ഷാജി കൊ​ന്നോളി.

കാരറ്റിന്റെ രുചിയുള്ള സന്ധ്യ

ശുവിനെ പോലെ തലതാഴ്​ത്തി
ആകാശം
ചക്രവാളത്തിലെ ഇളം കാരറ്റുകൾ
കറുമുറെ തിന്നുന്ന ഒരു സന്ധ്യയിൽ

മുത്തുച്ചിപ്പികളിൽ ഡോൾഫിൻ
തൊട്ടുരുമ്മുന്നത് പോലെ
ഞാനുമവളും

ഒരു മൾബറി ഇലയിൽ പുഴുവിനെ പോലെ
എന്റെ മൂക്ക് അവളുടെ കഴുത്തിൽ ഇഴഞ്ഞു
ലോകം അവസാനിക്കുന്നത് പോലെ
അവളെന്നെ കെട്ടിപിടിച്ചു

അന്ധനായ മിൽട്ടന് നഷ്ടപെട്ട സ്വർഗം
ഞങ്ങൾക്കിടയിൽ നങ്കൂരമിട്ടു
കടലിന് ആദിപാപത്തിന്റെ ആപ്പിൾ മണം

തിരമാലകളുടെ സർപ്പങ്ങൾ
ഞങ്ങളുടെ കാലുകൾക്കിടയിൽ ചുറ്റിവരിഞ്ഞ്
ഉറയൂരി
കടൽ ഒരു നീല പൂമ്പാറ്റയായി പറന്നുയരുന്നത് കണ്ട്
ചോരപോലെ ആർദ്രമായ ഞങ്ങളുടെ ഇരട്ട നാവുകൾ
ചെമ്പരത്തി പൂവിന്റെ ഇതളുകളായി

ഒരിക്കലും മറക്കാനാവാത്ത
ഒരു നിമിഷത്തിന്റെ വേദന പോലെ
അവളൊരു പാട്ടുപാടി
ആയിരൊത്തൊന്നു രാവുകളുടെ കറുപ്പുള്ള
അവളുടെ കണ്ണിൽ നോക്കി
ഞാനൊരു കഥ പറഞ്ഞു

ദിക്കുകളുടെ മറവിൽ
രാത്രി ഒരുങ്ങി
നിലാവിന്റെ ആഭരണപ്പെട്ടിയിൽ
നക്ഷത്ര തിളക്കം

ദൂരെ തോണിവെളിച്ചങ്ങൾ
ചിരാതുകൾ പോലെ ഉലഞ്ഞു
ഒരു നീല തിമിംഗലം
വെള്ളിയാങ്കല്ലുമായി ഇണചേരുന്നത് കണ്ട്
ലൈറ്റ് ഹൗസ്സിന്റെ വെളിച്ചമണഞ്ഞു

കാറ്റ് പാറക്കെട്ടുകളിൽ അടിച്ച് തകരുന്നത് കണ്ട് കണ്ട്
കടലിന് രക്തസമ്മർദ്ദം കൂടി കൂടി വന്നു
മണൽക്കടലാസ്സിൽ
തണുപ്പിന്റെ മഷി പടർന്നു

പാതിരാവിന്റെ ഗൊറില്ല അലറി
അവളുടെ പച്ചനിറമുള്ള സാരി
അതിനെ ഒരു കാടായി പൊതിഞ്ഞു
ഞങ്ങളുടെ ഹൃദയം
ചീവീടുകളെ പോലെ മിടിച്ചു

ആകാശം കറുപ്പ് നിറമുള്ള
ഒരു പഞ്ഞിമുട്ടയി പോലെ ഞങ്ങളുടെ നാവിൽ
അലിഞ്ഞില്ലാതായി
നക്ഷത്രങ്ങൾ കുറ്റിത്താടി രോമങ്ങൾപോലെ
ശൂന്യതയുടെ മുഖത്ത് വിളറി നിന്നു

ജീവോത്ഭവകാലത്തിന്റെ ആഴങ്ങളിൽ നിന്ന്
അഗ്‌നിവർണ്ണത്തിലുള്ള ഒരു പട്ടുനൂൽ പുഴു
എന്റെ തുറന്ന ഞരമ്പിന്റെ അറ്റത്ത് പ്രത്യക്ഷപ്പെടുന്നു
അത് ഒരു സൂര്യകിരണം കണക്കെ
അവളുടെ പൊക്കിളിലൂടെ അഗാധങ്ങളിലേയ്ക്ക് കടന്നു പോകുന്നു
ഞങ്ങളുടെ നഗ്നമായ ഉറവിടങ്ങളിൽ നിന്ന്
തെച്ചിക്കാടുകൾ പോലെ ഒരു ചെങ്കടൽ ഭൂതലം മൂടുന്നു ...
​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments