റഫീക്ക് അഹമ്മദ്

കുറ്റിപ്പുറം സ്റ്റേഷനു തൊട്ടുമുമ്പായി
കണ്ണൂർ എക്സ്പ്രസ് നിശ്ചലമായി.
സിഗ്നൽ കിട്ടിയില്ല.
ഡാലസിലുള്ള ചെറുമകനുമായി
സ്കൈപിലായിരുന്നു ഞാൻ.
അത് കട്ടായി .
സിഗ്നൽ പോയി.
അപ്പുറത്ത് അപ്പോൾ കടിച്ചെടുത്ത മാങ്ങാണ്ടിയുമായി ഒരു അണ്ണാൻ
മരക്കൊമ്പത്ത് അനക്കമറ്റു.
അതിന് തിരിച്ചു പോകാനുള്ള സിഗ്നൽ കിട്ടിയില്ല.
എരിമേഘങ്ങൾ കനൽവിതറി കട്ട വിണ്ട പാടത്ത്
തുമ്പികൾ താണു പറന്നു കൊണ്ടിരുന്നു.
മുകളിലേക്ക് ഉയരാനുള്ള സിഗ്നൽ കിട്ടാതെ.
വറ്റിയ കുളത്തിനരികെ വെറുതെയിരുന്നു മടുത്ത പൊന്മയ്ക്ക്
തിരിച്ചു പറക്കാനായില്ല.
സിഗ്നൽ കിട്ടാതെ.

പൊടുന്നനെ മൊബൈലിൽ
ചെറുമകന്റെ മുഖം തെളിഞ്ഞു.
പാളത്തിലെ കണ്ണൂർ എക്സ്പ്രസ് ഇളകി.
സിഗ്നൽ വന്നു.
ഉയർന്നുയർന്നു നിൽക്കുന്ന മൊബൈൽ ടവറിലേക്ക്
അണ്ണാറക്കണ്ണൻ ആകാംക്ഷയോടെ നോക്കി.
തുമ്പിച്ചിറകുകൾ വിറച്ചുകൊണ്ടിരുന്നു
പൊന്മ വെറുതെ ഉയർന്നു താഴ്ന്നു കൊണ്ടിരുന്നു.
അവരുടെ സിഗ്നൽ
എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു.▮


റഫീക്ക് അഹമ്മദ്

കവി, നോവലിസ്റ്റ്, ഗാനരചയിതാവ്. സ്വപ്‌നവാങ്മൂലം, പാറയിൽ പണിഞ്ഞത്, ആൾമറ, റഫീക്ക് അഹമ്മദിന്റെ കവിതകൾ എന്നീ കവിതാ സമാഹാരങ്ങളും അഴുക്കില്ലം എന്ന നോവലും പ്രധാന കൃതികൾ.

Comments