രാത്രിയുടെ ഇരുട്ടിലേക്ക്
ഒരുപറ്റം നക്ഷത്രങ്ങളെ
അവർ അന്നൊരിക്കൽ
കെട്ടഴിച്ചു വിട്ടു.
രാപ്പാടികളുടെയും
ചീവീടുകളുടെയും
ചൂളംവിളികളിലെ
ആരോഹണാവരോഹണത്തിൽ
വട്ടംചുറ്റിയ അവരുടെ
കണ്ണുകൾ
അകലേക്ക് പായുന്ന
ഒരു വാൽനക്ഷത്രത്തെ
പിൻതുടരുന്ന പോലെ
എനിക്ക് തോന്നിപ്പോയി.
ഓരോ യാമങ്ങളും
കടും കറുപ്പിനാൽ
കുതിർന്നു തീരുമ്പോൾ
അവരുടെ വരികളിൽ നിന്നും
ഒരു കറുത്ത വിഷാദം
തണുത്ത ഭൂമിയിലേക്ക്
ഒരു കൊള്ളിമീൻ പോലെ
അടർന്നുവീണു.
ആ കറുത്ത രാത്രിയുടെ
ഇടവേളകളിലൊന്നിലപ്പോൾ
ഒരു പൂർണ്ണചന്ദ്രന്റെ
നിഴലുപോലെ
നിലാവ് നനഞ്ഞ മണ്ണിലേക്ക്
ഒരു സൂക്ഷ്മബിന്ദുവായി
അവരുടെ ഓർമ്മകൾ
ഒരു മിന്നാമിനുങ്ങിന്റെ
പ്രകാശം കുടഞ്ഞിട്ടു.
ഞാനപ്പോൾ
ഒരു നേർത്ത ഉറക്കത്തിലേക്ക്
കാൽവഴുതി വീണുപോയിരുന്നു.
