നടന്നു നീങ്ങുന്ന നിഴലുകൾ

വിജനമായ രാജപാതകളേ....
ആൾപെരുമാറ്റമില്ലാതെ
ഉറക്കം തൂങ്ങി മടുക്കുമ്പോൾ
തൊട്ടടുത്ത ഊടുവഴിയിലേക്ക്
എത്തി നോക്കരുതേ.

വീടു തേടിപ്പോകുന്ന
സങ്കട യാത്രകളെ
ഒറ്റുകൊടുക്കരുതേ.

അടഞ്ഞുകിടക്കുന്ന
പാലങ്ങളേ.....
യാത്രയ്ക്കിടയിൽ
മുങ്ങി മരിച്ചവരെ
കനത്തകാലുകൾ കൊണ്ട്
തടഞ്ഞുവെക്കരുതേ.
വീട്ടിലേക്കെന്ന പോലെ
ഒഴുകി നീങ്ങാൻ
അനുവദിക്കണേ.

കയ്യേറ്റക്കാരുടെ
കണ്ണിൽ പെടാതെ
കൈപിടിച്ചു
കൊണ്ടുപോകുന്ന
റയിലോരങ്ങളിലെ
ഒറ്റയടിപ്പാതകളേ.....
നടന്നു തീരും വരെ
കൂടെയുണ്ടാകണേ.

രാത്രി വണ്ടിയുടെ
അടിയിൽപ്പെട്ട്
ചതഞ്ഞു പോയവരുടെ
ബാക്കിയായഉറക്കം
നനഞ്ഞ കണ്ണുകളുമായ്
പാളങ്ങളിൽ കുത്തിയിരിപ്പുണ്ടേ.
ശ്വാസം മുട്ടി മരിച്ച
ബോഗികളും പേറി
ഗതി കിട്ടാതെ ഇരമ്പിയോടുന്ന
തീവണ്ടി സ്മരണ പോലെ.

നട്ടപ്പാതിരകളേ.....
കാത്തുകൊള്ളേണമേ.
നടന്നു തളർന്ന് അറിയാതെ
വീണ്ടും വീണു മയങ്ങുമ്പോൾ
ഇരച്ചെത്തുന്ന
ദുഃസ്വപ്നത്തിനു മുന്നിൽ
ശരീരം ഊരിയെറിഞ്ഞ
വേദനയുടെ
ചോര പുരണ്ട
കൊടിയടയാളം കാട്ടാൻ
മറന്നു പോകരുതേ.

സൂര്യചന്ദ്രൻമാരേ....
ഉറക്കം തൂങ്ങുന്ന നക്ഷത്രങ്ങളേ.....

ഭൂമി മുറിച്ചുകടക്കുന്ന
പലായനത്തിന്റെ നിഴലുകൾ
നിങ്ങളുടെ നെഞ്ചിൽ പതിയുന്നില്ലല്ലോ....

Comments