സൂരജ് കല്ലേരി

ഫ്രെയിം

നിറയെ ചെടികളുള്ള ബാൽക്കണിയിലിരുന്ന്
ഗാഢമായി ചുംബിക്കുന്ന
വൃദ്ധ ദമ്പതികൾ.
അവരെ പകർത്തുന്ന സുഹൃത്ത്.
ഞാനിന്നലെ അവനോടാ
ഫോട്ടോഗ്രാഫിനായി
കൈനീട്ടുമ്പോൾ
അവനങ്ങനെയൊരു നിമിഷം
ഓർമ്മയില്ലെന്ന് തന്നെ പറഞ്ഞുകളഞ്ഞു.
എന്റെ റൂം മേറ്റ്‌സ് ആ ബാൽക്കണിയിൽ
ഇതേവരെ ചെടികളെ കണ്ടിട്ടില്ല പോലും.
തൊട്ടടുത്ത മുറിയിലെ
ആന്റി പറയുന്നത്
ആ ഇളം നീല ബിൽഡിംഗിന്
ബാൽക്കണിയേ ഇല്ലെന്നാണ്.
വൈകുന്നേരം
സൂര്യാസ്തമയത്തിനിടക്ക്
ഞങ്ങളുടെ ചുംമ്പനത്തിന്റെ
ഇടയ്‌ക്കെപ്പോഴോ
അവൾ ആ തെരുവിൽ
അങ്ങനെയൊരു കെട്ടിടം
കണ്ടിട്ടേയില്ലെന്ന് പറഞ്ഞു.
പക്ഷേ ഇന്നലെ കണ്ടത് പോലെ
ആ ഫ്രെയിം ഇപ്പോഴുമെനിക്കോർമ്മയുണ്ട്.

ഇത്രയും കാലം ഈ മുറിയിൽ
ഞാൻ
ജീവിച്ചിരിപ്പുണ്ടായിരുന്നോയെന്ന്
ആരോടാണിനിയൊന്ന് ചോദിക്കുക.

മുറിയിലൊറ്റയ്ക്ക്

എന്റെ മുൻപിലൊരു
ജനാലയുണ്ട്.
കൂട് പോലെ വളച്ചുകെട്ടിയ കമ്പിയിൽ
മഴപെയ്തു തോർന്ന പാടുകൾ.
പുറത്തെ വാഹനയിരമ്പങ്ങളിലൂടൊരു
നുള്ള് സങ്കടം ജനലിലൂടെന്നെ
തൊടുന്നു.

അല്പം മുൻപ് പ്രിയപ്പെട്ടൊരാൾ
ഇവിടെ നിന്നിറങ്ങിപ്പോയതിന്റേതാണ്..
അവളുടെ പാട്ട്
മുറിയിൽ നിറഞ്ഞതിന്റെ
മണം ബാക്കിയാവുന്നു.

മുൻപിലെ റോഡിലൂടവൾ
നടന്നു പോകുന്നതിന്റെ
നിഴൽ
നേരത്തെ
മുറിച്ചു വച്ച ബ്രെഡിന്റെ
രൂപമെന്ന് തന്നെ തോന്നി.
മഞ്ഞ നിറമുള്ള കെട്ടിടത്തിന്റെ
ഒരു കോണിലേക്ക് മറയും
വരെ ഞാൻ നോക്കി നിന്നു ▮


സൂരജ് കല്ലേരി

കവി, കൊച്ചി ശാസ്​ത്ര ​സാങ്കേതിക സർവകലാശാലയിൽ എം.ടെക്​ വിദ്യാർഥി.

Comments