കടൽക്കരയിൽ ആകാശത്തേക്കുവളർന്ന
ഫ്‌ളാറ്റുകളിലൊന്നിന്റെ
വിശാലമായ ബാൽക്കണിയിൽ
അവരഞ്ചുപേർ
അവർ,
ലോകകപ്പ് മത്സരത്തിനെത്തിയ
അഞ്ച് കളിക്കാരുടെ
കാമുകിമാരോ,
ചലച്ചിത്ര അവാർഡുനിശയ്‌ക്കെത്തിയ
അഞ്ച് സൂപ്പർസ്റ്റാറുകളുടെ
ഭാര്യമാരോ
ലോകസഭാസമ്മേളനത്തിനെത്തിയ
അഞ്ചു മന്ത്രിമാരുടെ പത്‌നിമാരോ
ആയിരുന്നു.
അവരെ
പെണ്ണുങ്ങൾ എന്ന് വിളിച്ചുപോന്നു
പെണ്ണ് ഒന്ന്:
അവൾ, തന്റെ ഇടതൂർന്ന മുടിയിഴകളെ
ഒന്നൊന്നായി വിടർത്തി
നാലോ അഞ്ചോ ഇഴകളിട്ട് മെടയുന്നതിനെപ്പറ്റി
ആലോചിക്കുകയായിരുന്നു.
ആ മുടിക്കെട്ടിൽ നിന്നും
വശ്യമായ ഏതോ സുഗന്ധലേപനത്തിന്റെ ഗന്ധം
കടൽക്കാറ്റ് അവിടമാകെ പടർത്തി.
മുടിയിഴകൾ കാറ്റിനൊപ്പം ഉലഞ്ഞു,
അവളെഴുന്നേറ്റ് തെറ്റില്ലാതെ വിടർന്ന ചന്ദ്രികയെനോക്കി
ഒന്നു പുഞ്ചിരിച്ചു.
പ്രിയരെ,
തെളിഞ്ഞ ചന്ദ്രബിംബം നിങ്ങളിൽ എന്തെങ്കിലും
രഹസ്യം ഒളിപ്പിക്കാറുണ്ടോ?
എനിക്കാണെങ്കിൽ ആദ്യപ്രണയത്തിന്റെ
അതിനിഗൂഢമായ ഒരോർമ്മ.
"നിലാവ്' എന്നാണ് മൂത്തവളുടെ പേര്.
ഞാനവളുടെ പിതാവിനെയോർക്കുന്നു.
പെണ്ണ് രണ്ട്:
നെല്ലിക്കയിൽ നിന്നും വാറ്റിയെടുത്ത
വിശേഷപ്പെട്ട വീഞ്ഞിന്റെ
അവസാനത്തെ തുള്ളി
കുരുമുളകിലുലത്തിയ
പോത്തിറച്ചിയുമായി അലിയിച്ചുകൊണ്ട്
രണ്ടാമത്തവൾ ചുണ്ടുകോട്ടി
നിലാവെന്ന കുഞ്ഞിന്റെ
പിതൃത്വാരോപണത്തെപ്പറ്റി
അവസാനം വായിച്ച ഗോസിപ്പുകോളം
ഓർത്തെടുക്കാൻ ശ്രമിച്ചു.
ബിയാച്ചിൻ കടൽക്കരയിൽ ബോധമില്ലാതുറങ്ങിയ രാത്രി,
ഇന്ത്യയിൽ ബാബറിമസ്ജിദ് വികാരമാവുന്ന ഡിസംബർ,
ആദിപിതാക്കൾ ദൈവപുത്രനുമായിച്ചേർന്ന്
ത്രിതലസഖ്യം രൂപപ്പെടുത്തിയതിന്റെ
ഓർമ്മപ്പെരുക്കങ്ങൾ,
ഡിസംബർ രാത്രിയിലെ നിലാവ്.
അന്നാണ് സമ്പദ് വ്യവസ്ഥയിൽ
സ്ത്രീകൾക്കുള്ള പങ്കിനെപ്പറ്റി
എനിക്കുറപ്പുവന്നത്.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനുമിടയിൽ
ഞാൻ ധൈര്യപൂർവ്വം
കയറിനിന്നു.
ഒത്തുകളികളുടെ
മുപ്പതിലേറെ വെള്ളിക്കാശുകൾ.
പത്രോസേ,
നീ ഭൂമിയിൽ പ്രലോഭനങ്ങളുടെ
തമ്പുരാനാകുന്നു.
പെണ്ണ് മൂന്ന്:
പതിവില്ലാത്തവിധം പലതരം മദ്യങ്ങളുടെ ചേർച്ചയിൽ
ലഹരിയേറിയവൾ,
ഇരുകൈകളിൽ തന്റെ മുഖം ചേർത്ത്
വിങ്ങിക്കരഞ്ഞു.
കാത്തുകാത്ത് പാലിച്ചിട്ടും
അലസിപ്പോയ
മൂന്നാമത്തെ ഗർഭമോർത്ത്
അന്നത്തെ പോലെ തന്നെ
അവൾക്ക് സങ്കടമുണ്ടായി.
തളർന്നുകിടന്ന ആ രാത്രിയും, ജനാലയ്ക്കപ്പുറം
പൂർണ്ണചന്ദ്രൻ ഉദിച്ചു നിന്നിരുന്നു
പെണ്ണ് നാല്:
മാനസികവിക്ഷോഭത്താൽ
കൈകൾ കൂട്ടിത്തിരുമ്മിയും
കണ്ണുകൾ ചുവപ്പിച്ചും
അവൾ ,ദിവസം നശിപ്പിച്ചേക്കുമെന്ന് തോന്നി
അവൾ പറയുമായിരുന്ന എന്തിനെയോ വിലക്കാനെന്നോണം
പെണ്ണ് അഞ്ച്:
ഒരു പാട്ടുപാടി,
‘ഈ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ
ആരോടുമരുളരുതോമലേ നീ..' *
അവൾ പാടുകയും ആടുകയും
മറ്റുള്ളവരെ ഒപ്പം ചേർക്കുകയും ചെയ്തു.
മഹാപ്രസ്ഥാനത്തിനു പോയ പഞ്ചപാണ്ഡവരുടെ പത്‌നിമാർ
ആര്യാവർത്തത്തിലെ മികവേറിയ ഏതോ അന്ത:പുരത്തിലിരുന്ന്
രഹസ്യങ്ങളുടെ മറ്റൊരു മഹാഭാരതത്തിന്റെ
ചുരുളഴിച്ചു.
പറഞ്ഞുതീരാത്ത കഥകളുടെ പതിനായിരത്തൊന്നു രാവുകൾ
പിന്നെയും ബാക്കിയായി.▮
* ചങ്ങമ്പുഴയുടെ ആത്മരഹസ്യം എന്ന കവിതയിൽ നിന്ന്.