ഗോൾപോസ്റ്റിൽ
പെനാൽറ്റി കാത്തുനിൽക്കുന്ന
ഹിഗ്വിറ്റയുടെ ഏകാകിത.
ബീവറേജ് കൗണ്ടറിന്റെ
മുന്നിലുള്ള
നെടുനീളൻ ക്യൂ'വിനറ്റത്ത്
ഊഴം കാത്തുനിൽക്കുന്ന
തക്ഷകന്റെ സംയമനം.
മഞ്ഞുമലയിലെ സത്രത്തിൽ
ഒറ്റയ്‌ക്കെത്തിയ വൃദ്ധസുന്ദരിയ്ക്ക്
ചൂടു പകരുന്ന ബുദ്ധൻ.
ഇവരെയെല്ലാം വെല്ലും
കൊമേഴ്സ്യൽ അടിപ്പടത്തിൽ
കേന്ദ്രകഥാപാത്രത്തെ തീർക്കാനായി
അവന് മുന്നിലവതരിക്കുന്ന
ഗുണ്ടപ്പടയുടെ ക്ഷമ.
അവർ,
വരുന്നത് ഒപ്പമെങ്കിലും
നിൽക്കുന്നത് മറ്റവന്റെ
തൊട്ടുമുന്നിലെങ്കിലും
ഒറ്റയൊറ്റയായിട്ടേ
പ്രവർത്തനത്തിൽ ഏർപ്പെടൂ.
ഒരുവനെ
വെട്ടിക്കീറിയിട്ടാൽ
മാത്രം അടുത്തവൻ പ്രത്യക്ഷനാവും.
പിന്നെ,
അവൻ ഒരു തീരുമാനമാകുംവരെ
മറ്റുള്ളവർ അദൃശ്യരാണ്.
ദൂരെനിന്ന് പാഞ്ഞുകൊണ്ടേ
ഓരോരുത്തരും
എത്തിപ്പെടൂ
ഓരോ തവണയും.
വല്ല കാര്യോമുണ്ടോ.
അതുമില്ല..
കേന്ദ്രൻ തിരിഞ്ഞുനിൽക്കുകയാണെങ്കിൽ വെട്ടും മുൻപ്
അലറിവിളിച്ച്
അയാളുടെ ശ്രദ്ധ ആകർഷിക്കും.
ഷാർപ്പ് ഷൂട്ടറോ
മറ്റോ കൂട്ടത്തിലുണ്ടെങ്കിൽ
അവന്റെ വെടി ഒരിക്കലും
നേരിട്ട് കൊണ്ടതായി ചരിത്രമേയില്ല.
ബാക്കിയുള്ളവരുടെ
കത്തി, മഴു, ബോംബ്, വടിവാൾ, കൊടുവാൾ ഇത്യാദികളുടെ കാര്യവും
തഥൈവ.
സംവിധായകരുടെ വിചിത്രന്യായങ്ങളുടെ
വിരൽത്തുമ്പിലാണവയുടെ
വിധിയത്രയും.
ഒരു ജനാധിപത്യ
ഫാഷിസ്റ്റ് രാജ്യത്തിലെ
മഹത്തായ
സമ്മതിദാനപ്രക്രിയ പോലെയൊക്കെ തന്നെ.