ഷിബു ഷൺമുഖം

ജോജി എന്ന പൂച്ച

സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് പൂച്ച തുറന്നുകിടന്നിരുന്ന
ജനാലയിലൂടെ ചാടി അകത്തേയ്ക്കു വന്നത്
സമയം പന്ത്രണ്ടോടടുക്കുന്നു
നാലുപേരിരിക്കുന്നതിനിടയിലൂടെ നടന്നു
നീങ്ങുന്നതിനിടെ അത് ഒന്നു നിന്ന് ഒരു നിമിഷം
സിനിമയിലേയ്ക്ക് തിരിഞ്ഞുനോക്കി
ആ സമയം പൊടുന്നനെ എതിരെ വരുന്ന പൂച്ചയെ തട്ടാതെ
ഒഴിഞ്ഞുമാറി വരികയാണ് ഫഹദ് ഫാസിൽ
ആ പൂച്ച തന്നെയോ ഈ പൂച്ച എന്ന നിലയിൽ
മിന്നിമറയാൻ ഒരു കഥയ്ക്കും ഒഴിവില്ലല്ലോ
പിന്നെയല്ലേ അതോ ഇതോ എന്ന നിലയിൽ
പൂച്ച നിന്നു തരാൻ പോകുന്നത്
രണ്ടെന്നുള്ളത് ഒന്നിന്റെ നിഴലാണെന്നു പറഞ്ഞത് മൂന്നാണ്
എന്തോ പൂച്ച ഇറങ്ങിയോടിയില്ല,
​ആദ്യമായിട്ടല്ലായിരിക്കും സിനിമ കാണുന്നത്
സിനിമ കണ്ടുകൊണ്ടിരിക്കുന്ന നാലുപേരും
രണ്ടു പൂച്ചകളേയും കണ്ടില്ല,
അല്ലെങ്കിൽ പൂച്ചകൾ തുടർച്ചയായി ചാടിവന്ന്
എലികളെ പോലെ സിനിമയെ കരണ്ടുമുറിക്കണം
അസാധാരണമാകാനുള്ള കൊതിയുണ്ട് ഓരോ നിമിഷത്തിനും
രണ്ടു മിനിട്ടോ? ഒരു മിനിട്ട് എത്രയെത്ര കാര്യങ്ങൾ വിട്ടുകളയും!
ക്ലോസപ്പിൽ പോയത് പുഴയോടുചേർന്നുള്ള എരിക്കുമരവും
തെളിഞ്ഞത് കണ്ണിനു താഴെ പടർന്ന മുയൽചിത്രവും
തിരക്കഥയിൽ മുയൽ ഇല്ലായിരുന്നു, പോയില്ലേ എല്ലാം!
മുയലിനെ ജോജി വെടി വെച്ചിട്ടാലേ പഴയപോലെ പൂച്ചയാകാനാവൂ
കാക്കയെ നോക്കിയപ്പോഴാണ് കുയിൽ പറന്നുപോയത്
മണ്ണിലേയ്ക്കു നോക്കിയാൽ ആകാശം കാണില്ല
വെള്ളത്തെ തൊട്ടാൽ കല്ലു പിണങ്ങും
കാരമസോവ് കാട്ടിലേയ്ക്ക് തോട്ടയെറിഞ്ഞു പൊട്ടിച്ചാലേ
ഇനി കാട്ടുപന്നി വെട്ടിമറിഞ്ഞ് ഉദ്വേഗജനകമായി കുതിയ്ക്കൂ
തോട്ട എറിഞ്ഞതോടെ ജോജി ബുദ്ധനായി
കരുണയ്ക്ക് കൊല്ലാതിരിക്കാനാവില്ലല്ലോ
അല്ലെങ്കിലും ഇതൊന്നും ഏതു പോത്തന്റെയും കയ്യിൽ നിൽക്കില്ല
പച്ചതുള്ളൻ ആനയെ കൊന്നാൽ എന്തു ചെയ്യാൻ പറ്റും?
മുഖം മൂടിയിട്ടാൽ തീരുന്നതല്ലല്ലോ പ്രശ്‌നം
സിനിമയ്ക്കു പുറത്ത് നാലുപേരിരിപ്പുണ്ട്
ടീപ്പോയിയിൽ കുപ്പിവെള്ളവും ഇന്നത്തെ പത്രവും കിടപ്പുണ്ട്
ഭിത്തിയിൽ വല്യപ്പൂപ്പന്റെ പടം തൂങ്ങുന്നുണ്ട്
ഒരു ഛായാചിത്രത്തെയും വിശ്വസിക്കരുത്
രാവിലെ തൂത്തപ്പോൾ വിട്ടുപോയ കടലാസുകഷണമാണ്
ഇപ്പോൾ ചാഞ്ഞുകിടന്ന് സിനിമ കാണുന്നത്
കാറ്റ് പെട്ടെന്ന് കടന്ന് വന്ന് ഒന്ന് ചുറ്റിത്തിരിഞ്ഞ് കടന്നുപോയി
കാറ്റിനെ കാണണമെങ്കിൽ മരം വേണമല്ലോ എന്ന്
ജനാലയ്ക്കപ്പുറത്തെ വരിയ്ക്കപ്ലാവ്
കാറ്റ് ഗാഢമായി പുണർന്ന് ചുംബിച്ചുലച്ച് കടന്നുപോയി
വിറയ്ക്കുന്ന ഇല കൈവിട്ടതേയില്ല
ഒരു പ്രണയം പോലുമില്ലാതെ ഇതെന്തൊരു പടമെന്ന്
കണ്ടുകൊണ്ടിരുന്ന നാലുപേരിൽ ഒരാളായ ബിൻസിമോൾ
ഈ രണ്ടിന്റെ ഒരു കളിയേ, ഒന്ന് ഒന്നു നേരെ നിന്നപ്പോഴേയ്ക്കും നിഴലായി
വല്യപ്പൂപ്പൻ മോളിലിരുന്ന് കണ്ണുരുട്ടി
ആപ്പോഴാണ് ജോജി തോക്കുചൂണ്ടിയത്
ചൂണ്ടയിൽ നിന്നാണ് തോക്കുണ്ടായത്
കിടക്കുന്ന മനുഷ്യനും നടക്കുന്ന മനുഷ്യനുമേയുള്ളൂ
അതിനിടയിലെ വാതിൽവിടവിലൂടെയാണ്
രക്തം തളം കെട്ടിയത്
നിശ്ശബ്ദതയ്ക്ക് സത്യത്തിൽ ഒന്നും പറയാനില്ല
വെള്ളം പോലെ മറ്റൊന്നില്ലെന്നു തീ പറഞ്ഞാലും
രണ്ടും തമ്മിൽ ചേരില്ലല്ലോ
ജോജി കയ്യിലെ വാച്ച് തിരിച്ച് ഒരു മണിയാക്കി വെച്ചിട്ട്
സിനിമ കാണാനായി കസാലയിലേയ്ക്ക് ചാഞ്ഞു
അപ്പോളാണ് വാൾക്ലോക്കിലെ കിളി മൂന്നു വട്ടം കൂവിയത്
ഇത്തവണ ചുവരേടത്ത് വല്യപ്പൂപ്പന്റെ ബെൽട്ടൻ ഫ്‌ളിന്റ്‌ലോക്ക്
പിസ്റ്റളാണ് ശബ്ദിച്ചത്
കിളി സിനിമയിലേയ്ക്കു തന്നെ പറന്നുപോയി
വാൾക്ലോക്ക് പിന്നീടൊരിക്കലും ശബ്ദിച്ചില്ല
പുറത്തകലെ വെടിയൊച്ച മുഴങ്ങി
അകത്ത് ബ്യൂഗിൾ മൂർച്ച കൂട്ടി
പൂച്ച കുറുകെ ചാടി
ഇപ്പോൾ ഏഴുപേരാണ് സിനിമ കാണുന്നത്
കണ്ണുകൾ വെടിയുണ്ട പോലെ ഒരിക്കലും
മരിക്കുന്നില്ല.


ഷിബു ഷൺമുഖം

കവി, ചെന്നൈയിൽ ഫ്രീലാൻസ് ജേണലിസ്റ്റ്. Standing Right Next to You: Lives of HIV Positive People എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments