ഷാജി കൊന്നോളി

​​​​​​​​​​​​​​കുളിമുറിയിലൂടെ ഒഴുകിപ്പോയ കാട്

ഷ്ണകാലം
കുളിമുറിയിലെ പൈപ്പ് തുറന്നപ്പോൾ
ഒരു കൊമ്പനാന
കറുത്ത് തടിച്ച തുള്ളിയായി
ബക്കറ്റിലേയ്ക്ക് ഉറ്റി വീണു
പിന്നാലെ തവിട്ട് നിറത്തിലുള്ള
ചെറുതുള്ളികളായി കുട്ടിയാനകൾ
അതിലൊന്ന് പുറത്തേയ്ക്ക് വീണ് ചിതറി
സോപ്പ് പതയോടൊപ്പം പരന്നൊഴുകി
ചുമരോട് ചേർന്ന് ചെറുകുമിളകളായി
പൊട്ടിയമർന്നു
പെട്ടന്ന് വെളിച്ചം പോയപ്പോൾ
ബക്കറ്റിൽ നിന്ന് പനയോല ചവയ്ക്കുന്നതിന്റെയും
കരിമ്പിൻ തോട്ടം ഇളക്കിമറിക്കുന്നതിന്റെയും
ഒച്ച കേൾക്കാമായിരുന്നു.

കുളി തുടരാമെന്നോർത്ത് കുനിഞ്ഞതേയുള്ളു
പൈപ്പിന്റെ വായ് വട്ടത്തിൽനിന്ന്
പുള്ളിയോട് പുള്ളിചേർന്ന ഒരു പുലി
ജീവനും കൊണ്ട് പുറത്തേയ്ക്ക് ചാടി
പിന്നാലെ
വേഗംകൊണ്ട് ഉന്മാദിനിയായ ഒരു പുള്ളിമാൻ
പുലി എന്റെ തോർത്തുമുണ്ടിനുള്ളിലൊളിച്ചു
നിരാശനായ പുള്ളിമാൻ വഴിതിരിച്ചുപോയി
പുലി ആനയെ മണംപിടിച്ച്
ബക്കറ്റിലേയ്ക്ക് കയറിപ്പോയി.

കുളിമുറിയിൽ
വസ്ത്രങ്ങളണിഞ്ഞു നിൽക്കുന്നവൻ
ഒരശ്ലീലമാണ്
നഗ്‌നതയോളം
ഒന്നുമില്ലായ്മയാൽ അനുഗ്രഹിക്കപ്പെട്ട മറ്റെന്തുണ്ട്.

രമണൻ നമ്പൂതിരി
കുടുംബക്ഷേത്രത്തിൽ ഗുളികന് കൊടുക്കാൻ
കാവ് കയറിപ്പോകുന്നതും
അലക്കുകാരി ചന്ദ്രിക ഒരു ഗൂഢസ്മിതത്തോടെ
ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് എടുത്തുവെക്കാൻ മറന്ന
നൂറു രൂപ നോട്ട്
ബ്ലൗസിനുള്ളിൽ തിരുകിവെക്കുന്നതും
എനിക്ക് കുളിമുറിയിൽ നിന്നാൽ കാണാം
നമ്പൂതിരി അലക്കുകാരിയെ നോക്കുന്നുണ്ടായിരുന്നോ
ഒരുപക്ഷെ അപ്പോൾ പുറത്തൊരു മഴപെയ്തു
കുളിമുറിയിലെ കുളി റദ്ദുചെയ്ത്
മഴയത്തോട്ട് ഇറങ്ങിനിന്നാലോയെന്നോർത്തുനിൽക്കേ
പൈപ്പിൽനിന്നതാ മണികിലുക്കികൊണ്ട്
കെടാത്തൊരു തിരിയും പിടിച്ച്
രമണൻ നമ്പൂതിരിയെന്നൊരു തുള്ളി
പിന്നാലെ
ആമ്പൽപ്പൂ കൂമ്പിയപോലെ
അലക്കുകാരി ചന്ദ്രികയെന്നൊരു തുള്ളി.

രണ്ട്​

യം മെല്ലെ മെല്ലെ
പൊടിഞ്ഞ് പൊടിഞ്ഞ് ഹരമായി മാറി
ഞാൻ പൈപ്പ് ഒന്നുകൂടെ തുറന്നു
ഒരു മുറിയിൽ ഒരുപാടുനേരം നിന്നാൽ തോന്നുന്ന വേവലാതി
കുളിമുറിയിൽ ഒരുപാടുനേരം നിന്നാൽ
തോന്നുന്നില്ല എന്നെനിയ്ക്ക് തോന്നിയോ.

ഞാനും പൈപ്പും അതേനിൽപ്പാണ്
എനിയെന്തെന്നുമാരെന്നുമാർക്കറിയാം...

പുറത്ത് മഴ തീർന്നു
അകത്ത് തീരാത്ത കുളി
പൈപ്പിലൂടതാവരുന്നു
കുന്നിൻചെരുവിലെ വെയിൽവീണ പുൽമേടകൾ
മേഞ്ഞ് മേഞ്ഞ് തളർന്നുപോയ ഒരാട്ടിൻകൂട്ടം
മഴു നെഞ്ചിൽത്തറച്ച ഒരു മരംവെട്ടുകാരൻ
വിറക് പെറുക്കാൻ വന്ന അഞ്ചാറു പെണ്ണുങ്ങൾ
ഇലവീണ് മൂടിപ്പോയ കാട്ടു വഴികളിലെ
ചിരഞ്ജീവിയായ ഏകാന്തത
ഇര തെന്നിപ്പോയ ഒരമ്പ്
പൂമ്പാറ്റകൾ ഉമ്മകൊടുത്ത് കൊടുത്ത് നിറംവെച്ച
ഒരു കാട്ടു പൊയ്ക
അടുത്ത മഴയ്ക്ക് ഉരുൾപൊട്ടാനിരുന്ന
പാറക്കെട്ടുകൾ
ചില പാറകൾക്കു മുകളിൽ
ഇലച്ചാറ് കൊണ്ട് വരച്ച മയിൽ ചിത്രങ്ങൾ ഉണ്ടായിരുന്നു
കുളിമുറിയിൽ അവർ പീലിവിരിച്ചു നിന്നു
ചില്ലകൾക്ക് കേടുപാടുകൾ വരാനും
കായും പൂവും കൊഴിഞ്ഞുപോകാനും
സാധ്യതയുള്ളത് കൊണ്ട്
മരങ്ങൾ മരങ്ങളായിത്തന്നെ വരുന്നതിനു പകരം
വിത്തുകളായിവന്നു
കുളിമുറിയിൽ മുളച്ച് തളിർത്ത്
പഴയതുപോലെതന്നെ വന്മരങ്ങളായിനിന്നു
നിൽക്കാനിടമില്ലാതെ
ഞാനേതോമരക്കൊമ്പിൽ..

കുളിച്ചുകേറിവാടാ എന്ന മുട്ട് കേട്ട്
തലയ്ക്ക് പന്തടിച്ചപോലെ ഞാൻ ഞെട്ടുന്നു

പുറത്തേ പറമ്പിപ്പോൾ
പുൽമേടുകൾനിറഞ്ഞ ഒരു കുന്നിൻ ചെരിവായി
കിണറിരുന്ന ദിക്കിൽ പൂമ്പാറ്റകൾ മൂടിയ കാട്ടുപൊയ്ക
വിറകുപുരനിന്നിടത്തിപ്പോൾ
ചെമ്മണ്ണുപുരണ്ട കൊമ്പുമായി കാട്ടാനകൾ ഛിന്നം വിളിക്കുന്നു
പിന്നാമ്പുറത്തെ വെള്ളരിക്കണ്ടം നിന്നിടം
മയിലുകൾ പീലിവിരിച്ചു നിന്നു
പുലിയും പുള്ളിമാനുമോടി
മരങ്ങൾക്കിടയിലെ ഇലമൂടിയ വഴികളിലൂടെ
ആടിനെ മേയ്ക്കുന്ന രമണൻ നമ്പൂതിരി
പിന്നാലെ
ഞാനുംവരട്ടെയോ നിന്റെകൂടെയെന്ന് മൂളി
അലക്കുകാരി ചന്ദ്രികയും...

Comments