സിലൗട്ട്; ബിനു എം. പള്ളിപ്പാടിന്റെ കവിത

സിലൗട്ട്*
(Silhouette)

ർഷങ്ങൾക്ക് മുമ്പ്
ഒരു മാർച്ച് മാസം
സിനിമ കാണാൻ പോയി.

ഹിറ്റ്​ലറുമായി ബന്ധമുള്ള
ഏതോ ഒരു
സിനിമയായിരുന്നു അത്
അതും സെക്കൻറ്​ ഷോ.

സിനിമ കഴിഞ്ഞ്
വീടിന്നടുത്ത് വരെ
ഒരു ലിഫ്റ്റ് കിട്ടി
തെക്കുവശമുള്ള
റോഡിലിറങ്ങി
കുറേ നടക്കണം വീടെത്താൻ.

അവിടെനിന്ന് സ്ട്രെയ്റ്റായി
ഒരു ടാർവഴിയാണ് വടക്കോട്ട്

ചെറുചൂടുള്ള
റോഡിന്റെ അങ്ങേയറ്റം
ആകാശത്തിന്റെ
കറുപ്പുമായി ചേർന്ന് കിടന്നു.

ഓരോ പത്ത് മിനിട്ടിലും പോസ്റ്റ് വെട്ടത്തോടൊപ്പം
പേടിയും ദൂരെ ദൂരെ
മാറി മറഞ്ഞ് വഴികാട്ടിക്കൊണ്ടുപോയി.

ഇരുവശത്തും
വിഹായസിന്റെ
വെളുമ്പുകളിൽ നിന്ന്
കറുത്ത മഷി പടർന്ന്
അതിൽ ജീവികളുടെയൊച്ച.

സ്ക്രീനിലെ നായകന്റെ
ക്രൂരതകൾ
ദിക്കുകളിലെ മരങ്ങളുടെ
സ്റ്റെൻസിലുകൾക്ക് മുകളിൽ
ആകാശം മുഴുവൻ
തെളിഞ്ഞു മാഞ്ഞു.

സാധാരണമായി മിക്ക
വെളിച്ചച്ചുവട്ടിലും
ബൈക്കിൽ വരുന്ന
പിള്ളേരുടെ ചെറുസംഘങ്ങൾ
ഉണ്ടാവേണ്ടതാണ്.
അന്നെന്തായാലും
അതൊന്നുമുണ്ടായില്ല.

കൊയ്ത് കൂട്ടിയ കറ്റ
ചളുങ്ങിയ ബ്രഡ്ഡ് പോലെ
നിരയായി അടുക്കിവെച്ചിട്ടുണ്ട്
റോഡിനിരുവശവും,

കച്ചിക്കൂനകളുമുണ്ട്
അങ്ങിങ്ങായി
പ്രത്യേകിച്ച്
റാന്തൽ വിളക്കിന്റെ
ആവശ്യമുള്ളതായി
തോന്നിയില്ല.

വെളിച്ചം തീരുന്നിടത്ത് വരുമ്പോ
ചന്ദ്രനെ നോക്കും
അതും എനിക്കൊപ്പമോ മുന്നെയോ
വരുന്നതുപോലെ തോന്നി.
നിലാവിന്റെ വലിയ ആർഭാടമൊന്നുമില്ലെങ്കിലും അതും നടപ്പിനൊരാശ്വാസമായ്.

റോഡിന്റെ ഒത്തനടുക്കായി
അപ്പുറത്തെ പാടത്തേക്ക്
വെള്ളം കയറ്റാനായി ഒരു
കലിങ്ങുണ്ട്.

അവിടെ ആൾക്കാർക്ക്
മറയാൻ പാകത്തിന് വളർന്ന
വട്ടച്ചെടിയും അരകപ്പുല്ലും പടർന്ന
ഒരു ചെറിയ കാടുണ്ട്

ആഭാഗത്ത്
ലൈറ്റ് ഇല്ലായിരുന്നു.
ഞാറയുടേയോ
പട്ടിയുടേയോ മറ്റോ ഒച്ചയുണ്ട്.
ഞാൻ കുനിഞ്ഞ്
നടക്കുകയാണ്,

പെട്ടെന്ന് കൂട്ടിയിട്ട കച്ചിക്കൂനക്ക്
മുകളിൽ നിന്ന് ഏതോ ഒരു
ജീവിയുടെ അണച്ച ചീറ്റൽ
കേട്ടു.

ഞാൻ തിരിഞ്ഞു നോക്കി
ആ ദൃശ്യം കണ്ണിൽ
പതിയുന്നതിന് മുമ്പ് ഞാനോടി
കുറച്ചകലം ചെന്ന്
തിരിഞ്ഞുനോക്കി.

പിറന്നപടി ഒരാണും പെണ്ണും
അല്ലല്ല ഇരുട്ടിന്റെ
ഇളകിയാടുന്ന രണ്ട് പിണങ്ങൾ

ഹൃദയമിടിച്ചു
വായിൽ പേടിയുടെ ഉറവ
ചുവച്ചു.
ബോധം തിരിച്ചുപിടിക്കാനോ
പേടി മാറ്റാനോ ഒരു പാട്ട് പാടി.

അല്ലെങ്കിലും
മനുഷ്യരെ സംബന്ധിച്ച ഒരു
കവിതയല്ലിയോ അതെന്ന്
സമാധാനിച്ചു.
കുറച്ച് കൂടി അകലംചെന്ന്
ഒന്നുകൂടി തിരിഞ്ഞ് നോക്കി.

അത്തരം സമയങ്ങളിൽ
മനുഷ്യരല്ലാതാരും
അങ്ങനെ ശല്യം ചെയ്യാറില്ലെന്ന്
വിചാരിച്ചു നാണം തോന്നി

ബൾബുകളാൽ
കമ്പാർട്ടുമെൻറുകളായ്
തിരിച്ച ഒരു ട്രെയിൻ പോലെ
ആ വഴിയങ്ങനെ കിടന്നു.

അതിനുള്ളിൽ പുളയുന്ന
ആ രണ്ട് പേരും മാത്രം

മൂന്നുപേർ മാത്രമുള്ള
മൂന്നുപേരും ഞെട്ടിയേക്കാമെന്ന്
കരുതാവുന്ന
അവർ മൂന്നും ചേർന്ന്
ഉള്ളിൽ കിടന്ന ഒരു മൃഗത്തെ
മെരുക്കാമായിരുന്ന
ഒരു കഥാസന്ദർഭം കൂടി
ഓർത്തെടുത്തു,
ആ രാത്രി കടന്നുപോയ്.

*Silhouette- കറുത്ത നിഴൽ രൂപം.

Comments