മുപ്പത്തിയഞ്ച്

നിക്കന്ന് മുപ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞിരിക്കണം
ഒരു സ്ത്രീയെന്ന നിലയിൽ മൂപ്പെത്തിയ ഒരാളെന്ന നിലയിൽ
എനിക്ക് ചിലത് പറയണമെന്ന് തോന്നി
അതുവരെയും പറയാത്ത ചിലത്

ഞാനെല്ലാവരേയും വിളിച്ചു
വീട്ടിലെല്ലാവരേയും
ആദ്യമായി, എന്റെ വിളികൾക്ക് ആ വീട്ടിൽ അനക്കമുണ്ടായി
അവർ വന്നു. ഒരു സ്റ്റേജ് രൂപപ്പെടും പോലെ എനിക്കു ചുറ്റിലുമായി നിന്നു.

ഞാനോരോരുത്തരേയും നോക്കി
പഴകിഉറപ്പാർന്ന തൂണുകൾ
വിടർന്നു മലർന്ന കസേരകൾ
വ്യാഘ്രീമുഖഅലങ്കാരമിട്ട വാതിലുകൾ
മുഷിഞ്ഞു കട്ടിയേറിയ കർട്ടനുകൾ
പലവർണ്ണ ഞൊറികൾ

എനിക്കായി ഒരു വലിയ പ്രതലം രൂപപ്പെട്ടു
നടുവിൽ ഞാനാണ്.
ആദ്യമായി ആ വീടിനകത്ത് നടുവിൽ ഞാനാണ്.
എനിക്കന്ന് മുപ്പത്തിയഞ്ചുവയസ്സ് പ്രായമായത് നന്നായി.
എല്ലാ കണ്ണുകളും എന്നെ നോക്കുകയാണ്
വലിയ ബൾബുകൾ പോലെ
ആ നോട്ടത്തിന്റെ വെളിച്ചത്തിൽ പിന്നെയും നടുവിൽ ഞാനായി
നോട്ടങ്ങൾ കൂർത്തു വരും തോറും പലനിറ ബൾബുകൾ എനിക്കു ചുറ്റും ജ്വലിച്ചു

ഏതോ ഒരു കൈ എന്റെ നേരെ മൈക്കുപോലെ നീണ്ടുവന്നു
ഞാനതിന്റെ തണ്ടയ്ക്ക് കയറിപ്പിടിച്ചു
പരിചിതയായ പ്രഭാഷകയെപ്പോലെ ചുരുട്ടിയ ആ മുഷ്ടിക്കു മുന്നിൽ നിവർന്നു നിന്നു

ഞാനാദ്യം പറഞ്ഞു തുടങ്ങിയത് അതുതന്നെയാണ്,
അതെ - ഞാനോർക്കുന്നു
'എനിക്കു മുപ്പത്തിയഞ്ചു വയസ്സായി
മുപ്പത്തിയഞ്ചുവയസ്സായ ഒരാൾക്ക് ചില കാര്യങ്ങൾ പറയാനാകും
അതിലേറ്റവും പ്രധാനമായി എനിക്കു പറയാനുള്ളത്
ഈ വീട്ടിൽ എനിക്കുള്ള വസ്തുക്കളൊന്നും എനിക്കിപ്പോൾ പാകമല്ല എന്നാണ്
അടുപ്പിനോട് ചേർന്ന് ഉയരം കുറഞ്ഞ ആ സ്റ്റൂളിൽ എന്റെ കാലുകൾ നിവരുന്നില്ല. വലിപ്പം കുറഞ്ഞ ആ ജനാലയ്ക്ക് എന്റെ കണ്ണിന്റെ വലിപ്പം പോലുമില്ല. എന്റെ ഉടുപ്പുകളോ എന്റെ അടിയുടുപ്പുകളോ എനിക്കു വേണ്ട രീതിയിലല്ല. ഈ വീട് തന്നെ എനിക്ക് പാകമല്ലാതായിരിക്കുന്നു .

പറഞ്ഞു നിർത്തിയെന്നതുപോലെ ഞാൻ കിതയ്ക്കുന്നുണ്ടായിരുന്നു. പറഞ്ഞു തീരാത്ത കിതപ്പ് ബാക്കിയും കിതച്ചു.
ഞാൻ പിന്നെയും പിറുപിറുത്തുകൊണ്ടിരുന്നു. എനിക്കതോർമ്മയുണ്ട്. എനിക്കിപ്പോൾ മുപ്പത്തിയഞ്ചു വയസ്സായി...

Comments