയ വണ്ടുകൾ
കുറുകുന്ന പ്രാവുകളോർമ്മകൾ.
കാടു ചൂണ്ടിയ പാതകൾ
അതിലാകെ വെയിലിൻ തുട്ടുകൾ
ആന താണ്ടിയ താരകൾ
ചെറുജീവികൾ തൻ പേടികൾ
പാട്ടുണർത്തിയ കുയിലുകൾ
മദലാസ്യമാടിയ മയിലുകൾ ജീവിതത്തിരമാലകൾ
പതയുന്ന കർഷകനാടുകൾ
മണ്ണുമുള പനയോലകൾ
നറുപുല്ലു പാകിയ കൂരകൾ തിനവിളഞ്ഞ പരപ്പുകൾ
നിറനദി വിലക്കിയ വീഥികൾ
മലകടന്നു കടമ്പകൾ
ദിവസേന താണ്ടിയ പാടുകൾ
പകലുരാവുടയാടകൾ പതിവായി മാറിയണിഞ്ഞിടും, കഥ
തുടരെയെഴുതിയ ശീലുകൾ
അരിയജീവിത മലരുകൾ
മണമരുളുമറിവു മഹാഗയ!
അവിടെയനുപദമൊഴുകിയണയു- മനേകമാനവ മനസ്സുകൾ
മണലി, ലോലയി,
ലരിയപാലിയിൽ
എഴുതുമക്ഷയവചസുകൾ,
കരു- -ണാർദ്രബോധന മുദ്രകൾ.
അചലശിലകളുമലിയുമത്ഭുത -
കഥകളും, നിറദീപ്തികൾ
അരചന,ടിമകൾ,
അംഗനാദികൾ അരുമബാലകർ
അഭയമോഹികൾ,
അതിനിഗൂഡമൊളിച്ച തസ്കര,
രക്രമിപ്പട.
പതിത പീഡിത നിരകളാ,യവരവറിവുനേടി
വിടർന്നു വിലസിടുമതി ശയക്കര,
ഗയ,
തഥാഗത ബോധരാവു-
വഴിഞ്ഞ സാന്ത്വനവേദിക.
ആയുധങ്ങളലിഞ്ഞു
തേൻകണമായിനിച്ച
വിശാലശാന്തത!
ചക്രവർത്തിപദം വെടിഞ്ഞു
മഹാശയങ്ങളണിഞ്ഞ മാനുഷ-
നക്ഷരപ്പടയാളിവ്യൂഹമൊരുക്കു-
മക്ഷയ ഭൂമിക.
ഭിക്ഷുണീഹൃദയങ്ങളു,ർവ്വര
ബുദ്ധസംഹിത പേറിയും
ഭിക്ഷുസഞ്ചയമക്ഷര-
പ്പൊരുളേന്തി ദക്ഷിണ ദിക്കിലായ്
ഉദ്ഗമിക്കുമമൂല്യനാളിലണഞ്ഞു ശാലയുമപ്പുരം
▮
ദലം 12
ബോധിയുജ്വല താരകോർജ്ജമണിഞ്ഞ രാവു പുലർന്നതിൽ
ഓർമ ചൂടുമനേകവത്സരമോർമ്മ വച്ച ജനാവലി
അജ്ഞതക്കറ,
-യക്ഷരത്തിര തന്നിൽ
മുക്കിയലക്കിയും
അക്ഷണം നിറയുന്ന പ്രജ്ഞയി -
-ലഷ്ടമാർഗമൊരുക്കിയും
ധമ്മചക്ര ദശമിപ്രദീപ്തി
തെളിയുന്ന നാളിതിലണഞ്ഞിടും
ആളുകൾക്കിടയി,ലാത്മസത്ത തിരയുന്ന
യാതവുമൊരുങ്ങിടും.
ഭിക്ഷു, ഭിക്ഷുണികൾ
എട്ടു ദിക്കുകള,ളന്നു യാത്ര തുടരുമ്പൊഴാ
മുക്തി യാത്രയിലലിഞ്ഞു,
വാനിലൊഴുകുന്ന പക്ഷികളിലൊന്നുപോൽ
തപ്തചിന്തകളൊഴിഞ്ഞു സ്വസ്ഥത
ക്രമത്തിൽ വന്നു മനമേറുവാൻ
ധമ്മപാത തെളിയിച്ചു നിർധനരി,
-ലക്ഷരപ്പൊരുൾ നിറയ്ക്കുവാൻ
പാലി പാലരുവിയായ് നിറഞ്ഞൊഴുകി
ബോധവാരിധി ലയിക്കുവാൻ.
വ്യാഴവട്ടമതു രണ്ടു പെയ്തൊഴുകി
ആഴിയാം പ്രകൃതി പൂകവേ
ജീവിതാർജിത നിറം പൊലിഞ്ഞു
മുടി വെൺമയാർന്നു ജട ചൂടവേ,
മൃത്യു പൂകുവതിനായൊരുങ്ങുമൊരു ഭിക്ഷുണീ സവിധമെത്തിനാൻ
മന്ത്രമോതുവതു പോലവൾ
മധുര ശബ്ദമായി മൊഴി
പെയ്തതും
ഞെട്ടലോടെയറിയുന്നവൻ
ജ്വലിതസത്യമായി വിടരും കഥ.
ജന്മരാശികളിലാളി നിന്നു
പ്രണയം പകർന്ന സഖി മേതിനി,
നിൽക്കയാണിവിടെ മുന്നിലന്തിക
വിനാഴികപ്പടവിലെത്തവേ!
പണ്ടുവഞ്ചിയിലൊരംഗന
കരയിറങ്ങിടുന്ന നിമിഷത്തിലായ്
തന്നു പോയ ചെറുനാണയം,
ഹൃദയത്തിൽ വീണ നിമിഷാർദ്ധവും
മൂടിവച്ച മുഖദീപ്തി,
ചെന്തുണിയകന്ന പാടെ
തെളിയുന്നിതാ.
പണ്ടു കണ്ട പുഴയല്ല, മേതിനി
ജലംകണക്കെ ഒഴുകുന്നവൾ
പ്രജ്ഞയാകെ നിറയുന്ന ബോധമലരമ്പിളി,ക്കതിരു
ചൂടിയോൾ!
മന്ദമോതി: ‘നടകൊള്ളുകാ,
പഴയ വഞ്ചിയേറിയൊഴുകീടുക.
കൊന്നു,വെന്നു പക തീർത്ത
ജീവനുകളുള്ളിലേറ്റിയൊരു വേദന നാല്പതാണ്ടുകളെരിഞ്ഞ സംഹിതകാളാലെ നീ
കഴുകിയീ ദിനം.
തീർന്നതില്ലതവ ധമ്മ മത്രയു-
മസംഖ്യ സംഘമലർവാടിയിൽ
എത്രയേറെ ദിനമുണ്ടു, മുന്നിലിനിയും
പ്രബുദ്ധഗിരി പൂകുവാൻ’.
ധ്യാന ഭിക്ഷുകി,
വിടർന്നുലഞ്ഞ മല,രേകി
നിന്നൊരു സുഗന്ധ നീർ
ജന്മശോകപരിതാപമാറ്റി
നിറയുന്ന നേരവുമണഞ്ഞിതാ!
അന്തരാ തൊഴുതു നിന്നവൻ
ഗുരുവവൾ ചൊരിഞ്ഞ
ലഘുവാക്കിലായ്
തുമ്പമൊക്കെ വിലയിച്ച
ചേറിലുരുവം
തെളിഞ്ഞ കണിയാമ്പലായ്!
(തുടരും)