മത്സ്യം വിഴുങ്ങിയിരുന്ന മോതിരവുമായി
മീൻകാരൻ വന്നപ്പോഴാണ്
ഓർമ്മയുടെ ഒരു പുഴ ഒഴുകിവന്നത്.
അതിൽ കൈകാലിട്ടടിക്കുന്ന
ഒരു സ്ത്രീയുണ്ടായിരുന്നു,
ഇനിയും വിഴുങ്ങാനുള്ള മോതിരങ്ങൾ
കാത്തുകിടക്കുന്ന മീനുകൾ ഉണ്ടായിരുന്നു
ശ്വാസം മുട്ടുന്ന പ്രണയശപഥങ്ങൾ
ഉണ്ടായിരുന്നു, വേട്ടയാടിക്കൊണ്ടിരുന്നില്ലെങ്കിൽ
തുരുമ്പുപിടിക്കുമായിരുന്ന അമ്പുകൾ
ഓളങ്ങളിൽ തിളങ്ങിക്കൊണ്ടിരുന്നു
ഒരു മുല്ലവള്ളിയും മാൻകുട്ടിയും ഉണ്ടായിരുന്നു
പുഴയ്ക്കടിയിൽ ഒരാശ്രമവും,
ഓരോ തിരയിലും ഓരോ വയസ്സ്
കൂടിക്കൊണ്ടിരുന്ന ഒരു വളർത്തച്ഛനും.
തന്റെ കിരീടത്തിൽ നോക്കി
രാജാവ് വിശ്വാമിത്രനെ ഓർത്തു;
അച്ഛനില്ലാത്ത അനേകം കുഞ്ഞുങ്ങളെയും.
‘മറവി ഒരു രോഗമാണ്’,
രാജവൈദ്യൻ പറഞ്ഞു.
‘ഒരു തന്ത്രവും’, മന്ത്രി പറഞ്ഞു.
പുഴ പിൻവാങ്ങി;
രാജാവിന് പിന്നെയും
ഒന്നും ഓർമ്മയില്ലാതായി.
