സൊറാബ്​ദ്ദീൻ കൊലമാല

തീ കൊടുത്ത് ഗോദ്ര വാങ്ങി
ഡും ഡും ഡും
ഗോദ്ര കൊടുത്ത് ചോര വാങ്ങി
ഡും ഡും ഡും

ചോര കൊടുത്ത് ഭരണം വാങ്ങി
ഭരണം കൊഴുത്ത് വയറു വീങ്ങി
വയറിളകിത്തൂറി നാട്
നാടാകെ കെട്ടുനാറി
ഡും ഡും ഡും ഡും
ഡും ഡും ഡും.

സത്യം ചവിട്ടിപ്പൊറത്തിട്ട
ഹരേൺ പാണ്ഡ്യ ഡും
കൂലിക്കൊലയാളിയായ
സൊറാബ്​ദ്ദീൻ ഡും

സൊറാബ്​ദ്ദീന്റെ കൂട്ടുകാരി
കൗസർബായി ഡും
സൊറാബ്​ദ്ദീന്റെ പങ്കുകാരൻ
പ്രജാപതി ഡും

സൊറാബ്​ദ്ദീന്റെ കേസു കേട്ട
ജഡ്ജി ലോയ ഡും
ലോയയുടെ കൂടെ നിന്ന
ലോയറമ്മാർ ഡും

സൊറാബ്​ദ്ദീന്റെ ഊര് പേര്
സൊറാബ്​ദ്ദീന്റെ ഭൂതഭാവി
സൊറാബ്​ദ്ദീന്റെ മതം ഗുദം
സൊറാബ്​ദ്ദീന്റെ ജഡം പടം
ഡും ഡും ഡും ഡും
ഡും ഡും ഡും

സൊറാബ്​ദ്ദീനെ പാർത്തവർ
സൊറാബ്​ദ്ദീനെ ഓർത്തവർ
സൊറാബ്​ദ്ദീനെ കുളിപ്പിച്ചോർ
സൊറാബ്​ദ്ദീനെ അടക്കിയോർ
സൊറാബ്​ദ്ദീനെ എഴുതിയോർ
സൊറാബ്​ദ്ദീനെ വായിച്ചോർ
സൊറാബ്​ദ്ദീനെ ചോയിച്ചോർ
സൊറാബ്​ദ്ദീനെ മായിച്ചോർ
സൊറാബ്​ദ്ദീനുള്ളവർ
സൊറാബ്​ദ്ദീനില്ലാത്തോർ
സൊറാബ്​ദ്ദീനായവർ
സൊറാബ്​ദ്ദീനല്ലാത്തോർ
എല്ലാരും എല്ലാരും എല്ലാരും ഡും
ഡും ഡും ഡും ഡും
ഡും ഡും ഡും

സൊറാബ്​ദ്ദീനെ കൊന്നതാര്?

ഡും ...


Comments