കോഴിക്കോട് കടപ്പുറത്ത്
വൈകുന്നേരം പോയാൽ
കാറ്റ് വന്ന് വിയർപ്പൊപ്പി
തണുപ്പിക്കും
നിങ്ങളുടെ കൂടെയുള്ള
പെണ്ണിന്റെ മുടിയഴിക്കും
അവളുടെ ചുരിദാറ്
ഊതി ഊതി വീർപ്പിച്ച്
അവളൊരു ബലൂണായി പറന്നുപോകും
നിങ്ങളുടെ മുണ്ട് മടിക്കുത്തഴിയും
കാറ്റതിനെ കൊടിയായി കയ്യിലേന്തും
കുട്ടികൾ തിരമാല നിക്കറിന്റെ കീശേലാക്കി
കടല് കാണാതെ കരയ്‌ക്കോടിക്കേറും
ചെത്തയിസിൽ ഊർന്നിറങ്ങും രസനീര്
നുണഞ്ഞുകൊണ്ട്
ചെക്കന്മാർ ആസ്വദിക്കും പൂഴിക്കടകൻ
അപ്പുറത്ത് സവൻസിന്റെയാരവങ്ങൾ
അടങ്ങാത്ത ഗോളലകളാവേശങ്ങൾ
ചീന്തിവെച്ച ഒട്ടുമാങ്ങ ഉപ്പു കൂട്ടി തിന്നും പിന്നെ
കടുപ്പത്തിലൊരു കട്ടൻ കല്ലുമ്മക്കായും
ഗാമ വന്ന കടലല്ല മാറി വെള്ളം തിരമാല
തീരമതേ കിടപ്പാണ് മണലതേ മണലാണ്
ക്ലാസുകട്ട് ചെയ്ത് വന്ന് കൊണ്ട കടൽകാറ്റിലുണ്ട്
പ്രേമമതിലുണ്ട് രണ്ടുപേരവരുടെ
ചുണ്ട് കൊണ്ട്
പരസ്പരം കുടിച്ചു വറ്റിച്ച
തീരാ ദാഹമുണ്ട്
നോൺ പാർക്കിങ്ങിൽ വെച്ചബൈക്ക്
ടോ ചെയ്ത് കൊണ്ടുപോകും
ട്രാഫിക് പോലീസ്സുള്ളിൽ ഭയമായുണ്ട്..
നേരം മെല്ലെമെല്ലെ താഴും
വെയിൽ ഭീമാ ഗോൾഡ് പോലെ
വന്ന് തീരം പൊന്നുചാർത്തും
കാറ്റടി മരങ്ങളപ്പോളോർമ്മിക്കും
പണ്ട്
പായകപ്പലേറിവന്നൊരത്തർമണം
പൊളിഞ്ഞ കടൽപ്പാല കൈവരികൾ
കൂട്ടമായി
കറുത്ത കൊറ്റികളെപ്പോൽ കുളിച്ചു കേറും
സന്ധ്യ ചോന്ന മുളകരച്ച
അമ്മിപോലെ വെള്ളിയാങ്കല്ല്
അങ്ങ് ദൂരെ കാണും കടൽ മീങ്കറിവെക്കും
നഗരത്തിൽ തോറ്റോരോദിവസത്തി
നൊടുവിലും
അടിയുവാനീത്തീരം കാത്തിരിക്കും
തിരക്ക് കൂടിക്കൂടി കാണാതാകും മണൽ
തീരത്തപ്പോൾ കലരും കണ്ണൂര് മലപ്പുറത്ത്
വയനാടിറങ്ങിവരും ചുരം
കാസർഗോഡെ പുണരുമൊരു
മലബാർ മഹോത്സവം..
▮