ശാല | 3

നൂറ്റാണ്ടുകൾ കടന്നെത്തുന്ന
ഭിക്ഷുവിന്റെ ജീവിതകഥ


നീണ്ട കവിത തുടർച്ച

ദലം 13

വിന്ധ്യശൈലം നീലമേഘം തൊടും സന്ധ്യ,
മന്ദാര നക്ഷത്രമാലകോര്‍ക്കും
മന്ത്രയങ്ങള്‍ ജപിച്ചു നീങ്ങും,
രാവുമന്ധകാരത്തെ പുതച്ചുറങ്ങും.

മേഘം തിളങ്ങും ചിലമ്പഴിക്കും,
താഴെ
മണ്ണിലേക്കാഞ്ഞെറിഞ്ഞാസ്വദിക്കും.
വര്‍ഷകാലപ്പുലര്‍വേളയെത്തും
പകല്‍ മന്ദിച്ചെഴുന്നേറ്റിരുന്നു
നോക്കും.
ആര്‍ത്തലച്ചെത്തും കലക്കവെള്ളം
പുഴപ്പെണ്ണിനെ കോപിഷ്ഠരുദ്രയാക്കും.

കാലത്തു തീരത്ത് വന്നുനില്ക്കും ഭിക്ഷു,വാരെന്നു നോക്കി
കടത്തുകാരന്‍.
ആട്ടുതൊട്ടില്‍ താളമൊത്തിണങ്ങി
വഞ്ചിയാടി നില്‍ക്കുന്നു
കരയ്ക്കു ചാരെ.

ഭിക്ഷുവെക്കണ്ടുണര്‍ത്തിച്ചു മെല്ലെ:
‘കൊല്ലമെത്രയായ്
കാത്തിരിക്കുന്നിങ്ങു ഞാന്‍.
തോണിതുഴഞ്ഞ മുന്‍ഗാമി പോയി
തുഴയേന്തുവതെന്റെ നിയോഗമായി.
അന്ത്യനേരത്തവന്‍ തന്നതാണീ,
നേരു നേരെ കുറിച്ചിട്ട ഭുര്‍ജപത്രം’.

ഋതുസംഗരാലേഖ മുദ്ര ചൂടും, പത്ര- -മിരുകണ്ണിലും
നീര്‍ത്തടങ്ങള്‍ തീര്‍ത്തു. ചെറുനേരമുള്ളം തരിച്ചു നിന്നു, ഭിക്ഷു, -വതുകണ്ടു നിന്നു കടത്തുകാരന്‍.

കലികൊണ്ട വെള്ളം മദിച്ചു നീങ്ങി ശക്ത,മതിലൂടെ
വഞ്ചിയില്‍ രണ്ടുപേരും.

ഭയമേതുമില്ലാതെ,
കടപുഴക്കും കാറ്റിലുലയുന്ന
കൊമ്പിലെ കിളികളെ പോല്‍

അണിയത്തു ഭിക്ഷു,
നനുത്ത ചാറല്‍,
ചോന്ന നദിയില്‍ കുതിച്ചു
കറുത്ത വള്ളം.

അമരത്തിരുന്നു മെരുക്കിടുന്നു
മൃത്യുനദിയെ
ചിതം കൊണ്ടിരുണ്ട കൈകള്‍

തിരയില്‍ മറഞ്ഞും തെറിച്ചുയര്‍ന്നും
യാനമതിവേഗ- ഗതിയാര്‍ന്നൊരുല്ക്കയാകെ,
പുഴയെന്ന വേദം പകര്‍ന്ന സാരം തന്നിലെഴുതുന്ന വാക്കിനെ
കണ്ടു ഭിക്ഷു!
ഉച്ചരിക്കും മുമ്പെരിഞ്ഞു കത്തി,
വെട്ടമച്ചെറു വാക്കിന്‍
തിരിത്തലയ്ക്കല്‍.

പെട്ടെന്നു കണ്ണില്‍ തെളിഞ്ഞു വന്നു നേര്‍ത്ത പൊട്ടു പോലേതോ
തുരുത്തു ദൂരെ!
വഞ്ചിക്കുനേരെ വളര്‍ന്നടുത്തു മുന്ന,
-മുദ്യാനതുല്യമാം ദ്വീപൊരെണ്ണം.

അമരത്തിരുന്നു തുഴക്കരുത്തന്‍
കൃത്യ,
മരികത്തടുപ്പിച്ചു നിര്‍ത്തി തോണി. കാലം മിനുക്കിത്തുടച്ച കല്ലില്‍ പാദ, മൂന്നിയുറപ്പിച്ചിറങ്ങി മര്‍ത്യന്‍.

ദലം 14

രകാണാക്കടല്‍ കോളില്‍
കനത്ത നങ്കൂരമാഴ്ത്തി
കിടക്കും കപ്പലിന്നുള്ളം
കാത്തിരിപ്പാകും.

തിരചുറ്റി പുഴയ്‌ക്കൊത്ത നടുവില്‍ വള്ളികള്‍ മൂടി,
തുടിക്കും ദ്വീപായൊരുത്തി കുടിലിന്നുള്ളില്‍

ഇരുട്ടില്‍ രാത്തുരുത്തിന്റെ
നടുക്കൊറ്റപ്പുര
ചാരും കതകില്ലാചെറുവാതില്‍
വെളിച്ചം നീട്ടി.

അകത്തെതോ സുഗന്ധിപ്പൂ
വിരിയിക്കുന്നൊരു പെണ്ണിന്‍
മൃദുവാം നിശ്വാസഗീതം
മനം തുളുമ്പി.

ക്ഷണം മുന്നില്‍ തെളിഞ്ഞാളി മകരന്ദച്ചിരി, കൂട-
പ്പിറപ്പായ് ഭൂമിയില്‍
വീണുജ്ജ്വലിച്ച താരം.

പതിറ്റാണ്ടഞ്ചോളമൊറ്റ നിമിഷത്തീപ്പൊരിക്കൊപ്പം
പറക്കുന്നന്യോന്നമെയ്യും
ശരനോട്ടത്തില്‍.

ഇടറാതൊച്ചയും മേനി
വിറയ്ക്കാതദ്രി പോലുഗ്രസ്ഥിതമാം ചിത്തവുമായി പുണര്‍ന്നു നിന്നു.

മഴ നീങ്ങി തെളിഞ്ഞെങ്ങും
തുളുമ്പി പിന്‍ നിലാ,വൊപ്പം തണുമുറ്റത്തിരുന്നവര്‍
കഥകള്‍ ചൊല്ലി.

പകമോന്തി കടുംചോരപ്പുഴ നീന്തിപുളയ്ക്കും പും
മനസ്സൊപ്പം കുടിവയ്ക്കാന്‍ തരുണിക്കാമോ?

കൊല ചെയ്‌തോന്‍ തിരിച്ചെത്തും
നിമിക്കും മുമ്പിരു പേരും
ചിരബോധ പ്രയാണത്തിന്‍
വഴികള്‍ തേടി.

വിശപ്പിന്‍ നാളുകളില്‍ തന്‍ കരുണയാലെന്നെയൂട്ടി
കിടന്നു മേദിനി, ദേഹം
തളര്‍ന്നു പോകെ

നിനക്കായ് പങ്കിടും വാക്കിന്‍
കരുത്തില്‍ കാതര,
മൃത്യു കടക്കാത്ത
കരുതല്‍ കോട്ടകളായ് നിന്നു.

ഒരിക്കല്‍ വന്നൊരു ബാലന്‍
നിനക്കായ് കത്തിയും രാകി
വിഷം വാളുമെടുത്തു
നിന്‍ വിധിയെഴുതാന്‍.

കാമിനി, മേതിനി,
മന്ത്രത്രയം കൊണ്ടാ ലോഹഖണ്ഡം
മണക്കും പൂമാലയാക്കി
പരിനിര്‍മിച്ചു.

അവനെ നിന്നടുക്കല്‍
താനയച്ചും നിന്‍ നിയോഗത്തെ
ഗ്രഹിച്ചും, തന്‍
പ്രണയത്തീ കെടാതെ വച്ചു.

ഒടുവില്‍ ഭിക്ഷുണി
മോഹപരിത്യക്ത
മഹാസംഘക്കടലില്‍ ചേര്‍ന്നതി-
-ധന്യപ്പൊരുളായി മാറി.

അഗതി,യാലംബഹീനര്‍,
പതിതര്‍ക്കായിവിടം നട്ടൊരുക്കി
ഗൗതമവാടി തളിര്‍പ്പിക്കുന്നേന്‍!

ഗതകാലക്കഥതീര്‍ന്നു
പുലരിപ്പൂവതിലോലം
വിടരുമ്പോള്‍ മൃദുമന്ത്രം
മുഴങ്ങി ചുറ്റും.

തുരുത്തില്‍ കാശാവ് നീല,
-പ്പുകയായ് പൂവുകള്‍ ചൂടി
വിലസി,
'ഗച്ഛാമിയോതും മധുരദൃശ്യം.

നദിയില്‍ തോണിയിലേറി
മടങ്ങുമ്പോളിരു ജീവന്‍
മഹിത മൗനമന്ത്രങ്ങളുരുക്കഴിച്ചു.

ക്ഷണത്തില്‍ വഞ്ചിയില്‍
നടുപ്പടിയില്‍ മേതിനിരൂപം
മയക്കും പുഞ്ചിരി ചൂടി
തെളിഞ്ഞു കണ്ടു.

മനം നീല ഗഗനം പോല്‍
തെളിഞ്ഞുള്ളം സുതാര്യമാ,
-മുടല്‍ കാറ്റിന്‍ ദലങ്ങള്‍
വിണ്ണലിയും മട്ടില്‍!

ദുരന്ത ജീവിതവഗ്‌നി
കെടുത്തി മാനിനി,
വര്‍ഷജല ബിന്ദു ഗണമായി തണുപ്പിച്ചല്ലോ.

ദലം: 15

ശാലാമനം ഗുരുവന്ദനം ചൊല്ലുവാനായവേ
വന്‍തിര പൊങ്ങുന്നു.
വഞ്ചികള്‍ ചുറ്റിലും
കാര്‍മേഘവ്യൂഹം ചമയ്ക്കുന്നു!
തീയുണ്ട, ശൂലങ്ങള്‍
മാരിയായ് വീഴുന്നു.

വള്ളമുലഞ്ഞും തകര്‍ന്നടിഞ്ഞും ജലഗര്‍ത്തത്തില്‍ വീഴുന്നു
സാധുക്കള്‍ രണ്ടുപേര്‍.
യുദ്ധകാണ്ഡം ചൊല്ലിയാടി,
യശാന്തം
നദീരംഗവേദി വിടുന്നക്രമിപ്പട!
ആഴത്തിലാഴത്തിലാഴുന്ന നേരത്തിലാദിഗര്‍ഭത്തിന്റെ
-യീറ്റില്ലമെത്തുന്നു.

ദലം 16

ചുറ്റും ജലം കഠിന ദണ്ഡം
പകര്‍ന്നൊരു തുരങ്കം ചമയ്‌ക്കെ,
-യതിവേഗം തുഴഞ്ഞു
ചിലനേരം കടന്നളവ്
കാണായി വന്നിതൊരു
കാടും കടല്‍ക്കരയിലാളും
വെയില്‍ തരിയു,മൊപ്പം
തിളച്ചു പകല്‍!

പച്ചത്തണുപ്പിലഭയം തേടി വന്നു
പല ഭിക്ഷുക്കള്‍
അക്രമികളാല്‍ ഭംഗമേറ്റവര്‍,
ശരീരം മുറിഞ്ഞവര്‍
പ്രിയപ്പെട്ട മാനുഷ,
-രവര്‍ക്കുള്ള ജീവികള്‍,
മരങ്ങള്‍ മരിച്ചു ഹൃദയം നൊന്ത ഭിക്ഷുണികള്‍.

ശേഷിച്ച കല്ലുളി,
ശിലാലിക്ത ശാസനകള്‍
തോളില്‍ ചുവന്നു
മല കേറിക്കടന്നു
ശതകാന്താര നാഴികകള്‍ താണ്ടി പ്രയാണദിശ പൂകി,
-ത്തളര്‍ന്നു നിപതിക്കാതെ കാക്കുവതിനൂര്‍ജ്ജം പകര്‍ന്ന
ത്രയമന്ത്രം തെളിച്ചവഴി
എത്തിപ്പിടിച്ചവര്‍.

ശത്രുക്കളൊന്നായ് കവര്‍ന്നു
കര, വീടുകളും
ഓരോ പ്രബോധിതനിലാവും പഗോഡകളും.

ഏതോ വഴിക്കുഗമനം
ചെയ്ത മാനുഷരുമെത്തുന്നു
ഗിരി ശിരസ്സില്‍.

വന്‍ശില തുരന്നും
ഗുഹാഹൃദയമേറി
തികഞ്ഞ ലിപികള്‍
പാലിശാസനക,ളോരോന്ന്
കൊത്തിയണിയിച്ചും
സഹസ്ര സംവല്‍സരം
ഗുപ്ത നഗരാദികളൊരുക്കി
സൂക്ഷിച്ചും
പടച്ച നിധിയൊപ്പം പൊലിച്ചും
തുടര്‍ന്നു കൃതി.

ആനന്ദ മണ്ഡലമിണക്കും
ക്ഷിതീ ഗര്‍ഭ ഭൂമിയിലനേകരവര്‍
ആലേഖനം ചെയ്‌തൊളിക്കും
തഥാഗതചരിത്രം
കുറിക്കുമളവര്‍ക്കന്‍ തെളിച്ചു
തിരിവെട്ടം,
നദീജല മൊരുക്കീ പ്രതിജ്വാല
ശേഷം
നിലാവരുളി നിന്നു മന്ദസ്മിതം
മേലെ!

അറിയാതൊടുക്കിയ
പലേ ജീവനുള്ള
പ്രതികര്‍മ്മം കണക്കെയവ,
-നെഴുതുന്നു തൂണുകളില്‍
ഒട്ടേറെ ഗൗതമ മൃദുസ്‌മേര,
ചിത്രമലരതിലേറെ വാക്കുകളും.

നാല്പതു ഗജസ്തംഭ
നിര്‍മ്മിതികളേറ്റിയും
അനശ്വര ഗുഹാമന്ദിരത്തിലവ നിര്‍ത്തിയു, മൊടുക്കം
നിരാമയസുഗന്ധം പകര്‍ന്ന പൊരുള്‍ പോകും വഴിക്കു
നടകൊണ്ടങ്ങുറച്ച മനം.

മെല്ലിച്ചുയര്‍ന്ന ഗിരി താനേയിറങ്ങി
കഥ ചൊല്ലുന്ന കാനന,
-മനാഹത നിലങ്ങള്‍,
എരിയും തീവ്രതപ്തമരുഭൂവിന്റെ മഞ്ഞകള്‍
മദം കൊണ്ട കാറ്റ്
ചുഴി തീര്‍ക്കുന്ന താഴ് വരകൾ
ആളുന്ന സന്ധ്യ,
ചിത കൂട്ടും നദീപുളിന,
മേകാന്ത രാത്രി,
വിലപിക്കുന്ന കോട്ടക,ളിളംമഞ്ഞു പൂവിലിളവേല്‍ക്കുന്ന ഗ്രാമവെളി.

ആകെക്കലങ്ങിയ ജനാരണ്യതാര,
-കളസംഖ്യം രണസ്മൃതികളേന്തും തടങ്ങള,
തിദൂരം സമുദ്രസമമാകുന്ന സൈകതവുമോരോ പുരം
നഗരലാവണ്യ രാവുകളുമേതോ
വസന്ത സദിരേകുന്ന
മേടുകളുമെങ്ങും
ഹിമാവൃത, മനന്താഭചേര്‍ത്തു നിലകൊള്ളുന്നൊരദ്രി
ശിഖരങ്ങള്‍,
നമിച്ചു നടകൊണ്ടാന്‍.

ഓരോന്നുമങ്ങിനെ കടന്നൊറ്റ
ദിക്കിലകലെ പന്തലിക്കുന്ന ബുദ്ധശൈലത്തിനെ
ഹൃത്തിന്‍ മിടിപ്പിലിഴ ചേര്‍ക്കാന്‍
മഹാഗാനസത്തയിലുരുക്കി
-യലിയിക്കാന്‍
യാനം തുടര്‍ന്നു പോവട്ടെ…

ബുദ്ധകീര്‍ത്തികളണിഞ്ഞ ഭവനം ബുദ്ധപാദപമുണര്‍ന്ന പുളിനം
ബുദ്ധ ദീപ്തികളൊഴിഞ്ഞ വ്യസനം
ഹൃത്തിലൂറി നിറയുന്ന ദയിത-
ച്ചിത്തമേന്തി നിലകൊള്ളുമിനിയും

എത്രകാലമിരുള്‍ മൂടിനിന്നയിടവും നിദ്രവിട്ടുണരുമര്‍ക്ക രശ്മിയേല്‍ക്കെ. രക്തസാക്ഷികളമര്‍ത്തി വച്ച വാക്കും ശക്തിനേടിയമരത്വമാര്‍ന്നുയര്‍ക്കും.

ദലം 17

ശ നിരാശകളസ്തമിക്കും
പകല്‍, വേദി പ്രപഞ്ചം
വെറും മര്‍ത്യനാടകം.
കാലവും ഭൂമിയും
മണ്ണും ശരീരവും
യാനമെന്നൊന്നില്‍
ലയിച്ചു മുന്നേറവേ,
മണ്ണെരയായി ചുഴന്നു കടന്നുപോം
മണ്ണും തുരങ്കവുമായുടല്‍ മാറിയും

രാവും പകലും നിലാവും സമാസമം കര്‍മ്മധമ്മങ്ങളും
കാലവുമൊന്നു പോല്‍
ഇന്ദ്രനീലാഭം തിളങ്ങി സരോവരം.

അന്ത്യയാത്രയ്ക്കു
മുമ്പാത്മസഖീമുഖം
മന്ദം തെളിഞ്ഞു വരും
കാമ്യദര്‍ശനം!

മന്ത്രനിശ്വാസക്കുളിര്‍
-തെന്നലിന്‍ മൊഴി സങ്കടലേശമില്ലാതുയിര്‍ക്കൊള്ളുന്നു.

പഞ്ചഭൂതങ്ങളരച്ചു ബന്ധിച്ചതല്ല -
ന്തരേ പാര്‍ക്കും മനസെന്ന
രൂപകം.
യുദ്ധം, പ്രളയാദി ദുഃഖഹേതുക്കളെ ആദരിച്ചേല്‍ക്കും
മനസ്സാണ് മനുഷ്യന്‍!
ആര്‍ത്തനാദങ്ങള്‍ വിളഞ്ഞ
പാടങ്ങളില്‍
ആര്‍ത്തുകൊയ്യും
കൈക്കരുത്താണു മാനുഷന്‍
ആസന്നമായ ദുരന്തമേധങ്ങളെ ആസ്വദിക്കാന്‍
കാക്കുമജ്ഞത മാനുഷന്‍.

‘‘ക്രൂരസന്താപാര്‍ത്തി
വൃന്ദങ്ങളൊത്തുചേര്‍-
ന്നാളിച്ചൊഴുക്കുന്നൊരഗ്‌നി ശൈലത്തിനെ,
ശാന്തസരിത്തിലിണങ്ങു- മൂര്‍ജ്ജക്കണമാക്കുവാനൗഷധം ധമ്മമത്രേ ചിരം’’.

‘‘നമ്മിലലിഞ്ഞ ലവണമല്ലേ കടല്‍? നമ്മിലെ രക്താണു സത്തയല്ലേ നദി?നമ്മിലുജ്ജീവിക്കുമെണ്ണമില്ലാതുള്ള ജന്തുജാലങ്ങള്‍ പടച്ചതല്ലേയുടല്‍? നമ്മളല്ലേയഴല്‍?
നമ്മളല്ലേ ബദല്‍?’’
യുദ്ധാനുബദ്ധമാം
ചിത്തം തണിഞ്ഞതിന്‍
ചെത്തങ്ങളാമ്പല്‍
വിടര്‍ത്തട്ടെ പ്രജ്ഞയില്‍!

ദലം 18

മൗനം മുഴങ്ങുന്ന ബുദ്ധശൈലം ഗ്രന്ഥപ്പലകയടുക്കുകളായ്
മഞ്ഞൊളി മൂടിനിവര്‍ന്നു മുന്നില്‍
വാനിന്റെ ശാന്തിസംഗീത നീലം
രേണുക്കളായിപ്പൊഴിഞ്ഞു മൂടി

നെഞ്ചിലൊരിമ്പസ്വരം തുളുമ്പി
പര്‍വതമെത്രയോ ബാക്കിയുണ്ടാം
ദേശങ്ങളുണ്ടാം മനുഷ്യരുണ്ടാം
കാണാത്ത ജീവജാലങ്ങളുണ്ടാം
കണ്ടുമറിഞ്ഞുമവര്‍ക്കിടയില്‍
വാക്കായലിഞ്ഞു കടന്നു പോണം
നാളു തോറും നറുഗന്ധമേകി
മായുന്ന പൂവുകളായിടേണം.

ലക്ഷ്യം തെളിഞ്ഞൂ,
നടന്നു മാഞ്ഞു
മഞ്ഞുമൂടുന്ന പരപ്പിലൂടെ.
പാദരൂപങ്ങള്‍ തെളിഞ്ഞു കണ്ടു.
മഞ്ഞു വീണത്രയും മാഞ്ഞു പയ്യെ!

(ശാലയുടെ ഇതിഹാസം ഇവിടെ തീരുന്നു).


Summary: Shaala, a malayalam long poem by Raprasad, part three.


രാപ്രസാദ്

കവി, സിനിമാ സംവിധായകൻ. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നു രാവും പകലും, അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകളും ആവാർഗി, പടുക്ക എന്നീ ഡോക്യുമെൻ്ററികളും സംവിധാനം ചെയ്തു.

Comments