നൂറ്റാണ്ടുകൾ കടന്നെത്തുന്ന
ഭിക്ഷുവിൻ്റെ ജീവിതകഥ
▮
ആരംഭം
ജലം
ദീപരേണുക്കൾ തൂവിത്തിളങ്ങുന്ന
പള്ളി നീരാളം.
മിന്നാമിനുങ്ങുകൾ പൂക്കുന്ന
രാമരച്ചില്ലകൾ തോറും
അലിഞ്ഞിറങ്ങും പൂർണ്ണചന്ദ്രഗീതം.
അങ്ങു മഹാബുദ്ധപർവതം
ഭൂമിക്ക്
വെള്ളിക്കിരീടമണിയിച്ച മൂർച്ചയിൽ
കാലം തുടിക്കെ,
കണ്ടൂ പ്രപഞ്ചം
ഹിമാലയകാരുണ്യം
നീരണിയിച്ച സരോവരമാനസം.
ദൂരത്തുനിന്നും
തടാകത്തിനോരം പിടിച്ചു നടന്നടുക്കുന്നൊരാൾ.
ആഗതൻ, ഭിക്ഷു
മന്ദസ്മിതമെന്നൊരു
മന്ദാരപുഷ്പമണിഞ്ഞു.
പുലരിക്കു മുമ്പേ തിളങ്ങുന്ന
വിസ്മയം കണ്ടു.
ചന്തങ്ങളോരോന്നുമുണ്ടു
പകലു പൂക്കും വരെ.
കാതങ്ങളേറെക്കടന്ന്
ജീവൻമുഖ ദേശവർഷങ്ങൾ നടന്ന്
കണ്ണുനീരൊപ്പി കുതിർന്ന്
ശരണത്രയങ്ങൾ പകർന്ന്
പുത്തഗംഗാതടം പൂകിയയാത്രയെ
മിന്നൽ ചിരി കൊണ്ടറിഞ്ഞു
തപോജയൻ.
ആളുമിരുട്ടും നിലാവും സമം
ധ്യാനചിന്തയും
കർമ്മധമ്മങ്ങളുമൊന്നു പോൽ.
പുലരിക്കു മുമ്പേ തിളങ്ങുന്ന
വിസ്മയം കണ്ടു.
ചന്തങ്ങളോരോന്നുമുണ്ടു
പകലുപൂക്കും വരെ,
തീരത്ത് മൂകനാം ധ്യാനവേദൻ!
ഒറ്റമിടിപ്പിലളന്നു മഹാദുഃഖജീവനം ജീവിതപ്പച്ചയിലാടിയ നാടകം.
ചിത്രകർമ്മം പോലെഴുതുന്നു രാപ്രസാദങ്ങൾ
വിരിയിച്ച
ബോധിദലങ്ങളായക്കഥ.
▮
ദലം 1
മഹദ്ദർശനം തീർന്നു
ചിരതാരകം കണ്ടു
തിരിഞ്ഞു, മലകേറാനൊരുങ്ങി ശാലാമനം.
പ്രണയാനിലൻ മാഞ്ഞു
തെളിയും പകലിലും
മടങ്ങാൻ മടിച്ചപോൽ
കനിവിൻ ഇളംചന്ദ്രൻ
ജലമാനസം തേടി.
നരജാതകവൃത്തം
പരിപൂർണ്ണമല്ലെന്നോരറിവിൽ
നിറംപൂശി ചരിച്ചൂ പാദങ്ങളും.
ഇരുപർവതങ്ങൾക്കുമിടയിൽ
ദൂരെക്കാണാം
ശിരസ്സിൽ ഹിമം ചാർത്തി,
- യുയർത്ത മഹാമേരു.
വര പോലൊരുപാത
വിളിക്കും നേരം ചുറ്റും,
രണരംഗത്തിൽ മറഞ്ഞിരിക്കും
ഭടൻമാർ തൻ തലകൾ,
കരിമ്പാറത്തുണ്ടുകൾ നിഴലിപ്പൂ.
കരിമൺ വഴിയിലും
മഞ്ഞിലും ചവിട്ടുമ്പോൾ
തരിച്ചു ശിരസ്സൊരു കുഞ്ഞുനോവിനാലപ്പോൾ.
ചൊരിയുന്നോരോ ചെറുകല്ലുകൾ
മുകളിലായ്
ചെരിഞ്ഞ കുന്നിൻ കൊച്ചു വികൃതിയാണെന്നാലും!
ചിരികൾ കേൾക്കുന്നവൻ
മരിച്ച ബാല്യത്തിന്റെ കരച്ചിൽ, ഭയന്നൊട്ടി, യൊളിച്ചോ_
-രോലച്ചാർത്തിൻ മറയിൽ നിശ്വാസങ്ങൾ
ഒരുമാത്രയിൽ
പതിറ്റാണ്ടുകൾ പിറകിലേക്കെറിയുന്നൊരു രാവിൻ നടുമുറ്റത്തേക്കോർമ്മ
എരിയും വീടിന്നുടൽ
നൃത്തമാടുവാനുള്ളോരങ്ങായ്
മാറ്റും തീയിൻ
മൃതികാഹള ലീല!
▮
ദലം. 2
ചെറുവള്ളികൾ പടർന്നിലകൾ മറതീർക്കും
കൂരിരുകൾ തൊടിയിലായ് മറഞ്ഞുനിൽക്കും നേരം
എരിതീച്ചൂടും വെട്ടത്തുണ്ടവും
തെറിച്ചുവീണിരു പൂമുഖങ്ങളിൽ
ഭയചിത്രങ്ങൾ കോറി.
വിറപൂണ്ടുലുകൾ ചേർത്തിരിക്കവേ കാണാം
ഇരുന്നൂറടി ദൂരത്താളി നിൽക്കുന്നു ഗേഹം!
കരിഞ്ഞ ഗന്ധത്തിലുണ്ടവരെ
താരാട്ടിയും
വാരിയുമെടുത്തേറെ
ഉമ്മകളായോരമ്മ.
നേരമെത്രയായാലും
വീട്ടിലെത്തുമ്പോളിളന്നീരിന്റെ
വാത്സല്യമായൊഴുകും പുഴയച്ഛൻ.
നാരുകൾ തൊലി മൂടി
ഞാണുപോൽ വലിഞ്ഞേറ്റം
ഞരമ്പിൻ കൂട്ടം
വിറച്ചാളുന്ന മുത്തിച്ചിരി.
ഉരയും വാളിൻ ദാഹം
ഉടലോടിടയുമ്പോൾ ഞരങ്ങും ശബ്ദച്ചീളായ് മുറിയുന്നോരോ ദേഹം
കരയാൻ നേരം കിട്ടാതൊടുങ്ങി
പ്രാണൻ മൂന്നും
പുരയിൽ പടർന്ന തീ
ചിതായായാളീ രാവിൽ.
തിരഞ്ഞൂ ചിലർ രണ്ടു പൈതങ്ങൾ
ദൂരെ പ്പോകാ-
തിരിപ്പുണ്ടെങ്ങോ
പിടിച്ചവരെക്കൂടി തീർക്കാം.
ഒരു നിശ്വാസം പോലുമടരാതവൻ പെങ്ങൾ തരിയെ
കണ്ണും വായും പൊത്തി
മേനിയിൽ ചേർത്തു.
തിരച്ചിൽ തീർന്നൂ സംഘം മടങ്ങി നഷ്ടപ്പെട്ടൊരിരകൾ
ചാരത്തുള്ളതൊട്ടുമേറിയാതെ.
നീരുവറ്റിയ കണ്ണിൽ പതിഞ്ഞൊരാൾക്കൂട്ടത്തെ
ചോര തൻ ഓർമ്മക്കൂട്ടിൽ
വളർത്തീ, പകയൂട്ടി!
വിറച്ചും പനിച്ചും മേലുറങ്ങും
പെങ്ങൾ പൂവിൻ
ഭാരവും വഹിച്ചോരോ
മറയും പറ്റിപ്പോകേ,
കരിമേഘത്തിൻ പിന്നിൽ ചന്ദ്രനോടൊപ്പം ചേരാനൊരുങ്ങി താരങ്ങളും
മൂകരായിരുൾ നൽകി.
മാരിയിൽ മറഞ്ഞോർമ്മ,
ക്കാട്ടുപൊന്തകൾ മൂടി-
യാരൊരുക്കുന്നൂ രാവിൻ
സാരമായീറൻ പാത?
ദൂരെവിൺ മരക്കൊമ്പിൽ പൂവൊളിച്ചന്തം, ചോര-
പ്പൂ വിടർത്തും മുമ്പെത്തീ
അയലത്തൊരു നാട്ടിൽ.
കൂരതൻ വാതിൽ തുറന്നത്ഭുതം കളിത്തോഴി
ആരിതെ;ന്നാളും ചോദ്യചിഹ്നമായ്
നിന്നു മുന്നിൽ.
നേരു പെങ്ങളെ മുന്നിൽ കിടത്തി നിറകണ്ണാൽ,
പറയാതെല്ലാം പറഞ്ഞൊരു
മുത്തവും ചാർത്തി
വരും ഞാനൊരുനാളിൽ,
അന്നോളമിപ്പൂവിനെ കരുതാനാരും ലോകത്തില്ലയെൻ സഖീ, വേറെ;
നേരെ നിന്നവനല്പ നേര-
മങ്ങിനെ നോക്കി
നീരണിക്കണ്ണാലവൾ
സമ്മതം ചൊല്ലും വരെ.
കരംതൊട്ടതിൻ ചൂടിൽ
തെല്ലു ചുംബനം നൽകി
തിരിഞ്ഞേ നടന്നൂർജ്ജ-
-പ്പെരുക്കത്താളം കൊട്ടി.
നീരു പൊള്ളിക്കും കണ്ണിൽ
പതിച്ചൂ മുഖങ്ങളെ,
ചോരതന്നോർമ്മക്കൂട്ടിൽ
വളർത്തീ പകയൂട്ടാൻ.
കൂരിരുൾ പാടം, നീലക്കാടുകൾ,
തോരാതാർക്കും വാരിദക്കൂട്ടം,
വീശും മിന്നലിൻ വെള്ളിപ്പന്തം,
വീരനാമിരുൾ തെയ്യം
കാവിറങ്ങും യാമങ്ങൾ,
ഊരുകൾ കടന്നേറും
യാനമാകുന്നൂ ബാലൻ
▮
ദലം. 3
നാല്പതു നാളുനടന്നും കിതയ്ക്കാതെ കാൽപാദമൂന്നിയുറച്ചും, തഴമ്പിച്ചു
രാപ്പാതിയിൽ വീണുറങ്ങി,
വിയർപ്പാറ്റി
-യിപ്പോഴത്തുന്നൂ
കളരിപ്പടിക്കലായ്
അങ്കച്ചുവടുകളാടിത്തിടം വച്ചു-
-മംഗം മുറിഞ്ഞും നിണംകൊണ്ടു നെറ്റിയിൽ
കുങ്കുമം തൊട്ടും ചുവടുവെച്ചുഗ്രനായ്
അങ്കണമാകെ നിറഞ്ഞു കളിച്ചൊരാൾ
തന്നെത്തിരഞ്ഞു വന്നെത്തിയ
ബാലനെ
മുന്നിൽ വിളിച്ചിരുത്തുന്നിളം
തിണ്ണയിൽ,
വേഗാലളക്കുന്നു
വാളൊത്ത നോക്കിനാൽ!
തെല്ലുനേരത്തെ നിശബ്ദതയ്ക്കിപ്പുറം ചൊല്ലുന്നു. നീയിനിയെല്ലാം പഠിച്ചൊരു
നല്ല യോദ്ധാവായ് മടങ്ങുന്ന നാൾ വരും ഇല്ലെനിക്കാശങ്ക, എങ്കിലുമോർക്കണം
സാധുക്കളോടിടഞ്ഞാരാനുമെത്തിയാൽ ആയുധമപ്പോൾ എടുത്തു വീശീടണം
വാളാലൊരിക്കലും കൊല്ലരുതേയൊരു നാരിയെ, ബാലികാബാലകന്മാരെയും;
ശിക്ഷ തുടങ്ങി ഗുരുവിൻ്റെ വാൾമുന
നക്ഷത്രമുല്ല മലരുകൾ ചിന്നവേ,
ചാട്ടം പിഴച്ചും തിരുത്തിയും ചോടുകൾ ചിട്ടയായൂട്ടിയുറപ്പിച്ചുയർന്നു ത-
-ന്നിഷ്ടം പകുത്തും കളിച്ചും വളർത്തുന്ന പട്ടിയെപ്പോലെ മെരുങ്ങിയ വാളിനാൽ
ഇത്തിരി പ്രാണിക്കഴുത്തും
മദംകൊണ്ട മത്തഭ ഗർവും
മുറിച്ചെടുക്കാനുള്ളൊ-
രുന്മത്തവേഗം കരഗതമാക്കിയാൻ.
പന്ത്രണ്ടു കൊല്ലം തപിച്ചു പാകം വച്ചു ചന്തം തിളങ്ങുന്ന പേശീദലങ്ങളും
കാകൻ്റെ കാഴ്ചയും കാറ്റിന്നദൃശ്യ-
വേഗങ്ങളും, കാടിൻ്റെ തന്ത്രവും നേടിയാൻ…
നേരമായന്നു പരുഷാർത്ഥജീവിത -
ത്തേരിറക്കി പാത പൂകുവാനൂഴിയിൽ.
മേരുവായ് നിന്ന ഗുരുവിന്റെ മുന്നിലായ്
ഊരു വളച്ചു വണങ്ങി നിവർന്നവൻ
ധീരത ചേർത്തുവിളക്കിയ സങ്കര- ലോഹമുരുക്കിത്തിളക്കിയ വാളിനെ
തോലുറയ്ക്കുള്ളിലൊതുക്കിയേകി
ഗുരു,
ഉള്ളം നിറച്ചു പടിയിറങ്ങി ഭടൻ
▮
ദലം 4
മഞ്ഞ മണൽപ്പുറം
ആളിമാലീ തടം
കന്നിത്തുടുവെയിൽ നീന്തും ജലാരവം പാദം നനയ്ക്കെ വിരലു മുത്തും
ചെറുമീനുകൾ
പൂവിതൾ സ്പർശനം മാതിരി
ചേളാവഴിച്ചു, വിതയെറിയും പോലെ ധാന്യം കൊടുത്തു മത്സ്യങ്ങളെയൂട്ടിയും
മുങ്ങിക്കുളിച്ചു തുവർത്തി മുടിച്ചായ- ലുച്ചിയിൽ കെട്ടി, യരച്ചേല ചുറ്റിയും
കെട്ടുമെടുത്തു നടന്നു,
തെക്കുള്ള തൻ
കുട്ടനാട്ടിൽ മണ്ണിലെത്തും വരേക്കവൻ
മഞ്ഞക്കിളിപ്പെണ്ണ്
മണ്ണിൽ തൊടാതെ തൻ
ഓമൽ കുരുത്തോലയാടകൾ
തുള്ളിച്ചുണരുന്ന ചില്ലകൾ,
പൂമീൻ, പരലുകൾ, മാനത്തുകണ്ണിക്കിനാവുകൾ,
തുമ്പികൾ
കാണ്ടാമരങ്ങളായ് കാടിന്റെയോർമ്മ,
കരിഞ്ഞ മണ്ണിൻ മണം
പൂകുവാനാവഴി,
-ക്കീരേഴു നാളുകൾ
ഗ്രാമവിപഞ്ചിക
നീർതൊട്ടു മീട്ടുന്ന
നേർവരമ്പിൻ വര.
കൈതോല വാളുകൾ
വീശും പകൽചിറ,
കാട്ടിത്തരുന്നതാ-
-മോലവാതിൽ പുര,
ചാരുമുല്ലത്തറ.
മുന്നിൽ സഹോദരി,
പുഞ്ചിരിപ്പൂവൊളി!
ഒപ്പം മനോഹരി,
കാമിനി,മേതിനി!
കറ്റക്കളത്തിൽ
നിറപൊലിക്കൂനയിൽ
കുത്തി നിറുത്തി വിടർത്തിയ
പൂങ്കുല!
കെട്ടിപ്പിടിച്ചും പുണർന്നു നിന്നും
പെങ്ങ,ളേക സഹോദര ഗന്ധം
കുടിക്കവേ,
ലജ്ജയോടൽപമകലെ നിന്നംഗന.
▮
ദലം 5
വന്നരികിൽ നിശ,
സുന്ദരിയാൾ, മൃദുസംഗീതമായി
പൊതിഞ്ഞു കിനാവിനെ.
ഭൃംഗഗാനം കേൾക്കെ,
-യങ്ങോട്ടുചായുന്നൊ
-രല്ലിയാമ്പൽ
പൂമനസായി മാനിനി.
മുറ്റത്തു ചന്ദ്രിക,
ശംഖുപുഷ്പങ്ങൾ നിരത്തിയ
പായയിലേകാന്തനായൊരാൾ.
തമ്മിൽ പകുത്ത
നിത്യാനന്ദജീവിത,
സ്വപ്നങ്ങളെ ചേർത്തുറങ്ങിയ
നാളുകൾ.
പങ്കിട്ട വാക്കിൻ്റെ പച്ചയി-
ലോർമയിൽ
ഉന്മാദ സങ്കൽപ്പനങ്ങളിൽ
വീണവൾ.
അപ്പൊഴും നെഞ്ചിൽ
മിടിക്കുന്ന പ്രേമക്കരുത്തിൽ
സമുദ്രങ്ങളെല്ലാതുക്കിയോൾ
മെല്ലെക്കടന്നു ചെന്നാ,
സൗഹൃദന്ത,നീരന്നോള,
മുണ്ണാത്ത തേനായളക്കുവാൻ.
സന്ദേഹലേശമില്ലാതെ
സുഗന്ധിയാ, ളന്നുറങ്ങീ
പ്രേമശയ്യയിലാദ്യമായ്.
തന്നന്തരംഗം കവർന്ന
സ്നേഹാംശുവെ,
-യിന്നെഞ്ചിലാകെ
യണിഞ്ഞു മയങ്ങിയും,
നേരം പുലർന്നലർ വെട്ടം
പൊഴിഞ്ഞപാടന്യോന്യ
മന്ദസ്മിതപ്പൂവടർത്തിയും,
പുഞ്ചിരിച്ചെത്തും
സഹോദരി,ക്കൺമുനകൊണ്ടു നാണച്ചുവപ്പാർന്നതും ജീവിത,
സങ്കടച്ചോലയിലൽപ്പമാം മാത്രകൾ
മാത്രം തെളിഞ്ഞ സന്തോഷമെന്നോർത്തവൻ.
എങ്ങും മലർക്കിളിപ്പാട്ടു പൂക്കുന്ന
നല്ലുദ്യാനമായിത്തെളിഞ്ഞൂ
വീടെങ്കിലും,
മുല്ല പൊഴിച്ച മലർമണം പോലര-
നാഴിക നിന്നില്ലവരുടെ സുസ്മിതം
യാത്ര ചൊല്ലിപ്പുറപ്പെട്ട
പോരാളിയെ
കേണുപറഞ്ഞും
തടഞ്ഞും കരഞ്ഞവർ.
വ്യാഴവട്ടക്കരുത്താളുന്ന കാറ്റിനെ
പൂവിതൾ കൈകകൾ
വെട്ടിയരിഞ്ഞു മുടിക്കണമക്കുലം സ്വസ്ഥതയില്ലെനിക്കാ നിമിഷം വരെ!
കത്തിച്ചുതീരണം ചോരക്കണക്കുകൾ
വിത്തിട്ടു പോയെൻ്റെ ചിത്തത്തിലപ്പക.
ശത്രുക്കളാടിത്തിമിർത്തു വാഴുമ്പൊഴി
- ങ്ങെത്ര നാൾ ദായം കളിച്ചിരിക്കും മനം.
▮
ദലം 6
ഉച്ചതിരിഞ്ഞു, വെയിൽ പന്തലിക്കുന്ന പച്ചകൾ, കാറ്റിൻ വിശറിയാട്ടങ്ങളിൽ
പച്ചോല മെല്ലെ മന്ത്രിക്കുന്ന വാക്കുകൾ,
അങ്ങിങ്ങു കൊറ്റികൾ
ആമ്പലിൻ മൊട്ടുകൾ
തുമ്പിലായ് ചെമ്പിച്ച തുമ്പികൾ
നീലം കുടിച്ച ജലാശയം വെള്ളിത്തിളക്കത്തി-
ലോളക്കൊലുസ്സുകൾ
മീൻ കൊത്തിയേറുന്ന പൊന്മ
പ്രളയ നീരെത്തുന്നതിൽ മുൻപ്
സ്വച്ഛത വാഴുന്ന
ശുദ്ധ കല്ലോലിനിയായി
കരിനിലപ്പാട്ടെഴുതും പുരം.
അത്തിമരക്കൊമ്പു വിട്ടു
നൂറായിരം പക്ഷികളാർത്തു
പറന്നു പൊങ്ങി,
ഒറ്റ വാർത്തയിൽ ഗ്രാമം മിഴിച്ചുണർന്നു ജനമപ്പാടെയോടിയെത്തുന്നു
സകൗതുകം.
വ്യാഴവട്ടം കത്തിയാറിയ വീടിന്റെ അസ്ഥിഖണ്ഡങ്ങൾ പുതയ്ക്കും പടർപ്പിലായ്
കണ്ണുനട്ടാണൊരാൾ നിൽക്കുന്നു നിശ്ചലം
കാരിരുമ്പിൻ കരിത്തൂണുപോലങ്ങിനെ!
തേലനും കുഞ്ഞിയും പൂമയമ്മൂമ്മയും
നീറിയമർന്ന പുരത്തറ മൂലയിൽ
മെല്ലെയിരുന്നവൻ കയ്യിലെ വാളിനാൽ
ഊഴിയിൽ താളം
പൊഴിച്ചുകൊണ്ടങ്ങിനെ!
ഏറെപ്പതിഞ്ഞൊരാ താളം വളർന്നിട്ട്
ചങ്കിടിപ്പിൻ സ്ഥൂലരൂപമാർജിച്ചൊരു
ഹുങ്കാരമായി പടർന്നൂ മനങ്ങളിൽ.
ആളുമഹന്തയും ധാന്യവും താങ്ങുന്ന കോലകമാകെയുണർന്നു പൊടുന്നനെ.
വാളും വടികളും ശൂലലോഹങ്ങളും ഏന്തിക്കലമ്പിയടുത്തു.
യുവാവിനെ
വ്യൂഹത്തിലാക്കി നിരന്നു
പോരാളികൾ.
കത്തും നിശ്ശബ്ദത, ഭൂതകാലങ്ങളെ ചുട്ടെരിച്ചാടിയോരഗ്നിച്ചുവപ്പിനെ
കണ്ണിൽ നിറച്ചുനിവർന്നു
തേലൻ മകൻ
ആർത്തലർച്ചയ്ക്കൊപ്പ, മായുധം
വീശിയങ്ങാദ്യമടുക്കുന്ന
മല്ലന്റെ, ഖഡ്ഗം
പിടിച്ച തടിച്ച കൈ
മൊത്തമായ് വായുവിൽ അറ്റുതെറിക്കുന്ന മാത്രയിലു-
ച്ഛ്വാസവാതം നിലച്ചു നടുങ്ങീ ജനാവലി!
ചീറിയെത്തുന്ന രണ്ടാളുകൾ,
ശാലതൻ
വാളിൻ്റെ ദാഹം പകുത്തുണ്ണവേ
തല രണ്ടും തെറിച്ചു,
വരയ്ക്കുന്നു വർത്തുള
ശോണചാപങ്ങളെ
വാനിലായക്ഷണം.
ഞെട്ടി വിറച്ച
പൈതങ്ങൾ തൻ കൺപൊത്തി നെഞ്ചോടടുപ്പിടിക്കുന്നു
സ്ത്രീകളും!
നേരെയടുത്ത
കുന്തങ്ങൾ തൻ പോർമുന
വേഗാലൊഴിഞ്ഞു മറിഞ്ഞു,
രണം നൃത്തരൂപം ചമയ്ക്കുന്ന
മെയ്യനക്കങ്ങളായ് മാറി,
മൃഗീയ പദങ്ങളായ്,
ആയുധം അംഗമായ് മാറും
പരിപൂർണ്ണ നാടകമാടീ,
അലർച്ചകൾ
കണ്ഠനാളത്തോടരിഞ്ഞെറിഞ്ഞും
പിടഞ്ഞായം നിലയ്ക്കും ശരീരഖണ്ഡങ്ങളിലൂന്നാതെ
മണ്ണിലെ ചോരച്ചതുപ്പിൽ
ചവിട്ടി, വിനാഴിക
പാതിയാവും മുമ്പൊടുക്കി,
പതിനേഴു മർത്യരെ
ജീവത്തുടിപ്പുമായും വരെ.
പെട്ടെന്നൊരമ്പു പറന്നടുത്തൂ,
തരം കണ്ടൊഴിഞ്ഞു,
മറഞ്ഞെയ്ത വില്ലാളിയെ
ഒറ്റവാളേറാൽ വധിച്ചു
അടുത്തു ചെന്നായുധമൂരിയെടുത്തു
നടക്കവേ,
പിന്നാലെ കാണികൾ,
പേടിച്ചകന്നും ഭയന്നും നടന്നുറ്റ
സംഹാരദേവന്റെ
ഭക്തവൃന്ദങ്ങളായ്
▮
(തുടരും)