സ്വപ്നമത്സ്യം

നിക്ക് നീന്താനറിയില്ല,
സ്വപ്നത്തില്‍ വന്ന മത്സ്യം
എന്നോട് പറഞ്ഞു.

ഞങ്ങള്‍ കടലാഴങ്ങളിലായിരുന്നു.
ആകാശം പോലെ ജലം
ഞങ്ങളെ പൊതിഞ്ഞിരുന്നു.
ദിക്കറിയാതെ ഞങ്ങള്‍
തുഴയുകയായിരുന്നു.

ഇടയ്ക്ക് ഞങ്ങള്‍
ജലോപരിതലത്തിലെത്തി
കുമിളകളുയര്‍ത്തി
ആഴത്തിലേക്കു തന്നെ
തുഴഞ്ഞു പോയി.

ഞാന്‍ കൈകാലുകളും
മത്സ്യമതിന്റെ വാലും ചിറകുകളും
തുഴയാക്കി.

എങ്ങോട്ടേക്കാണ് തുഴയുന്നതെന്നും
എങ്ങനെ ഞങ്ങളീ കടലിലെത്തിപ്പെട്ടുവെന്നും
ആരും പറഞ്ഞു തന്നില്ല.
സ്വപ്നവും.

തുഴഞ്ഞു തുഴഞ്ഞ്
ഞങ്ങള്‍ കരയിലെത്തിപ്പെട്ടു.
ഞാന്‍ ദീര്‍ഘമായി ശ്വസിച്ചു.
മത്സ്യവും ശ്വസിക്കുകയാണെന്ന്
അതിന്റെ ചെകിളയിളക്കത്തില്‍
എനിക്കു മനസ്സിലായി.

എന്നാലതിനു ജീവന്‍
നഷ്ടപ്പെടുകയായിരുന്നു.

ഞാനാ മത്സ്യത്തെയെടുത്ത്
സ്വപ്നജലത്തിലേക്ക്
വലിച്ചെറിഞ്ഞു.
അത് ജലോപരിതലത്തില്‍
വശം ചെരിഞ്ഞ് പൊങ്ങിക്കിടന്നു.
നീന്തിപ്പോ, നീന്തിപ്പോയെന്നു ഞാന്‍
ഉറക്കെയുറക്കെ അലറി.

എനിക്ക് നീന്താനറിയില്ലയെന്ന്
മത്സ്യം സ്വപ്നത്തില്‍
എന്നോട് പറഞ്ഞുകൊണ്ടിരുന്നു.

സ്വപ്നവും മത്സ്യവും
എന്നെ വിട്ടുപോയി.
അടുത്തു കിടന്നു വെപ്രാളത്തോടെ
എന്നെയുണര്‍ത്തുന്ന ഭാര്യ ചോദിച്ചു:
എവിടേക്കാണ് ഞാന്‍
നീന്തിപ്പോകേണ്ടത്?
എന്നെ മടുത്തോ?

അതൊരു സ്വപ്നമായിരുന്നുവെന്ന്
ഞാനവളോട് പറഞ്ഞു.
എനിക്കതിന് നീന്താനറിയില്ലല്ലോയെന്ന്
അവള്‍ കണ്ണീരോടെ വിതുമ്മി.

രാവൊരു കടലാണെന്ന്
ചുറ്റും നിറഞ്ഞ ഇരുട്ടെന്നെ
ബോധ്യപ്പെടുത്തി.

എന്റെ വശം ചെരിഞ്ഞു കിടക്കുന്ന അവള്‍
സ്വപ്നമുപേക്ഷിച്ച ചത്ത മത്സ്യമോ,യെന്ന്
എനിക്ക് കവിതയൂറി.

അവളേയും മത്സ്യത്തേയുമുപേക്ഷിച്ച്
ഇരുള്‍ക്കടലിലേക്ക്
ഞാനുമാണ്ടു പോയി.


രാജൻ സി.എച്ച്.

കവി. വിപരീതം, മറന്നുവെച്ചവ, പാഴ്​നിഴൽക്കൂത്ത്​, സമവാക്യം, അവൾ ഇവൾ മറ്റവൾ, ഒറ്റച്ചിലപ്പ്​ (കവിതാ സമാഹാരങ്ങൾ), കള്ളനമ്മാവൻ (കുട്ടികൾക്കുള്ള കവിത സമാഹാരം) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments